പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ പിടി വിടാതെ ഗവര്‍ണര്‍. അഭിപ്രായം തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കത്തു നല്‍കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മറച്ചുവച്ചിരിക്കുകയാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ബജറ്റിലേക്കു പണം നല്‍കുന്നതായി പറയുന്ന കിഫ്ബി, കെഎസ്എസ്പിഎല്‍ എന്നീ സ്ഥാപനങ്ങള്‍ ബജറ്റിനു പുറത്തു കടമെടുക്കുന്നു. ഓഡിറ്റിംഗിനു വിധേയമാക്കാതെയാണ് ഈ നടപടി. വരവും ചെലവും തമ്മിലുള്ള അന്തരം ബജറ്റില്‍ പറയുന്നതിനേക്കാള്‍ വളരെ വലുതാണ്. വ്യക്തമായ കണക്കുകള്‍ ഹാജരാക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക വകുപ്പുകളിലേയും ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. കെപിസിസി നേതൃത്വം എഐസിസിക്കു നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍നിന്നാണ് ഹൈക്കമാന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എം. ലിജു, ജയ്സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. ലിജുവിനുവേണ്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. 1980 നുശേഷം ഇതാദ്യമായാണ് കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് ഒരു വനിതയെ രാജ്യസഭയിലേക്കു പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വന്തക്കാര്‍ക്കു നല്‍കിയെന്ന് ആരോപിച്ചു ലോകായുക്തയിലുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അന്തരിച്ച മുന്‍ എംഎല്‍എമാരായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും രാമചന്ദ്രന്‍നായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും നല്‍കിയിരുന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും നല്‍കി. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ഉത്തരവാദികളായ മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
നമ്പര്‍ 18 ഹോട്ടല്‍ ഉടമ ഉള്‍പ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായില്ല. ഇന്നലെ രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രണ്ടാംതവണ നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നു കാണിച്ച് അഞ്ജലി കത്തു നല്‍കി. അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു കോടതിയെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജ പറഞ്ഞു.
ടാറ്റൂ, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ ലൈംഗീകാതിക്രമ കേസുകള്‍ക്കു പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. കൊച്ചിയില്‍ നേരത്തെ പ്രതിദിനം രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോഴത് ആറു കേസുകള്‍ വരെ എത്തി. എപ്പോള്‍ സംഭവിച്ചതാണെങ്കിലും പരാതിയില്‍ നടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
വയനാട്ടിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരില്‍നിന്ന് കണ്ടെത്തിയ ഒന്‍പതു ലക്ഷം രൂപ കൈവശംവച്ച സംഭവത്തിലാണ് നടപടി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പിഎ പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എംകെ മന്‍സൂര്‍ അലി, എംസി സനൂപ് എന്നിവര്‍ക്കെതിരെയാണ് നടപടി.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് നടി ഭാവന പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേര് ഉണ്ടായിരുന്നില്ല. വിശിഷ്ടാതിഥികളെ വേദിയിലേക്കു ക്ഷണിക്കവേയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് ഭാവനയെ നിശാഗന്ധിയിലെ സദസ് വരവേറ്റത്. ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരി റിന്‍സിയെ കൊലപ്പെടുത്തിയ മുന്‍ ജീവനക്കാരന്‍ റിയാസിനെ അറസ്റ്റു ചെയ്യാനായില്ല. ശല്യം ചെയ്തിരുന്ന റിയാസിനെതിരേ റിന്‍സി പോലീസില്‍ പരാതിയിരുന്നു. പോലീസ് റിയാസിനെ വിളിപ്പിച്ചു താക്കീതു ചെയ്തിരുന്നു. റിന്‍സി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അര കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും റിയാസ് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടെത്തി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ് ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യ കേസില്‍ നേരിട്ടു ഹാജരാവണമെന്ന ഉത്തരവു പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് നടപടി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മഞ്ചേരിയില്‍ പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിച്ച് ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റും കൊണ്ടുപോയി മാനംഭംഗപ്പെടുത്തിയെന്നാണു കേസ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇടുക്കി സേനാപതിയില്‍ ജ്യേഷ്ഠനെ വെടിവച്ച് ഒളിവില്‍ പോയ അനുജനെ തൃശൂരില്‍ പോലീസ് പിടികൂടി. മാവറസിറ്റി കൂനംമാക്കല്‍ സാന്റോയാണ് പിടിയിലായത്. ജ്യേഷ്ഠന്‍ സിബിയെ കഴിഞ്ഞ ദിവസമാണ് സാന്റോ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്.
ലോ കോളേജ് സംഘര്‍ഷത്തില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയമാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സച്ചിന്‍ദേവ്. അതില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടി എടുക്കും. തെറ്റായ പ്രചാരണമാണ് എസ്എഫ്ഐക്ക് എതിരെ നടക്കുന്നതെന്നും കെഎസ്യു ബോധപൂര്‍വ്വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും സച്ചിന്‍ ദേവ് പറഞ്ഞു.
കൊല്ലം - കായംകുളം സെക്ഷനില്‍ സിഗ്‌നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഇന്നും മാര്‍ച്ച് 26 നും ട്രെയിനുകള്‍ വൈകും.
കാസര്‍കോട് ചെങ്കളയില്‍ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയ്ക്കു നേരെ ആക്രമണം. പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു.
അട്ടപ്പാടിയില്‍ കോട്ടത്തറ ആശുപത്രിക്കു മുന്നില്‍ ഡിവൈഎഫ്ഐ നേതാവിന് പൊലീസുദ്യോഗസ്ഥന്റെ മര്‍ദ്ദനം. അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മര്‍ദ്ദനമേറ്റത്. അതേസമയം ഹെല്‍മെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കാഷ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണു നടപടി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഈ മാസം 25 നു സത്യപ്രതിജ്ഞ ചെയ്യും. വാജ്പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിനാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള വിവിഐപികള്‍ പങ്കെടുക്കും.
ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മോസില്ലയുടെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വെളിപ്പെടുത്തിയത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാന്‍ ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
യുക്രെയിനിലെ പ്രമുഖ നടി ഒകാന ഷ്വെറ്റ്സ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 67 വയസായിരുന്നു. കീവില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ റഷ്യന്‍ പട്ടാളം റോക്കറ്റാക്രമണം നടത്തിയതാണ് മരണത്തിനു കാരണം.
ലോകത്തിന്റെ സുരക്ഷ തങ്ങളുടെ കൈയിലാണെന്ന് അമേരിക്കയും ചൈനയും. ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാരായ ജോ ബൈഡനും ഷി പിന്‍ ചിംഗും തമ്മില്‍ നടത്തിയ വീഡിയോകോള്‍ സംഭാഷണത്തിനുശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. യുക്രെയിന്‍ - റഷ്യ യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനനവും സുരക്ഷയുമാണ് ലോകം ആഗ്രഹിക്കുന്നതെന്ന് ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ പറഞ്ഞു.
അടുത്ത രണ്ടു വാരാന്ത്യങ്ങളില്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും എത്തണമെന്ന് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഏഴു ലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ എത്തുന്നതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സിലും പുരുഷ സിംഗിള്‍സിലും മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി-ഹൈദരാബാദ് താരം ഗായത്രി ഗോപീചന്ദ് സഖ്യം സെമി ഫൈനലിലെത്തി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും അവസാന നാലില്‍ ഇടംപിടിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ത്യയുടെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡില്‍. നടപ്പുസാമ്പത്തിക വര്‍ഷം കയറ്റുമതി 400 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 14 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 390 ബില്യണ്‍ ഡോളറിലെത്തി. വാഹന ഘടകങ്ങളുടെ വ്യവസായം ആദ്യമായി 600 മില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം രേഖപ്പെടുത്തി. ഏതാണ്ട് ഒരു ദശാബ്ദക്കാലമായുള്ള വാര്‍ഷിക ചരക്ക് കയറ്റുമതിയുടെ 250 - 330 ബില്യണ്‍ ഡോളര്‍ എന്ന പരിധിയെയാണ് ഇത് മറികടന്നിരിക്കുന്നത്. കയറ്റുമതി രംഗത്തെ ആഗോളതലത്തിലെ വിഹിതവും സര്‍വ്വകാല ഉയരത്തിലെത്തി, രണ്ടുശതമാനം കടന്നു.