ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ പോസ്റ്റുമോര്‍ട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനല്‍കി. മെഡിക്കൽ കോളജിൽ നിന്നും പൊതുദര്‍ശനത്തിനായി മൃതദേഹം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിച്ചു. തുടർന്ന് ധീരജ് പഠിച്ച ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കലാലയ മുറ്റത് എത്തിച്ചു. സംസ്കാരംഇന്ന് നടത്തേണ്ടതിനാലും വളരെ വേഗത്തിൽ കണ്ണൂരിൽ എത്താൻ ഉള്ളതിനാലും ആംബുലൻസിൽ നിന്ന് പുറത്തിറക്കിയുള്ള പൊതുദർശനം നടത്തില്ല എന്ന് അറിയിച്ചിരുന്നു.എന്നാൽ സഹപാഠികളുടെ ആവശ്യപ്രകാരം മൃതദേഹം ആംബുലൻസിൽ നിന്നും പുറത്തിറക്കി. വളരെ വൈകാരികമായാണ് സഹപാഠികൾ ധീരജിനെ യാത്രയാക്കിയത്. കലാലയമുറ്റത്തെ പൊതുദര്ശനത്തിന് ശേഷം മൃതദേഹം വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേ പാൽക്കുളങ്ങരയിലെ വീട്ടിലേക്ക് പുറപ്പെട്ടു. ഇടുക്കിയിൽ നിന്ന് തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലുടെ കടന്നാണ് വിലാപയാത്ര വീട്ടിലെത്തുക. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
രക്‌തപതാകയും നക്ഷത്രാങ്കിത ശുഭ്രപതാകയും പുതപ്പിച്ച മൃതദേഹത്തിൽ ആയിരങ്ങൾ ചുവന്ന പൂക്കളർപ്പിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു.സിപിഐ എം നേതാക്കളായ എം എം മണി, കെ ജെ തോമസ്, കെ കെ ജയചന്ദ്രൻ, സി വി വർഗീസ് എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, മന്ത്രി റോഷി അഗസ്‌റ്റിൻ തുടങ്ങിവർ ചേർന്ന് രക്‌തപതാക പുതപ്പിച്ചു .
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്താണ് ആദ്യം സംസ്കാരം തീരുമാനിച്ചിരുന്നതെങ്കിലും രാത്രിയോടെ വട്ടപ്പാറയിൽ പൊതു ശ്മശാനത്തിൽ ആയിരിക്കും സംസ്കാരം നടക്കുക.