HONESTY NEWS ADS

 HONESTY NEWS ADS


ഇന്നത്തെ(24 മാർച്ച് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 24 | വ്യാഴം | 1197 |  മീനം 10 |  തൃക്കേട്ട

ശ്രീലങ്കയില്‍നിന്ന് അഭയാര്‍ത്ഥി പ്രവാഹം. കേരള തീരം അടക്കമുള്ളിടങ്ങളിലേക്ക് അഭയാര്‍ഥികള്‍ എത്തുമെന്നാണു വിവരം. കഴിഞ്ഞ ദിവസം ഏതാനും അഭയാര്‍ഥികളെ പിടികൂടിയിരുന്നു. സാമ്പത്തിക തകര്‍ച്ചയും ഭീമമായ വിലവര്‍ധനയും നേരിടുന്ന ശ്രീലങ്കയില്‍ ഭക്ഷണംപോലും കിട്ടില്ലെന്ന ഭീതിയോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നത്.

മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. മാസ്‌ക് ധരിക്കുന്നതു തുടരണം. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാനാണു  സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്. രോഗവ്യാപനം തടയാന്‍ മാസ്‌ക് ധരിക്കണമെന്നും കൈകഴുകുകയും അകലം പാലിക്കുകയും ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവാഹം, ഉത്സവം, കലാ കായിക പരിപാടികള്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വ്യാപാര സ്ഥാപനങ്ങള്‍ക്കു പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം. അന്തര്‍ സംസ്ഥാന യാത്രകള്‍, സിനിമ തിയ്യേറ്ററുകള്‍, മാളുകള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങളില്ല. പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു.

സ്വകാര്യ ബസ് സമരം ആരംഭിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ വിലവര്‍ധന അടക്കം ഭീമമായ ചെലവുകള്‍ നേരിടാനാകാത്ത സാഹചര്യമാണുള്ളതെന്നു ബസുടമകള്‍ പലതവണ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഉടനേ വര്‍ധിപ്പിക്കുമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും വര്‍ധന പ്രഖ്യാപനം സര്‍ക്കാര്‍ മാറ്റിവച്ചിരിക്കേയാണ് സമരം. ഇതേസമയം, യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍  ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരിക്കേയാണ് കൂടിക്കാഴ്ച. കെ റെയിലിന് അംഗീകാരം നേടാനുള്ള ശ്രമങ്ങളും ചര്‍ച്ചയിലുണ്ടാകും.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ ഒന്നുമുതല്‍ ഭീമമായി വര്‍ധിപ്പിച്ചു. മോട്ടോര്‍ സൈക്കളിനു മുന്നൂറു രൂപയില്‍നിന്ന് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. മുച്ചക്ര വാഹനങ്ങള്‍ക്ക് 600 രൂപയില്‍നിന്ന് 2,500 രൂപയാക്കി. കാറിന് 600 രൂപയില്‍നിന്ന് അയ്യായിരം രൂപയാക്കി. ഇറക്കുമതി ചെയ്ത ബൈക്കിന് പതിനായിരം രൂപയാണ്. ഇറക്കുമതി ചെയ്ത കാറിന് അയ്യായിരം രൂപയില്‍നിന്ന് നാല്‍പതിനായിരം രൂപയാക്കി വര്‍ധിപ്പിച്ചു.

കെ റെയിലില്‍നിന്ന് മന്ത്രി സജി ചെറിയാന്റെ വീട് രക്ഷിക്കാന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. എന്നാല്‍ ആരോപണം മന്ത്രി സജി ചെറിയാന്‍ തള്ളിക്കളഞ്ഞു. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല. ഇനി മാറ്റുകയാണെങ്കില്‍ വീട് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഹോം സ്റ്റേ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് ശ്രീകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.

ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്ഐ നേതാവ് അടക്കം എട്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുള്‍ഫിത്ത് അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ പരക്കേ പ്രതിഷേധം. വിനായകന്‍ അപമാനമാണെന്ന് ഡോ. എസ് ശാരദക്കുട്ടി. വികലമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. മീ ടൂ എന്താണെന്ന് അറിയില്ലെന്നും ഒരാളോട് സെക്സ് വേണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം വിനായകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിനായകന്റെ പ്രസ്താവനയ്ക്കെതിരെ എന്തുകൊണ്ടാണ് ഡബ്ല്യുസിസി അടക്കമുള്ളവര്‍ പ്രതികരിക്കാത്തത് എന്ന് നടന്‍ ഹരീഷ് പേരടി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ ഉണ്ടായിരുന്ന 848 സര്‍വീസുകള്‍ 1190 സര്‍വീസുകളാകും. 20 എയര്‍ലൈനുകള്‍ വിദേശത്തെ വിവിധ നഗരങ്ങളിലേക്ക് കൊച്ചിയില്‍നിന്ന് സര്‍വീസുകള്‍ നടത്തും. ഇവയില്‍ 16 എണ്ണവും വിദേശ എയര്‍ലൈനുകളാണ്. രാജ്യത്തെ 13 നഗരങ്ങളിലേക്കായി ആഴ്ചയില്‍ 668 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും അടുത്തയാഴ്ച മുതല്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 348 ല്‍നിന്ന് 540 ആയി വര്‍ധിപ്പിക്കും. അന്താരാഷ്ട്ര  പ്രതിവാര ഫ്ളൈറ്റ് സര്‍വീസുകള്‍ 95 ല്‍നിന്ന് 138 ആകും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പിളര്‍പ്പിലേക്ക്. 2017 ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ത്തി ദിലീപും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണു ഫിയോക് രൂപീകരിച്ചത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി ചില അംഗങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഇരുവരേയും മാറ്റാനും ഭരണഘടനതന്നെ തിരുത്താനുമുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം.  മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പെരിന്തല്‍മണ്ണയ്ക്കടുത്ത് അമ്മിനിക്കാട് അടച്ചിട്ട വീട്ടില്‍ മോഷണം. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 33 പവന്‍ സ്വര്‍ണാഭരണങ്ങളും നാലായിരത്തോളം രൂപയും 250 യു.എ.ഇ. ദിര്‍ഹവും വിലകൂടിയ വാച്ചുകളും മോഷണം പോയി. താഴേക്കോട് അമ്മിനിക്കാടിനടുത്ത് ആലങ്ങാടന്‍ അഷ്‌റഫലി(55) യുടെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ വിനോദയാത്ര പോയ സമയത്താണ് കവര്‍ച്ച.

തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിനു സമീപം തീപിടിത്തം. ദേശീയ യുദ്ധ സ്മാരകത്തിനായി നല്‍കിയ സ്ഥലത്താണ് തീപിടിച്ചത്.

തിരുവനന്തപുരത്തുനിന്ന് കടത്തിയ മയക്കുമരുന്ന് മാലിയില്‍ പിടികൂട. ഹാഷിഷ് ഓയിലാണ് പിടിച്ചത്. ജൈവവളം എന്ന പേരിലാണ് വിമാനത്തില്‍ മയക്കുമരുന്ന് കടത്തിയത്.

കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞ യുവാവിനെ പോലീസ് തെരയുന്നു. ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയതില്‍ പ്രകോപിതനായാണ് യുവാവ് ബോംബെറിഞ്ഞത്. കാട്ടാക്കട പരുത്തിപ്പള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിലേക്കാണ് ബൈക്കില്‍ എത്തിയ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞത്.

ആലപ്പുഴയില്‍ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍.  കാപ്പില്‍ സ്വദേശിനിയായ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഭരണിക്കാവ് തെക്കേ മങ്കുഴിമുറിയില്‍ പനയ്ക്കാട്ട് കോട്ടയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്.

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസിലേക്ക് ഓണ്‍ലൈനായി ഏപ്രില്‍ ആറു വരെ അപേക്ഷിക്കാം.

ആര്‍ദ്രതയുള്ള നേതാക്കളെയാണ് ലോകത്തിന് ഇന്നാവശ്യമെന്ന് കേരള സാഹിത്യ അക്കാദമി പസിഡന്റ് സച്ചിദാനന്ദന്‍. ശക്തനായ ഒരു നേതാവിനെ കാത്തിരിക്കുന്ന ജനത ഫാസിസത്തിനു വളക്കൂറുള്ള മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും കുടുംബശ്രീ സംസ്ഥാന മിഷനും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സാഹിത്യ ശില്പശാല സര്‍ഗ്ഗം-2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ബംഗാള്‍ സംഘര്‍ഷത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന്  എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് മാപ്പ് നല്‍കരുതെന്നും മോദി പറഞ്ഞു.

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും ഒമാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

കര്‍ണാടകയിലെ തീരമേഖലകളിലുള്ള ക്ഷേത്രോല്‍സവങ്ങളില്‍ അന്യമതസ്ഥരായ കച്ചവടക്കാര്‍ക്കു വിലക്ക്.  ഹിന്ദു സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ക്ഷേത്രം ഭരണസമിതികള്‍ ഇങ്ങനെ തീരുമാനമെടുത്തത്.  

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായെന്ന് മകന്‍ തേജസ്വിയാദവ്. അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  

തെക്കന്‍ ചൈനയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തി. 132 പേരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നുവീണത്.

ജയിലില്‍ കഴിയുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടന്‍ ജയിലില്‍ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക. ജൂലിയന്‍ അസാന്‍ജിന്റെ പങ്കാളിയാണ് സ്റ്റെല്ല. വളരെ ചെറിയ ചടങ്ങില്‍ നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാര്‍ഡുകളും മാത്രമാണ് പങ്കെടുക്കുക. അമേരിക്കന്‍ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതിന് 18 കേസുകളിലാണു ജയില്‍ശിക്ഷ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴു വര്‍ഷം അഭയം തേടിയിരുന്നു. അക്കാലത്ത് സ്റ്റെല്ലയുമായി ബന്ധം തുടങ്ങിയത്. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചതുമൂലമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ ബര്‍കയിലായിരുന്നു സംഭവം. ഇലക്ട്രോണിക്സ് സ്റ്റോറാണ് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചത്.

ഖത്തറില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്കെതിരെ നടപടി. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെയും കമ്മ്യൂണിക്കേഷന്‍സ് ഐ.ടി രംഗത്തുള്ള മറ്റൊരു സ്ഥാപനത്തിനെതിരെയുമാണ് നടപടി.

യുക്രെയിനില്‍ റഷ്യന്‍ പട്ടാളത്തിന്റെ അധിനിവേശം ഒരു മാസം പിന്നിട്ടു. യുക്രെയിന്‍ നഗരങ്ങളിലെ കെട്ടിടങ്ങളെല്ലാം തകര്‍ത്ത് സൈന്യം മുന്നേറിയെങ്കിലും യുക്രെയിന്‍ ജനതയെ കീഴടക്കാനാകാതെ റഷ്യ വിയര്‍ക്കുകയാണ്. നാലര കോടി യുക്രെയിന്‍ ജനങ്ങളില്‍ ഒരു കോടി പേര്‍ പലായനം ചെയ്തു. പതിനാറായിരത്തോളം റഷ്യന്‍ സൈന്യത്തെ വധിച്ചെന്നാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. യുക്രെയിനിലെ അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണു സ്ഥിരീകരിക്കപ്പെടാത്ത വിവരം.

കേരളത്തില്‍ ഇന്നലെ 23,238 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 5,091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,775 കോവിഡ് രോഗികള്‍. നിലവില്‍ 34,516 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനേഴ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് ലക്ഷവും ജര്‍മനിയില്‍ മൂന്ന് ലക്ഷവും കോവിഡ് രോഗികള്‍. നിലവില്‍ 5.85 കോടി കോവിഡ് രോഗികളുണ്ട്.

ബ്രിട്ടീഷ് പണപ്പെരുപ്പം കഴിഞ്ഞ മാസം 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. വിശകലന വിദഗ്ധര്‍ക്കിടയിലെ പ്രതീക്ഷകളുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്സ് വോട്ടെടുപ്പിലെ ശരാശരി പ്രവചനം 5.9 ശതമാനമാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) ഫെബ്രുവരിയിലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ ചാലകങ്ങളായി ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകളും പെട്രോളും ചൂണ്ടിക്കാണിച്ചു. ഉപഭോക്തൃ വില പ്രതിമാസം 0.8 ശതമാനം വര്‍ദ്ധിച്ചതായി ഒഎന്‍എസ് പറഞ്ഞു. ഇത് 2009 ന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും വലിയ വര്‍ദ്ധനയാണ്. കഴിഞ്ഞ ആഴ്ച, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പണപ്പെരുപ്പം 8 ശതമാനത്തിന് മുകളില്‍ ഉയരുമെന്ന പ്രവചനം അതിന്റെ നാലിരട്ടിയിലധികമായി ഉയര്‍ത്തിയിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സ്ഥാപനമായ എയര്‍ടെല്‍. വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക ശിശു സംരക്ഷണ അലവന്‍സും, പുതിയ അമ്മമാര്‍ക്കായി ഫ്ളെക്സിബിള്‍ വര്‍ക്കിങ്ങും ഉള്‍പ്പെടുത്തി മെച്ചപ്പെടുത്തിയ രക്ഷാകര്‍തൃ നയ ആനുകൂല്യങ്ങളാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 26 ആഴ്ചത്തെ പ്രസവാവധിക്ക് പുറമെ, പ്രസവശേഷം ജോലിയില്‍ പ്രവേശിക്കുന്ന പുതിയ അമ്മമാര്‍ക്ക് കുഞ്ഞിന് 18 മാസം പ്രായമാകുന്നതുവരെ പ്രതിമാസം 7,000 രൂപ പ്രത്യേക ശിശു സംരക്ഷണ അലവന്‍സ് ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. കുട്ടികളെ ദത്തെടുക്കുന്ന ജീവനക്കാര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. പ്രസവാവധിക്ക് ശേഷം, പുതിയ അമ്മമാര്‍ക്ക് 24 ആഴ്ച വരെ ജോലിയില്‍ ഇളവുകള്‍ അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ ഇനി വെള്ളിത്തിരയിലേക്ക്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് നായകന്‍. മഹേഷ് വി മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതില്‍ പലര്‍ക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. അങ്ങനെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്', രണ്‍ദീപ് ഹൂഡ പറഞ്ഞു. സവര്‍ക്കറായി അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരികണം.

തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തില്‍ മലയാളികളുടെ പ്രിയ താരം നയന്‍താര ചക്രവര്‍ത്തി ആകും നായിക. നയന്‍താര ചക്രവര്‍ത്തി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിര്‍മാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്. ബാലതാരമായി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നയന്‍താരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റില്‍മാന്‍ 2. എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്‌മാനായിരുന്നു സംഗീതം നല്‍കിയിരുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ആഗോള വിപണി ലക്ഷ്യമിട്ട് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പുതുപുത്തന്‍ ഹിമാലയന്‍ സ്‌ക്രാം 411ന്റെ ബുക്കിംഗിനും ടെസ്റ്റ് ഡ്രൈവിനും ഇന്ത്യയില്‍ തുടക്കമായി. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ 'എ.ഡി.വി ക്രോസ് ഓവര്‍' ആണിത്. യൂറോപ്പിലും ഏഷ്യാ-പസഫിക്കിലും ഈവര്‍ഷം മദ്ധ്യത്തോടെ സ്‌ക്രാം 411 എത്തും. മൂന്ന് വേരിയന്റുകളും ഏഴ് നിറഭേദങ്ങളുമാണ് സ്‌ക്രാം 411നുള്ളത്. ഗ്രാഫൈറ്റ് റെഡ്, യെല്ലോ, ബ്ളൂ എന്നിവയ്ക്ക് 2.03 ലക്ഷം രൂപയും സ്‌കൈലൈന്‍ ബ്ളൂ, ബ്ളേസിംഗ് ബ്ളാക്ക് എന്നിവയ്ക്ക് 2.04 ലക്ഷം രൂപയും സ്‌ക്രാം 411 സില്‍വര്‍ സ്പിരിറ്റ്, വൈറ്റ് ഫ്ളെയിം എന്നിവയ്ക്ക് 2.08 ലക്ഷം രൂപയുമാണ് വില.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS