HONESTY NEWS ADS

ഇന്ന് (21 മാർച്ച് 2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 21 | തിങ്കൾ | 1197 |  മീനം 7 |  ചോതി

സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് ആറിടങ്ങളില്‍ പ്രതിഷേധം, സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്കും കൊല്ലം, കണ്ണൂര്‍ കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ഇവിടങ്ങളില്‍ പ്രതിഷേധക്കല്ലു സ്ഥാപിച്ചു. പോലീസുമായി ഉന്തും തള്ളും നടന്നെങ്കിലും ബലപ്രയോഗം ഉണ്ടായില്ല. എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും കോട്ടയം നട്ടാശ്ശേരിയിലും കോഴിക്കോട് കല്ലായിയിലും നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തി. മലപ്പുറം തിരുനാവായയില്‍ ജനരോഷംമൂലം സര്‍വേക്കല്ലു സ്ഥാപിക്കല്‍ മാറ്റിവച്ചു.  പ്രതിഷേധ സമരങ്ങളില്‍ കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുമുണ്ട്. കല്ലായിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കല്ലിടുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തില്ല. ജനങ്ങളുടെ പുരയിടത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ അനുവദിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്. എല്ലായിടത്തും വന്‍ പോലീസ് സന്നാഹമുണ്ട്. പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി എസ്പിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

കെ റെയിലിനു ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ചു മീറ്റര്‍ അകലെവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍. കല്ലിടുന്നത് സാമൂഹ്യാഘാത പഠനത്തിനാണെന്നും ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ട്. ഒരു വര്‍ഷം വൈകിയാല്‍ 3,500 കോടി രൂപയുടെ അധികച്ചെലവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ചൈനയില്‍ വിമാനം തകര്‍ന്നുവീണ് 133 മരണം. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗുയാന്‍ക്സി സുവാംഗ് മേഖലയിലാണ് ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണത്. മലമുകളില്‍ ഇടിച്ച് തകര്‍ന്നതാണെന്നാണ് സംശയം.

വ്യാജ രേഖകളുണ്ടാക്കി കൊവിഡ് നഷ്ടപരിഹാരം അനര്‍ഹര്‍ കൈപ്പറ്റിയോയെന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കൊവിഡ് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ വ്യാജരേഖയുണ്ടാക്കി പണം കൈക്കലാക്കുന്നുണ്ടെന്ന് നേരത്തെത്തന്നെ കോടതി നിരീക്ഷിച്ചിരുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞ് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്കു വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേതു മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ പ്രശ്നമാണ്. കെ. റയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നില്‍ക്കില്ല. അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ സമരം നടത്തുന്നത് തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്ന് മന്ത്രി സജി ചെറിയാന്‍. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാകും. സര്‍വ്വേ കല്ല് ഊരിയാല്‍ വിവരമറിയും. ഒരു സംശയവും വേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസ്. മണ്ണെണ്ണയൊഴിച്ചു പ്രതിഷേധിക്കുന്നതിനിടെ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ വീണ് കാഴ്ചയ്ക്കു തകരാറുണ്ടായെന്നു പൊലീസ് പറഞ്ഞു.

വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസില്‍ കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും.

എറണാകുളത്തെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ സ്ഥാപനങ്ങളിലെ ലോറികള്‍ അനിശ്ചിതകാല സമരം തുടങ്ങി. അറുന്നൂറോളം ലോറികളാണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വിതരണത്തിനു തടസമുണ്ടാകില്ല.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു. കോഴിക്കോട്ടെ വ്യവസായി നല്‍കിയ 45 ലക്ഷം രൂപയുടേയും നടന്‍ ദിലീപില്‍നിന്ന് കൈപ്പറ്റിയ തുകയുടേയും വിശദാംശങ്ങള്‍ കണ്ടെത്താനാണു പരിശോധന. 12,500  രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് താമസിച്ചിരുന്നതെന്നു പോലീസ് പറയുന്നു. കോഴിക്കോട്ടെ വ്യവസായി കടം നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലും സായ് ശങ്കറിനെതിരെ അന്വേഷണം ആരംഭിച്ചു.

പോലീസ് വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകര്‍ അടക്കമുളളവര്‍ക്കെതിരെ മൊഴി പറയാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയിലുണ്ട്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ചുകളയാന്‍ സഹായിച്ചെന്ന് പോലീസ് ആരോപിക്കുന്ന ഇയാളെ ചോദ്യം ചെയ്യണമെന്നാണു പ്രോസിക്യൂഷന്‍ നിലപാട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി. സൈജുവിനെ സ്ഥലംമാറ്റി. അവധിയിലുള്ള സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണു മാറ്റിയത്. വനിതാ ഡോക്ടറുടെ പരാതിയിലാണ് സൈജുവിനെതിരെ കേസെടുത്തത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റാണ്  സൈജു.

ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശിലെ സ്ത്രീപീഡന കേസിലെ പ്രതിയെ കേരളത്തിലെ ഇരയായ നടിയെക്കൊണ്ട് ഷാള്‍ അണിയിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ചലച്ചിത്ര മേളയുടെ വേദിയിലേക്കു പിണറായി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ സംവിധായകന്‍ അനുരാഗ് കശ്യപ് പീഡനകേസിലും നികുതിവെട്ടിപ്പു കേസിലും പ്രതിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പ്രസംഗിക്കണോയെന്ന് കെപിസിസി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.

ഒന്നിച്ചു മദ്യപിച്ചു ലക്കുകെട്ട് വഴക്കിട്ട മകന്‍ അച്ഛന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലി ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നമ്പര്‍ 18 ഹോട്ടല്‍ പോക്സോ പീഡനക്കേസില്‍ റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനു തീപിടിച്ചു. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നീവിടങ്ങളില്‍നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാന്‍ ശ്രമിച്ചത്.

മൂന്നാര്‍ കല്ലാര്‍ പുതുക്കാട് എസ്റ്റേറ്റില്‍ പുലിയുടെ അക്രമണം. പുലിയുടെ പിടിയില്‍നിന്ന് തൊഴിലാളി അല്‍ഭുതകരമായാണു രക്ഷപ്പെട്ടത്. പശുവിനുള്ള പുല്ല് പറിക്കുന്നനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകില്‍ പിടികുടിയത്. ഉച്ചത്തില്‍ നിലവിളിച്ചതോടെ പുലി സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞു. പുലിയുടെ നഖംകൊണ്ട് മുതുകില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായി. മുന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇയാള്‍.

ആലപ്പുഴ പ്രയാറില്‍ വീടിന്റെ ഷെഡില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ പൊലീസ് പ്രതിയെ പിടികൂടി. പതിനെട്ടുകാരനായ കൊല്ലം സ്വദേശി  ജോയല്‍ ആണ് അറസ്റ്റിലായത്.

അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫ്. അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട്  ഇന്‍സ്പക്ടര്‍ ലൈജുമോന്‍ പറഞ്ഞു.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കിയ പാര്‍ട്ടികളില്‍ കോണ്‍ഗ്രസുമുണ്ടെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.  ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ പൗരസമൂഹം ഒന്നിക്കണം. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

യുക്രെയ്നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാര്‍കീവില്‍ നിന്ന് മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ എത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കല്‍ കോളജിനായി വിട്ടു നല്‍കും.

തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കുശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്കു മടങ്ങുകയായിരുന്നു. റാത്തോഡാണ് വാഹനം ഓടിച്ചിരുന്നത്. കാര്‍ നിയന്ത്രണംവിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. 38 വയസ്സുള്ള ഒരു കാല്‍നടയാത്രക്കാരിയും അപകടത്തില്‍ മരിച്ചു.

ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള 29 പുരാവസ്തുക്കള്‍ ഇന്ത്യയിലേക്കുതന്നെ തിരിച്ചുനല്‍കി ഓസ്‌ട്രേലിയ. ശിവന്‍, മഹാവിഷ്ണു, അവതാരങ്ങള്‍, ജൈന പാരമ്പര്യം വ്യക്തമാക്കുന്ന പുരാവസ്തുക്കള്‍, ഛായാചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാം തിരിച്ചുതന്ന ഇനങ്ങളില്‍ ഉള്‍പെടുന്നു.

പഞ്ചാബില്‍ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി. ഈ മാസം ആവസാനത്തോടെയാണ് തെരഞ്ഞെടുപ്പ്.

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച 21 കാരനെ മുംബൈ കാലാചൗക്കി പൊലീസ് അറസ്റ്റു ചെയ്തു. പതിനഞ്ചു വയസുള്ള കാമുകിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനാണ് അറസ്റ്റ്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഡല്‍ഹിയില്‍നിന്ന് ദോഹയിലേക്കു പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം 'സാങ്കേതിക തകരാര്‍' മൂലം വഴി തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്‍ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ  പ്രഭ്‌സുഖന്‍ ഗില്‍. ഐഎസ്എല്ലില്‍ ഗോള്‍ഡന്‍ ഗ്ലൗ  പുരസ്‌കാരം നേടുന്ന പ്രായം കുറഞ്ഞ താരമാണ് 21കാരനായ ഗില്‍. അതേസമയം സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം ഹൈദരാബാദ് എഫ്‌സിയുടെ നൈജീരിയന്‍ സ്ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്ബെച്ചെ നേടി. 20 കളിയില്‍ നിന്ന് 18 ഗോളുകള്‍ നേടിയാണ് ഒഗ്ബെച്ചെ ഒന്നാം സ്ഥാനത്തെത്തിയത്. സീസണിനിടെ ഐഎസ്എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന അംഗീകാരം ഒഗ്ബെച്ചെ നേടിയിരുന്നു.

എ.ടി.പി ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗം ഫൈനലില്‍ 21 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാലിന് തോല്‍വി. അമേരിക്കയുടെ യുവതാരം ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് നദാലിനെ അട്ടിമറിച്ച് കിരീടം നേടിയത്.

ഫ്രഞ്ച് ലീഗ് വണ്ണില്‍ കരുത്തരായ പി.എസ്.ജിയ്ക്ക് വമ്പന്‍ തോല്‍വി. മൊണാക്കോയാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ തോല്‍വി.

കരുത്തരായ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും എഫ്.എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് നോട്ടം ഫോറസ്റ്റിനെ മറികടന്നപ്പോള്‍ സിറ്റി ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് സതാംപ്ടണെ തകര്‍ത്തു. എവര്‍ട്ടണിനെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസും അവസാന നാലിലെത്തിയിട്ടുണ്ട്. സെമിയില്‍ കരുത്തരായ ചെല്‍സിയാണ് ക്രിസ്റ്റല്‍ പാലസിന്റെ എതിരാളി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ലാലിഗയിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സലോണ. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. തോറ്റെങ്കിലും 29 മത്സരങ്ങളില്‍ 66 പോയിന്റുമായി റയല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ 820 കോടി രൂപയിലധികം വായ്പ കുടിശ്ശിക വീണ്ടെടുക്കുന്നതിനായി 12 നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) വില്‍ക്കുന്നുവെന്ന് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2022 മാര്‍ച്ച് 29 ന് നടക്കുന്ന ഇ-ലേലത്തില്‍ 396.74 കോടി രൂപ വായ്പ കുടിശ്ശികയുള്ള ടോപ്വര്‍ത്ത് ഊര്‍ജ്ജ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ട് വില്‍ക്കും. നിഷ്‌ക്രിയ ആസ്തി അക്കൗണ്ട് 50:50 എന്ന ക്യാഷ്/ക്യാഷ്-കം-എസ്ആര്‍ അനുപാതത്തില്‍ വില്‍ക്കുമെന്ന് എസ്ബിഐ അറിയിച്ചു, കരുതല്‍ വില 85 കോടി രൂപയായി നിശ്ചയിച്ചിരിക്കുന്നു.  മറ്റൊരു അക്കൗണ്ടായ ബാലസോര്‍ അലോയ്സ് 186.10 കോടി രൂപ കുടിശ്ശികയുമായി മാര്‍ച്ച് 29 ന് ഇ-ലേലം ചെയ്യും. കരുതല്‍ വില 178.22 കോടി രൂപ കണക്കാക്കും. 112.05 കോടി രൂപ കുടിശ്ശികയുള്ള ആറ് അക്കൗണ്ടുകളുടെ ഇ-ലേലം മാര്‍ച്ച് 30ന് ബാങ്ക് നടത്തും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് എണ്‍പതു രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4740 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് നാല്‍പ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തല വിപണിയിലെ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി എസ്.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് .കെ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന 'ആത്മ' എന്ന ടൈം ലൂപ്പ് ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം രണ്ട് ഭാഗങ്ങളിലായി ഒ.ടി.ടി യില്‍ റിലീസ് ചെയ്യും. സ്ഫടികം ജോര്‍ജ്, സാദിഖ്, കലാഭവന്‍ ഹനീഫ്, കനകലത, മിനി അരൂണ്‍, താനൂജ, ദൃശ്യം സുമേഷ്, ദൃശ്യം അജിത്, കൊച്ചിന്‍ മനാഫ് എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കും.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 76.10, പൗണ്ട് - 100.17, യൂറോ - 84.18, സ്വിസ് ഫ്രാങ്ക് - 81.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.31, ബഹറിന്‍ ദിനാര്‍ - 201.91, കുവൈത്ത് ദിനാര്‍ -250.42, ഒമാനി റിയാല്‍ - 197.90, സൗദി റിയാല്‍ - 20.29, യു.എ.ഇ ദിര്‍ഹം - 20.72, ഖത്തര്‍ റിയാല്‍ - 20.90, കനേഡിയന്‍ ഡോളര്‍ - 60.44.

Also Read:   പാമ്പാടിയില്‍ നിന്നും കാണാതായ പിതാവിന്റെയും പെൺകുട്ടിയുടെയും മൃതദേഹം കല്ലാറുകുട്ടി ഡാമിൽ നിന്നും കണ്ടെത്തി. |

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS