പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ജനുവരി 28 | വെള്ളി | 1197 | മകരം 14 | അനിഴം, തൃക്കേട്ട
കെ റെയിലിന് 33,700 കോടി രൂപയുടെ വായ്പ മതിയാകുമെന്നും പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍. ദിവസേന ലക്ഷം യാത്രക്കാര്‍ ഉണ്ടാകുമെന്നാണു ഡിഎംആര്‍സിയുടെ പഠന റിപ്പോര്‍ട്ട്. എന്നാല്‍ 79,000 പേരെ മാത്രമേ പ്രൊജ്ക്ടില്‍ രേഖപ്പെടുത്തുന്നൂള്ളൂ. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍നിന്ന് 18,992 കോടി രൂപയും എഡിബിയില്‍നിന്ന് 7,533 കോടി രൂപയും അടക്കം 33,700 കോടി രൂപയാണു വായ്പയെടുക്കുക. റെയില്‍വേ പദ്ധതി അംഗീകരിച്ചാല്‍ മാത്രമേ അന്തിമാനുമതി ലഭിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യം. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടികളുമായി ചേര്‍ന്ന് മണിപ്പൂരില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുമ്പോാഴാണ് മണിപ്പൂരില്‍ സഖ്യം പ്രഖ്യാപിച്ചത്.
ആലുവായില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതുമൂലം തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഉച്ചയ്ക്കു പുനസ്ഥാപിച്ചു. തിരുവനന്തപുരം ഡിവിഷനിലെ 11 ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ - തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം - കണ്ണൂര്‍, കോട്ടയം - നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍ - കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍ - നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷ്യല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.
സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനാണ് ലോകായുക്ത ഓര്‍ഡിനന്‍സെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത്. ലോകായുക്തയുടെ ശുപാര്‍ശ തള്ളാനുള്ള അധികാരം ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍ അതു തടയുന്ന ലോകായുക്തയിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിനു വാതില്‍ തുറന്നുകൊടുക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ എന്തുകൊണ്ടാണ് ലോകായുക്ത ഓര്‍ഡിനന്‍സാക്കാന്‍ ധൃതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും പറഞ്ഞു.
ലോകായുക്ത വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മറുപടി കൊടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫെബ്രുവരി നാലിന് മുഖ്യമന്ത്രിയുടെ കേസ് ലോകായുക്തയില്‍ വരുന്നതിനാലാണ് തിടുക്കത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വെളളിമാടുകുന്ന് ബാലികാ മന്ദിരത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ആറുപേരേയും കണ്ടെത്തി. നാലുപേരെ ഇന്നുച്ചയോടെ മലപ്പുറം എടക്കരയില്‍നിന്നാണ് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തിയ കുട്ടികള്‍ തുടര്‍ന്ന് ബസില്‍ എടക്കരയില്‍ എത്തുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളെ ഇന്നലെയും ഇന്നു രാവിലെയുമായി കണ്ടെത്തിയിരുന്നു. ഒരാളെ മടിവാളയിലെ ഹോട്ടലില്‍ നിന്നും മറ്റൊരാളെ മണ്ഡ്യയില്‍ നിന്നുമാണ് കണ്ടെത്തിയത്.
ബാലികാ മന്ദിരത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പിടിയിലായ യുവാക്കള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ്. ഇവര്‍ക്കു പണം അടക്കം ബാഹ്യസഹായം ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ഫോണ്‍ കൈമാറണമെന്ന് ഹൈക്കോടതി. ഗൂഡാലോചന നടന്നെന്നു പറയുന്ന കാലത്തെ ഫോണല്ല ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും മുന്‍ഭാര്യ മഞ്ജുവാര്യരുമായുള്ള സംഭാഷണങ്ങളും ബാങ്കിടപാടുകളും അടങ്ങിയ ഫോണാണു കൈമാറാതിരുന്നത്. ഫോണ്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം വീണ്ടെടുക്കാനാണ്. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉപഹര്‍ജി നല്‍കി. ദിലീപ് അടക്കമുള്ള പ്രതികളെ മൂന്നു ദിവസം ചോദ്യം ചെയ്തും മറ്റും ശേഖരിച്ച തെളിവുകളുടെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. പ്രതികള്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും തെളിവു നശിപ്പിക്കുമെന്നുമാണ് ഇന്നു നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ പഴയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അഗളിയിലെ മധുവിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണെന്ന് സതീശന്‍ പറഞ്ഞു.
പതിന്നാലു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ഫ്ളവര്‍മില്‍ ആരംഭിക്കാനുള്ള അനുമതികള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി വലഞ്ഞ മിനി മരിയ ജോസിക്ക് ഒടുവില്‍ കൊച്ചി കോര്‍പറേഷന്‍ ലൈന്‍സന്‍സ് നല്‍കി. ലൈസന്‍സിന് ഉദ്യോഗസ്ഥര്‍ 25000 രൂപ കൈക്കൂലി ചോദിച്ചെന്നു ഫേസ്ബുക്കില്‍ കുറിച്ചതുകണ്ട് വ്യവസായ മന്ത്രി പി രാജീവ് ഇടപെട്ടാണ് ലൈസന്‍സ് നല്‍കിയത്.
കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനും കൊണ്ടുവന്ന സംഭവത്തില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതിന് അനുമതി നല്‍കിയത്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിനു പിന്നാലെ ഇരുവരും വിദേശത്തേക്കു പോയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലും ഡോളര്‍ക്കടത്തു കേസിലും ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്കു പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്നാന്നു പ്രധാന ആരോപണം.
സിപിഎം ഭരിക്കുന്ന പാലക്കാട് മേലാര്‍കോട് പഞ്ചായത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട്. മരിച്ചവരുടെ പേരില്‍ പെന്‍ഷന്‍ വിതരണംചെയ്ത് ചിലര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
കളിത്തോക്ക് ഉപയോഗിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട നാലംഗസംഘം തൃശ്ശൂരില്‍ പിടിയിലായി. ഒരു ബാര്‍ ഹോട്ടലില്‍ ഈസ്റ്റ് പോലീസും ഷാഡോ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവര്‍ച്ച സംഘം അറസ്റ്റിലായത്. പൂമല സ്വദേശികളായ ജസ്റ്റിന്‍ ജോസ് (21), സനല്‍ (19), അത്താണി സുമോദ് (19), വടക്കാഞ്ചേരി ഷിബു (29) എന്നിവരെയാണ് പിടികൂടിയത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു.
എസ്.ഡി.പി.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നു പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ.അനസ് എന്ന ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ എസ്.ഡി.പിഐയ്ക്കു ചോര്‍ത്തിയതായി കണ്ടെത്തിയത്. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
നെടുമ്പാശേരി വിമാനത്താവളത്തില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. അബുദാബിയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയ്ക്കു കോവിഡ്. ഇതോടെ അവര്‍ നിരീക്ഷണത്തിലായി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ. സോമനാഥ് അന്തരിച്ചു. 58 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മലയാള മനോരമയില്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായിരുന്ന സോമനാഥ് മൂന്നു മാസം മുമ്പാണ് വിരമിച്ചത്.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫോക്കസ് ഏരിയ സംബന്ധിച്ച് ആശങ്കയുമായി രക്ഷിതാക്കള്‍. മുന്‍വര്‍ഷം 40 ശതമാനമായിരുന്ന ഫോക്കസ് ഏരിയ 60 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അധികമായി നല്‍കിയിരുന്ന 100 ശതമാനം ചോദ്യങ്ങള്‍ ഇക്കുറി 50 ശതമാനമായി ചുരുക്കി. ഫോക്കസ് ഏരിയയില്‍നിന്നുള്ള ചോദ്യങ്ങളെയും 50 ശതമാനം അധികം നല്‍കുന്ന ചോദ്യങ്ങളെയും രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. നോണ്‍ ഫോക്കസ് ഏരിയയില്‍നിന്നുള്ള ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കിയതിനാല്‍ 50 ശതമാനം അധികം നല്‍കുന്ന ചോദ്യങ്ങളുടെ പ്രയോജനം ലഭിക്കില്ലെന്നാണു രക്ഷിതാക്കളുടെ ആശങ്ക. ഒരോ മാര്‍ക്കുള്ള എട്ടു ചോദ്യങ്ങളില്‍ നാലെണ്ണം ഫോക്കസ് ഏരിയയില്‍നിന്നും നാലെണ്ണം നോണ്‍ ഫോക്കസ് ഏരിയയില്‍നിന്നും നിര്‍ബന്ധമായും എഴുതണം. നോണ്‍ ഫോക്കസ് ഏരിയയില്‍നിന്നുള്ള നാലു ചോദ്യങ്ങള്‍ക്കു ശരിയുത്തരം ഇല്ലെങ്കില്‍ നാലു മാര്‍ക്ക് നഷ്ടപ്പെടും. ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുമാത്രം പഠിച്ചാല്‍ 80 ല്‍ 56 മാര്‍ക്ക് മാത്രമേ ലഭിക്കൂവെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം ധനുവച്ചപുരത്ത് ഇന്ന് ഓര്‍മ ദിനം ആചരിക്കാനിരിക്കെ സിപിഎം നേതാവിന്റെ സ്മൃതി മണ്ഡപം തകര്‍ത്തു. മുന്‍ ഏരിയാ കമ്മിറ്റി അംഗവും കൊല്ലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എ നവകുമാരന്റെ സ്മൃതി മണ്ഡപമാണ് രാത്രി തകര്‍ത്തത്. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം സ്മൃതി മണ്ഡപം ആക്രമിച്ചിരുന്നു.
ഗോവ മാതൃകയില്‍ സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് നീക്കം. ജയിച്ചാല്‍ സ്ഥാനാര്‍ത്ഥികള്‍ കൂറുമാറുന്നതു തടയാനാണ് ഈ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലും കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷാ നടത്തിയ ചര്‍ച്ചയുടെ വീഡിയോ പുറത്ത്. ജാട്ട് വിഭാഗവും ബിജെപിയും മുഗളന്മാരെ ഒരുപോലെ നേരിട്ടെന്നാണ് അമിത് ഷാ വീഡിയോയില്‍ പറയുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളുമായി അമിത്ഷാ ഡല്‍ഹിയിലെ ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വസതിയില്‍ ബുധനാഴ്ചയാണു കൂടിക്കാഴ്ച നടത്തിയത്.
യുപിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പ്രമുഖ നേതാവ് രാജ് ബബ്ബാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഇക്കുറി പാര്‍ട്ടി പ്രഖ്യാപിച്ച താരപ്രചാരകരില്‍ ഒരാളുമാണ് രാജ് ബബ്ബാര്‍. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി രാജ് ബബ്ബാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം എസ്പിയില്‍ ചേരുന്നമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയില്‍ ഈയിടെ കണ്ടെത്തിയ പുതിയയിനം കോവിഡ് വൈറസ് 'നിയോകോവ്' അതിമാരകവും അപകടകാരിയുമാണെന്ന് ചൈനയിലെ വുഹാനിലുള്ള ഗവേഷകര്‍. പുതിയയിനം വൈറസ് പടര്‍ന്നുപിടിച്ചാല്‍ പതിനായിരങ്ങള്‍ മരിക്കുമെന്നും മുന്നറിയിപ്പ്.
മധ്യഅമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് സിയോമാര കാസ്ട്രോ സത്യപ്രതിജ്ഞ ചെയ്തു. 'തകര്‍ന്ന' രാജ്യത്തിന്റെ നേതൃത്വം താന്‍ ഏറ്റെടുക്കുകയാണെന്നും സാമൂഹിക നീതിയും സുതാര്യതയും പിന്തുടരുമെന്നും അവര്‍ പറഞ്ഞു.
സിറിയയിലെ ഹസ്സാകെയിലെ ഘ്വയ്‌റാന്‍ ജയില്‍ കീഴടക്കിയ ഐഎസ്ഐഎസ് തീവ്രവാദികളെ വകവരുത്തി കുര്‍ദിഷ് സൈന്യം ജയില്‍ തിരിച്ചു പിടിച്ചു. പോരാട്ടത്തില്‍ 180 പേര്‍ കൊല്ലപ്പെട്ടു. 100 പേരടങ്ങുന്ന ഐഎസ്ഐഎസ് തീവ്രവാദികള്‍ കഴിഞ്ഞയാഴ്ചയാണ് ജയില്‍ അക്രമിച്ച് പിടിച്ചടക്കിയത്. ജയിലിലുള്ള നാലായിരത്തോളം ഐഎസ് തീവ്രവാദികളെ മോചിപ്പിക്കാനായിരുന്നു പരിപാടി. അക്രമണത്തിനിടെ ഹസ്സാകെയില്‍നിന്ന് 45,000 സാധാരണക്കാര്‍ പലായനം ചെയ്തു.
സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍. പുരുഷ വിഭാഗം സെമി ഫൈനലില്‍ നദാല്‍ ഇറ്റലിയുടെ മാത്തിയോ ബെറെട്ടിനിയെയാണ് കീഴടക്കിയത്.
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 16 കളിയില്‍ 36 പോയിന്റുമായി ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 24 പോയിന്റുള്ള ഇക്വഡോര്‍ മൂന്നാം സ്ഥാനത്താണ്. ലാറ്റിനമേരിക്കന്‍ മേഖലയിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചിലെയെ തോല്‍പിച്ചു. ലിയോണല്‍ മെസിക്ക് പകരം ടീമിനെ നയിക്കുന്ന ഏഞ്ചല്‍ ഡി മരിയയും ലൗറ്ററോ മാര്‍ട്ടനസുമാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. 14 കളിയില്‍ 32 പോയിന്റുമായി അര്‍ജന്റീന മേഖലയില്‍ രണ്ടാം സ്ഥാനത്താണ്.
നടപ്പുവര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍പാദത്തില്‍ കനറാ ബാങ്ക് 115.8 ശതമാനം വളര്‍ച്ചയോടെ 1,502 കോടി രൂപ ലാഭം നേടി. കഴിഞ്ഞവര്‍ഷം ഇതേപാദലാഭം 696 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 8.06 ശതമാനം ഉയര്‍ന്ന് 17.70 ലക്ഷം കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി സെപ്തംബര്‍പാദത്തിലെ 8.42 ശതമാനത്തില്‍ നിന്ന് 7.8 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.21 ശതമാനത്തില്‍ നിന്ന് 2.86 ശതമാനത്തിലേക്കും കുറഞ്ഞു.
തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനക്ക് പിന്നാലെ ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 75 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസം മുന്‍പ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്ന് ഒരു പവന്‍ വില 280 രൂപ കുറഞ്ഞു. 36120 രൂപയാണ് ഒരു പവന്റെ വില.
പ്രഭാസ് നായകനാകുന്ന ചിത്രമാണ് 'സലാര്‍'. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് നീലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'സലാര്‍' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്ന ശ്രുതി ഹാസന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ്.'സലാര്‍' എന്ന ചിത്രത്തിലെ ശ്രുതി ഹാസന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് പ്രഭാസ്. 'ആദ്യ' എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നതായും പ്രഭാസ് എഴുതിയിരിക്കുന്നു. 'കെജിഎഫ്' സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് പ്രശാന്ത് നീല്‍.
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'പട'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്ക് എത്തും. ഇ 4 എന്റര്‍ടെയ്ന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രമെന്നാണ് സൂചന.
ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണ്‍ അതിന്റെ 2022 ലൈനപ്പിനായി ഒരു ട്രൈക്ക് ഉള്‍പ്പെടെ എട്ട് പുതിയ മോഡലുകള്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം മില്‍വാക്കി എട്ട് 117 എഞ്ചിനാണ്. 1,920 സിസി ഡിസ്‌പ്ലേസ്‌മെന്റും 170 എന്‍എം പീക്ക് ടോര്‍ക്കും ഇവ സൃഷ്ടിക്കും. ലോ റൈഡര്‍ എസ്, ലോ റൈഡര്‍ എസ്ടി, സ്ട്രീറ്റ് ഗ്ലൈഡ് എസ്ടി, റോഡ് ഗ്ലൈഡ് എസ്ടി, സിവിഒ സ്ട്രീറ്റ് ഗ്ലൈഡ്, സിവിഒ റോഡ് ഗ്ലൈഡ്, സിവിഒ റോഡ് ഗ്ലൈഡ് ലിമിറ്റഡ്, സിവിഒ ട്രൈ ഗ്ലൈഡ് എന്നിവയാണ് പുതിയ മോഡലുകള്‍.
കൊളസ്‌ട്രോള്‍ അധികരിക്കുന്നത് നമുക്കറിയാം, ഹൃദയത്തെ വരെ പ്രശ്‌നത്തിലാക്കിയേക്കാവുന്ന അത്രയും ഗുരുതരമായ സാഹചര്യമാണ്. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ ഉണ്ടെന്ന് മനസിലാക്കിയാല്‍ വൈകാതെ ഡയറ്റില്‍ കാര്യമായ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്താനാകും. ധാരാളം ആരോഗ്യഗുണങ്ങളുള്ള നെല്ലിക്കയാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. വൈറ്റമിന്‍-സി, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാലെല്ലാം മ്പന്നമാണ് നെല്ലിക്ക. ഇന്ത്യന്‍ ജേണല്‍ ഓഫ് ഫാര്‍മക്കോളജി എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്. പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുള്ളൊരു പാനയമാണ് ഗ്രീന്‍ ടീ. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ കാര്യമായി ആശ്രയിക്കുന്നൊരു പാനീയം കൂടിയാണ് ഗ്രീന്‍ ടീ. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്ന ഘടകം ശരീരത്തിലടിഞ്ഞിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുമത്രേ. ചീരയും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഇത് നിയന്ത്രിക്കുന്നതിനായി പതാവിയ കഴിക്കാവുന്ന ഭക്ഷണമാണ്. ചീരയിലടങ്ങിയിരിക്കുന്ന 'കരോട്ടിനോയിഡ്‌സ്' എന്ന ഘടകങ്ങളാണത്രേ ഇതിന് സഹായകമാകുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം വാള്‍നട്ട്‌സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുമെല്ലാം ഒരുപോലെ സഹായകമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 75.04, പൗണ്ട് - 100.49, യൂറോ - 83.57, സ്വിസ് ഫ്രാങ്ക് - 80.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 52.71, ബഹറിന്‍ ദിനാര്‍ - 199.08, കുവൈത്ത് ദിനാര്‍ -247.66, ഒമാനി റിയാല്‍ - 194.91, സൗദി റിയാല്‍ - 20.01, യു.എ.ഇ ദിര്‍ഹം - 20.43, ഖത്തര്‍ റിയാല്‍ - 20.61, കനേഡിയന്‍ ഡോളര്‍ - 58.90.

