HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്നത്തെ(17 മാർച്ച് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 17 | വ്യാഴം | 1197 |  മീനം 3 |  പൂരം

 വന്‍ വിലക്കയറ്റം. അരി, പലവ്യഞ്ജനങ്ങള്‍, ഇറച്ചിക്കോഴി തുടങ്ങിയ ഇനങ്ങള്‍ക്കാണു ഭീമമായ വിലവര്‍ധന.  മട്ട അരിക്ക് മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് കൂടിയത്. മൊത്തവ്യാപാര വില 48 രൂപയാണ്. ചില്ലറ വില 50 രൂപവരെയാണ്. ജയ അരിക്ക് ദിവസങ്ങളുടെ ഇടവേളയില്‍ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ കൂടി. 38 രൂപയാണ് മൊത്തവില. 43 രൂപയാണു ചില്ലറ വില്‍പനവില. ഒരാഴ്ച കൊണ്ട് പാമോലിന് 30 രൂപ കൂടി 160 രൂപയായി. ഇറച്ചിക്കോഴി വില 165 രൂപയായി.

റഷ്യന്‍ സേന യുക്രെയിനിലെ മരിയുപോള്‍ ആശുപത്രിയിലെ രോഗികളും ഡോക്ടര്‍മാരും അടക്കം അഞ്ഞൂറോളം പേരെ ബന്ദികളാക്കിയെന്ന് യുക്രെയിന്‍. പ്രദേശത്തെ ജനങ്ങളെ റഷ്യന്‍ സേന തോക്കിന്‍ മുനയില്‍ നിര്‍ത്തി ആശുപത്രിയിലേക്കു മാറ്റിയാണ് ഇത്രയും പേരെ ബന്ദികളാക്കിയതെന്ന് യുക്രെയിന്‍ ആരോപിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ബിജെപിയെ നേരിടാന്‍ സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസിലെ വിമതരുടെ കൂട്ടായ്മയായ ജി-23. കൂട്ടായ നേതൃത്വവും കൂട്ടായ തീരുമാനവും വേണം. ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 18 നേതാക്കളാണ് പങ്കെടുത്തത്. കപില്‍ സിബല്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ, ഭൂപീന്ദ്ര ഹൂഡ, രാജ് ബബ്ബര്‍ എന്നിവരും കേരളത്തില്‍നിന്നുള്ള ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഗുലാം നബി ആസാദ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം ലോ കോളജില്‍ വനിത ഉള്‍പ്പെടെ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍  ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രകടനം നടത്തും. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ സഫ്‌ന യാക്കൂബിനെ വളഞ്ഞിട്ട്  മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കേരളാ പൊലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. ഐജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്പെക്ടര്‍മാര്‍, 29 എസ്ഐമാര്‍ തുടങ്ങിയവരടങ്ങുന്നതാകും ഈ വിഭാഗം. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍,  വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഈ വിഭാഗമാണ് അന്വേഷിക്കുക.

കേരളത്തില്‍ കോണ്‍ഗ്രസിനു ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിനായി പിടിവലി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരാണ് ഹൈക്കമാന്‍ഡ് കെപിസിസിയോടു നിര്‍ദ്ദേശിച്ചത്. എം. ലിജുവിനെ പരിഗണിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. തൃശൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ കൃഷ്ണന്‍ എന്ന 57 കാരന്‍  ബിസിനസുകാരന്‍ കൂടിയാണ്.

കെഎസ് ആര്‍ടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികള്‍ വില കൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. നേരത്തേ ഐ ഒ സി ലിറ്ററിന് ഏഴു രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനാണ് കോടതി ഉത്തരവ്. വിലവര്‍ധനക്കെതിരെ ഇന്നു ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍. ഭൂഗര്‍ഭ ടണലുകള്‍ അടക്കം ആവശ്യമുള്ള പദ്ധതി പരിസ്ഥിതിക്ക് ആഘാതമാകുമെന്നാണു പ്രാഥമിക വിലയിരുത്തലെന്നും സൂക്ഷമ പരിശോധനയക്കു ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി അറിയിച്ചു.

അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയ്ക്കും മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബീര്‍ സിംഗ് പനേസറിനും എതിരേ സിബിഐ കുറ്റപത്രം. വിവിഐപി ഹെലികോപ്റ്റര്‍ വാങ്ങിയതിലെ 3,200 കോടി രൂപയുടെ അഴിമതിക്കേസിലാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

സര്‍വകലാശാലകളിലെ പെന്‍ഷന്‍ നിലവിലുള്ള രീതിയില്‍ തുടരുമെന്നും പെന്‍ഷന്‍ ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷണര്‍മാരുടെയും സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.  ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വിവാദങ്ങള്‍ക്കിടെ കേരളാ സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്തികയില്‍നിന്നു ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ മോഹന്റെ ഭാര്യ പൂര്‍ണിമ രാജിവച്ചത്. മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്തികയില്‍ 'സംസ്‌കൃതം' അദ്ധ്യാപികയായ പൂര്‍ണിമയെ നിയമിച്ചത് ശരിയല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും  സര്‍വകലാശാലകളെ തകര്‍ക്കുകയാണ്. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതിനെ അപലപിച്ച് രാഹുല്‍ ഗാന്ധി. കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് രാഹുലിന്റെ എഫ്ബി പോസ്റ്റ്.

എസ്എഫ്ഐയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍. വിദ്യാര്‍ത്ഥികളെ നിരന്തരം മര്‍ദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങള്‍ പോലും  നിഷേധിക്കുകയും ചെയ്യുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും ഹൈബി കുറ്റപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എസ്എഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്യുവും യൂത്ത്കോണ്‍ഗ്രസും നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡുകള്‍ തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ച്ചയായുള്ള ദയനീയ തെരഞ്ഞെടുപ്പു പരാജയങ്ങളെ മറയ്ക്കാന്‍ കെഎസ്യു ക്യാമ്പസുകളില്‍ നടത്തുന്ന പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ. യൂണിയന്‍ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്പസില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് എസ്എഫ്ഐയുടെ വാദം.

തിരുവനന്തപുരം കിഴക്കേകോട്ടയില്‍  ഓട്ടോ ഡ്രൈവറെ ഫോര്‍ട്ട് പൊലീസ് ആളുമാറി പിടികൂടി മര്‍ദിച്ചു.  മണക്കാട് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന അമ്പലത്തറ സ്വദേശി ആര്‍ കുമാറിനെയാണ് പൊലീസ് തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ കുമാറിന് നട്ടെല്ലിനു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹന അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ലാല്‍മോഹന്റെ മൃതദേഹത്തിനു പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ബന്ധുക്കള്‍ക്കു സംഭവിച്ച പിഴവാണെന്ന് പൊലീസ് പറഞ്ഞു.

വേനല്‍ മഴ വരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും  സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും വന്നിട്ടുണ്ട്.

ചേര്‍ത്തല തിരുനല്ലൂരില്‍ ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈന്‍ പൊട്ടിവീണു. സമീപത്തെ വീട്ടിലേക്കുള്ള ഇലക്ട്രിക്ക് ലൈനിലക്കാണ് 110 കെവി ലൈന്‍ വീണത്. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിരുനല്ലൂര്‍ പോസ്റ്റോഫീസ് ജംഗ്ഷന് പടിഞ്ഞാറുവശം ചുഴികാട്ട് ഷാജിയുടെ വീടിന് തെക്കുവശത്തെ ടവറില്‍ നിന്നാണ് രാത്രി ഒരു ലൈന്‍ നിലത്തേക്ക് പതിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ മറ്റൊരു കോടതിയിലേക്കു മാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി. ദീപുവിന്റെ അച്ഛന്‍ കുഞ്ചരൂ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാല്‍ കേസില്‍ നീതി കിട്ടില്ലെന്ന് ആരോപിച്ചായിരുന്നു കോടതിമാറ്റ ഹര്‍ജി.

കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. കെ ഹാരിസിനെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്തു. അധ്യാപകനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ ലൈംഗിക ചൂഷണ പരാതിയിലാണ് നടപടി. കഴിഞ്ഞ ജൂലൈയിലാണ് ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ത്ഥി രംഗത്തെത്തിയത്.

തിരൂരില്‍ കെ റെയിലിനു കല്ലിടാനെത്തിയ പൊലീസ് നഗരസഭാ ചെയര്‍പേഴ്സണ്‍ അടക്കമുള്ള നാട്ടുകാരെ മര്‍ദ്ദിച്ചു. പുരുഷ പൊലീസുകാര്‍ തന്നെ വലിച്ചിഴച്ചു കൊണ്ടുപോയെന്നു ചെയര്‍പേഴ്സണ്‍ നസീമ പറഞ്ഞു. നസീമയുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്.

തെറ്റുകള്‍ തിരുത്തിയും ചട്ടപ്രകാരമുള്ള ഫീസ് അടച്ചും പരാതി നല്‍കണമെന്ന് അതിജീവിതയായ നടിക്കു ബാര്‍ കൗണ്‍സിലിന്റെ മറുപടി. ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയുടെ 30 പകര്‍പ്പുകള്‍ വേണം. 2500 രൂപ ഫീസടച്ചുവേണം പരാതി നല്‍കാന്‍, ബാര്‍ കൗണ്‍സില്‍ മറുപടി നല്‍കി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മുല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതര സുരക്ഷാവീഴ്ച. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം നാലുപേര്‍ അനധികൃതമായി ഡാമില്‍ എത്തി. ഇവരെ പരിശോധിക്കാതെ കേരള പൊലീസ് കടത്തിവിട്ടു. സംഭവം വിവാദമായപ്പോള്‍ നാലു പേര്‍ക്കെതിരെയും കേസെടുത്തു. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ ഡാമിലെത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര.

ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണമെന്ന് വിശ്വഹിന്ദു പരിഷത്. അല്ലാത്തപക്ഷം അതിനായുള്ള നിയമനടപടികള്‍ക്കും പ്രത്യക്ഷ സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

ഒന്നര മാസം തുടര്‍ച്ചയായി സിഐടിയു നടത്തിയ സമരംമൂലം കണ്ണൂര്‍ മാടായിയിലെ വ്യാപാര സ്ഥാപനം പൂട്ടി. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണു പൂട്ടിയത്.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിയ അന്തര്‍ ജില്ലാ വാഹന മോഷ്ടാവിനെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളിയില്‍ കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ജോയികുട്ടി മകന്‍ ലിജോ (22) യെയാണ് പിടികൂടിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തമിഴ്നാട്ടില്‍ വീണ്ടും പൊലീസിന്റെ എന്‍കൗണ്ടര്‍ കൊലപാതകം. തൂത്തുക്കുടി, പുതിയമ്പത്തൂര്‍ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മുരുകന്‍. മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.  മൂര്‍ച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചതിനാല്‍ വെടിവച്ചെന്നാണു പോലീസിന്റെ ന്യായീകരണം.

രണ്ടു ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് ആസാം പൊലീസ്. ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി  രാജേഷ് മുണ്ട (38) യാണു കൊല്ലപ്പെട്ടത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഉക്രൈന്‍ അധിനിവേശത്തിനു നേതൃത്വം നല്‍കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യുഎസ് സെനറ്റ് പാസാക്കി.

പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇംറാന്‍ ഖാന്‍ കടുത്ത പ്രതിസന്ധിയിലേക്ക്. ഈ മാസം അവസാനത്തോടെ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ഇമ്രാനെതിരേ ഭരണ മുന്നണിയിലെ ഘടകക്ഷികളും രംഗത്തെത്തി. സാമ്പത്തിക തകര്‍ച്ചയും ഭരണമുന്നണിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും പ്രതിപക്ഷ പ്രക്ഷോഭങ്ങളും ഇമ്രാന്‍ ഭരണത്തെ പ്രതിസന്ധിയിലാക്കി. ഭരണ മുന്നണിയിലെ മൂന്നു കക്ഷികളാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാര്‍ അണിയറയില്‍ ഒരുങ്ങുന്നതായി യുക്രൈന്‍ മാധ്യമങ്ങള്‍.  നാറ്റോ അംഗത്വത്തിനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറുകയും സൈന്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യണമെന്ന റഷ്യയുടെ വ്യവസ്ഥ പാലിക്കാമെന്ന നിലപാടിലേക്ക് യുക്രെയിന്‍ മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍  യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനക്കരാറിനായി ചര്‍ച്ചകള്‍ നടക്കുന്നതായാണ്  ഉക്രെനിയന്‍ മാധ്യമങ്ങളിലെ വാര്‍ത്ത.

യുക്രെയിനിലെ ചെര്‍ണീവില്‍ ഭക്ഷണം വാങ്ങാന്‍ വരിനിന്ന പത്തു പേരെ റഷ്യന്‍ സൈന്യം വെടിവച്ചു കൊന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലെ യുഎസ് എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഐഎസ്എല്‍ രണ്ടാംപാദ സെമിഫൈനലില്‍ എടികെ മോഹന്‍ ബഗാന് മുന്നില്‍ ഏകപക്ഷീയമായ ഒരുഗോളിന് മുട്ടുമടക്കിയെങ്കിലും ആദ്യപാദത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ മികവില്‍ ഹൈദരാബാദ് എഫ് സി ഫൈനലിലെത്തി. ആദ്യപാദത്തില്‍ നേടിയ 3-1 വിജയത്തിന്റെ  കരുത്തിലാണ് ഹൈദരാബാദിന്റെ ഫൈനല്‍ പ്രവേശം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്.

കേരളത്തില്‍ ഇന്നലെ 25,946 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 7,536 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,266 കോവിഡ് രോഗികള്‍. നിലവില്‍ 30,338 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനേഴ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ദക്ഷിണകൊറിയയില്‍ നാല് ലക്ഷത്തിലധികം പ്രതിദിന രോഗികള്‍. ആഗോളതലത്തില്‍ നിലവില്‍ 6.06 കോടി കോവിഡ് രോഗികളുണ്ട്.


 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA