അനുസരണക്കേട് കാണിച്ചതിന് അഞ്ചര വയസുകാരന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്.
അയൽപക്കത്തുള്ള വീടുകളിൽ പോയി മറ്റുകുട്ടികളോട് കുസൃതി കാണിക്കുകയും പറയുന്നത് അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നതിൽ ഉണ്ടായ ദേഷ്യം മൂലമാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചതെന്ന് അമ്മ ഭുവന പറയുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ശാന്തന്‍പാറ പേത്തൊട്ടിയിലാണ് താമസിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകള്‍ കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻതന്നെ പോലീസ് എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അമ്മക്കെതിരെ കേസ് എടുക്കുകയും ചെയ്തു. തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസം മുൻപാണ് കുട്ടിക്ക് പൊള്ളലേറ്റതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.