കലാരംഗത്തെ മിന്നും താരമായിരുന്ന ഏഴു വയസുകാരൻ ആകർഷിന്റെ ദാരുണ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല വീട്ടുകാരും നാട്ടുകാരും.

മൂന്നുമാസം മുമ്പ് വീട്ടിൽ വളർത്തിയിരുന്ന നായ ആകർഷിനെ മാന്തിയിരുന്നു. ഇതിൽ നിന്നുണ്ടായ പേവിഷ ബാധയാണ് കഴിഞ്ഞ ദിവസം ആകഷിന്റെ മരണത്തിന് ഇടയാക്കിയത്. നായ മാന്തിയത് വീട്ടുകാർ കാര്യമാക്കി എടുത്തിരുന്നില്ല. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകനാണ് രണ്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്ന ആകർഷ്. ഞായറാഴ്ച രാത്രിയാണ് അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായി മാറി. തുടർന്ന് വിദഗ്ധ ചികിത്സ നൽകുന്നതിന് പിന്നാലെ ആകർഷ് മരണപ്പെട്ടു.
വലപ്പാട് ജി.ഡി.എം.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ആകർഷ്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിയാണ്ആകർഷ്. കൊവിഡ് സമയത്ത് സ്കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് ഈ മിടുക്കൻ കാഴ്ചവെച്ചരുന്നത് . ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31 - ന് നടക്കുന്ന സ്കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ മരണത്തെത്തുടർന്ന് സ്കൂൾ വാർഷികാഘോഷം റദ്ദാക്കി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |