HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇന്നത്തെ(29 മാർച്ച് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 29 | ചൊവ്വ | 1197 |  മീനം 15 |  അവിട്ടം

ഹൈക്കോടതി വിധിച്ചു; സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു ജോലിക്കു ഹാജരാകണം. ഇല്ലെങ്കില്‍ ശമ്പളം തടയും. അവധി അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അതേസമയം ഡയസ്നോണ്‍ അംഗീകരിക്കില്ലെന്നും പണിമുടക്കുമെന്നും സര്‍വ്വീസ് സംഘടനകള്‍ വ്യക്തമാക്കി. മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് സമരമെന്നും അവര്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്നു തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ ജോലിക്കു പോകുകയും ലുലു മാള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ചെറുകിട വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുല്‍ സലാം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പൊതുപണിമുടക്ക് ആഘോഷമാക്കി സംസ്ഥാന സെക്രട്ടേറിയറ്റ്. ആകെയുള്ള 4,828 ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് ജോലിക്കു ഹാജരായത്. സംസ്ഥാനത്തുടനീളം പണിമുടക്ക് അനുകൂലികള്‍ കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും അക്രമം നടത്തി. മിക്കയിടത്തും പോലീസ് കാഴ്ചക്കാരായി.

എറണാകുളം ജില്ലയിലെ കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ പണിമുടക്ക് അനുകൂലികള്‍ മര്‍ദിച്ചു. ഓഫീസില്‍ ജോലിക്കെത്തിയതിനാണ് മര്‍ദ്ദനം. മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസില്‍ കാവലിനായി പൊലീസുകാരനെ നിയോഗിച്ചെങ്കിലും സമരക്കാര്‍ വീണ്ടുമെത്തി മനോജിനെ മര്‍ദ്ദിച്ചു. ഇവരില്‍ ചിലര്‍ തങ്ങളെ മര്‍ദിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ സിപിഎം പിണ്ടിമന ലോക്കല്‍ സെക്രട്ടറി ബിജു പി നായര്‍, ജെയ്‌സണ്‍ എന്നിവരെ അറസ്റ്റു ചെയ്തു.  

തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മര്‍ദ്ദനം. തിരൂര്‍ സ്വദേശി യാസറിനെയാണ് മര്‍ദ്ദിച്ചത്. രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വന്ന യാസറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഷിംഷ എന്ന യുവതി കുടുംബസമേതം യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷ തകര്‍ത്തു. പ്രതിഷേധവുമായി യുവതി സമരക്കാരുടെ സമരപ്പന്തലിലെത്തിയതും സംഘര്‍ഷത്തിനിടയാക്കി.

പൊതുപണിമുടക്കിനിടെ കൊയിലാണ്ടിയില്‍ കട തുറന്ന വ്യാപാരിയുടെ ശരീരത്തിലേക്കു നായ്ക്കുരണ പൊടി വിതറി ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.പി. ശ്രീധരനെയാണ് സമരാനുകൂലികള്‍ അക്രമിച്ചത്. ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പണിമുടക്കില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരെ ഉത്തരവിട്ട കേരള ഹൈക്കോടതിക്കു പണിമുടക്കു തടയാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പണിമുടക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നും മേല്‍ക്കോടതിയുണ്ടെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

രോഗിക്ക് ആശുപത്രിയില്‍ സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ പണിമുടക്കുകാര്‍ മര്‍ദ്ദിച്ചു. കാസര്‍കോട്ടെ പെര്‍ളടുക്കത്താണ് സംഭവം. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണിമുടക്കി ജനത്തെ ദുരിതത്തിലാക്കിയെങ്കിലും കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മ്മാണത്തിനു പണിമുടക്കില്ല. നായനാര്‍ അക്കാദമിയിലെയും ടൗണ്‍ സ്‌ക്വയറിലെയും വേദി നിര്‍മ്മാണമാണ് ഇന്നലേയും തുടര്‍ന്നത്. പൊലീസ് മൈതാനിയിലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവേദിയുടെ നിര്‍മ്മാണവും തടസമില്ലാതെ നടന്നു.

കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരം ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി ഗവര്‍ണര്‍ തള്ളി. സര്‍വകലാശാല നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അതു ഗൗനിക്കാതെ 71 പഠനബോര്‍ഡുകള്‍ സര്‍വ്വകലാശാല നേരിട്ട് പുന:സംഘടിപ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇതു റദ്ദാക്കിയിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ദിലീപിനെതിരേ ചുമത്തിയ ആരോപണങ്ങള്‍ക്കുള്ള, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്‍പെടെയുള്ള തെളിവുകള്‍ തേടിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഫോണിലെ വിവരങ്ങളെക്കുറിച്ചും ചോദ്യം ചെയ്തു. ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും  പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

വീണ്ടും ഇന്ധന വിലവര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്.

സര്‍വേക്കല്ലു നാട്ടുന്നതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നിഷേധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമര്‍ശിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള സര്‍വ്വേ നടത്താമെന്നു വിധിച്ച സുപ്രീംകോടതി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകള്‍ മനസിലാക്കിയില്ലെന്ന് സമരസമിതി വിമര്‍ശിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ശല്യപ്പെടുത്തരുതെന്ന് എഴുത്തുകാരോട് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. പുസ്തകം കൊണ്ടുതന്നു പിറ്റേന്ന് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെടാനോ, ഒരാഴ്ചയ്ക്കുള്ളില്‍ പ്രകാശനം നടത്തണമെന്നു പറയാനോ മുതിരരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്തു വായിക്കണമെന്നത് എന്റെ മാത്രം തീരുമാനമാണ്. ആ തെരഞ്ഞെടുപ്പ് പ്രായം കൂടുകയും സമയം കുറയുകയും ചെയ്യുമ്പോള്‍ കുറേക്കൂടി കര്‍ക്കശം ആകുന്നതും സ്വാഭാവികം. സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്നു മാസത്തെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നേരത്തെ മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. കോവിഡ് മൂലം വാഹനങ്ങളുടെ വരുമാനം ഇല്ലാതായതിനാലാണ് കാലവധി നീട്ടിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പാലക്കാട് പേഴുങ്കരയില്‍ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചു. കുന്നത്ത് വീട്ടില്‍ ഹൗസിയ എന്ന 38 കാരിയാണ് മരിച്ചത്. 13 വയസുള്ള മകന്‍ പുറത്തു കളിക്കാന്‍ പോയപ്പോഴാണ് സംഭവം.

പാര്‍ട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്കു രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി നല്‍കുമെന്ന് കോണ്‍ഗ്രസ്. തെലങ്കാനയിലാണ് കോണ്‍ഗ്രസ് ഇങ്ങനെ അംഗത്വ പ്രചാരണം നടത്തുന്നത്. പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്.

ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവുകളില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് വിഭാഗത്തിലാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ അഞ്ച്.

അറസ്റ്റിലാകുന്നവരുടെ രക്തസാമ്പിള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്ന നിയമം ലോക്സഭയില്‍ അവതരിപ്പിച്ചു. വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോ, ഐറിസ് റെറ്റിന സ്‌കാന്‍, ഒപ്പ്, കൈയക്ഷരം തുടങ്ങിയവ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന നിയമമാണ് അവതരിപ്പിച്ചത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കള്ളക്കേസുകള്‍ക്കു സാധ്യത കൂടുമെന്നും പ്രതിപക്ഷം ആരോപിച്ചു.

വിമാന യാത്രാക്കൂലി നിരീക്ഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വന്‍വര്‍ദ്ധനവും നിയന്ത്രിക്കാനാണ് നടപടിയെന്ന്  കേന്ദമന്ത്രി വികെ സിങ്. വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ച പരിധിക്കപ്പുറം നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില റൂട്ടുകളിലെ നിരക്ക് നിരീക്ഷിച്ചു വരുന്നതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

തടവുപുള്ളിയായ സൂരജ്കുമാറിന് റാങ്ക്. ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്സ് പരീക്ഷയിലാണു റാങ്ക് നേടിയതയ്. നവാഡ ഡിവിഷണല്‍ ജയിലിലാണ് 23 കാരനായ സൂരജ് കുമാര്‍ തടവില്‍ കഴിയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ജാം പരീക്ഷ നടത്തിയത്.

ക്ഷേത്രോത്സവ പരിസരത്തുനിന്ന് മുസ്ലീങ്ങളായ കച്ചവടക്കാരെ വിലക്കണമെന്ന കര്‍ണാടകയിലെ ചില സംഘടനകളുടെ ആഹ്വാനത്തില്‍ പ്രതികരിക്കാതിരിക്കുന്ന സര്‍ക്കാറിനെ ചോദ്യം ചെയ്ത് ബിജെപി മുതിര്‍ന്ന നേതാവും എംഎല്‍എസിയുമായ എഎച്ച് വിശ്വനാഥ്.  

ടേക്ക് ഓഫിനു തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണില്‍ ഇടിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജമ്മുവിലേക്കുള്ള ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചത്. ആര്‍ക്കും പരിക്കില്ല. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ശ്രീലങ്കയിലെത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച്ച നടത്തി. ബുദ്ധസംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ പിന്തുണയുറപ്പാക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഒരു കോടി പത്തു ലക്ഷം രൂപ ചെലവഴിച്ച് ശ്രീലങ്കയില്‍ ഇന്ത്യ നിര്‍മ്മിച്ച ജാഫ്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രിയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയും സംയുക്തമായി നിര്‍വഹിച്ചു.

യുക്രെയിനിലെ മരിയൂപോളില്‍ റഷ്യ നടത്തിയ ആക്രമണങ്ങളില്‍ അയ്യായിരം പേര്‍ കൊല്ലപ്പെട്ടെന്ന് മേയര്‍. നഗരത്തിലെ എല്ലാ കെട്ടിടങ്ങളും റഷ്യ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിലായി.  300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത മിനി സൂപ്പര്‍മാര്‍ക്കറ്റുകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത സെന്‍ട്രല്‍ മാര്‍ക്കറ്റുകളും സൗദിവത്കരണ പരിധിയില്‍ വരും.

മുന്‍ സിഎജി വിനോദ് റായ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ചെയര്‍മാനാകും. കമ്പനിയുടെ ചെയര്‍മാനും ഇന്റിപെന്റന്റ് നോണ്‍ - എക്സിക്യുട്ടീവ് ഡയറക്ടറുമായി നിയമിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. തീരുമാനത്തിന് ഓഹരി ഉടമകളുടെയും റെഗുലേറ്ററി അനുമതിയും തേടും. ടി.എസ് കല്യാണരാമന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരും.

വാട്സാപിലൂടെ സിനിമ അടക്കമുള്ള വലിയ ഫയലുകള്‍ അയക്കാവുന്ന സംവിധാനം വരുന്നു. രണ്ടു ജിബി വരെയുള്ള ഫയലുകള്‍ അയക്കാവുന്ന ഫീച്ചര്‍ അര്‍ജന്റീനയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പിന്റെ iOS ബീറ്റ പതിപ്പ് 22.7.0.76 ആണ് വലിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യമൊരുക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നവാഗതരുടെ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കേരളത്തില്‍ ഇന്നലെ 11,939 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ ആയിരത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 31,639 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ ഒന്‍പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.94 കോടി കോവിഡ് രോഗികളുണ്ട്.

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ആഗോള വിപണിവിഹിതം 2017ന് ശേഷം ആദ്യമായി വീണ്ടും 60 ശതമാനം കടന്നു. മികച്ച സ്വീകാര്യതയുള്ള ഐഫോണ്‍ 12, ഐഫോണ്‍ 13 ശ്രേണികള്‍ക്ക് നല്‍കിയ 5ജി അപ്ഗ്രേഡിംഗാണ് ആപ്പിളിന് കരുത്തായത്. കൊവിഡ് മൂലം 2020ല്‍ പുത്തന്‍ ഫോണുകളുടെ ലോഞ്ചിംഗ് ഇല്ലാതിരുന്നതും 2021ലെ ലോഞ്ചിംഗിനെ തുടര്‍ന്ന് വന്‍ ഡിമാന്‍ഡ് ലഭിച്ചതും ആപ്പിളിന് ഗുണം ചെയ്തു. 2021ല്‍ ലോകത്തെ എല്ലാ വില്പനമേഖലകളിലും ആപ്പിളാണ് വിപണിവിഹിതത്തില്‍ മുന്നിട്ടുനിന്ന ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചററെന്ന് ഗവേഷണസ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്പനയില്‍ 27 ശതമാനവും ഐഫോണുകള്‍ ഉള്‍പ്പെടുന്ന പ്രീമിയം ശ്രേണിയുടെ സംഭാവനയാണ്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ചൈനയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞു. 7,031 കോടി ഡോളറായിരുന്നു 2018-19ല്‍ ഇറക്കുമതി. 2020-21ല്‍ ഇത് 6,521 കോടി ഡോളറിലേക്ക് താഴ്ന്നു. 7.6 ശതമാനമാണ് കുറവ്. ഇക്കാലയളവില്‍ ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 1,675 കോടി ഡോളറില്‍ നിന്ന് 26 ശതമാനം ഉയര്‍ന്ന് 2,118 കോടി ഡോളറിലെത്തി. ഇന്ത്യയെ ഉത്പാദന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 14 മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കി കേന്ദ്രം നടപ്പാക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമാണ് ചൈനയോടുള്ള ഇറക്കുമതി ആശ്രയത്വം കുറയാനും കയറ്റുമതി ഉയരാനും സഹായിച്ചത്.

ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രം മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തും. സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും അവ വ്യക്തികളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയ പരിസരം. മനു സുധാകരനാണ് ചിത്രത്തിന്റെ സംവിധാനം. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്.  അഖില്‍ കവലയൂര്‍, ഹരികുമാര്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ആര്‍ ആര്‍ ആര്‍ തിയേറ്ററില്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനൊപ്പം കളക്ഷനില്‍ കുതിക്കുകയാണ്. റിലീസിന്റെ മൂന്നാം ദിനം ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം . കേരളക്കരയില്‍ തന്നെ മൂന്നാം ദിനം കൊണ്ട് പത്തു കോടി ഗ്രോസ് കളക്ഷനാണ് സിനിമ നേടിയത്.  ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോര്‍ഡുകള്‍ തിരുത്തുമെന്നുറപ്പാണ്.  ത്രീ ഡി ഷോകളില്‍ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നല്‍കുന്ന ആര്‍ ആര്‍ ആര്‍, തിയേറ്ററില്‍ ആഘോഷിക്കാനുള്ള പൂരം തന്നെയാണ് സംവിധായകന്‍ രാജമൗലി സൃഷ്ടിച്ചിരിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രൊയുടെ ബുക്കിംഗിന് കമ്പനി വീണ്ടും തുടക്കമിട്ടു. ഗ്ളോസി ഫിനിഷിംഗില്‍, സ്‌പെഷ്യല്‍ എഡിഷന്‍ 'ഗെറുവ' നിറഭേദവുമായാണ് പുതിയ എസ് 1 പ്രൊയുടെ ബുക്കിംഗ് നടന്നത്. മറ്റ് 10 നിറഭേദങ്ങളും ഒല എസ് 1 പ്രൊയ്ക്കുണ്ട്. ഇപ്പോള്‍ ബുക്കിംഗ് സ്വീകരിച്ച ഓര്‍ഡറുകളുടെ ഡെലിവറി ഏപ്രിലിലാണ് നടക്കുക. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇ-സ്‌കൂട്ടറാണ് എസ്1 പ്രൊ. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും മൂന്ന് സെക്കന്‍ഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുള്‍ ചാര്‍ജില്‍ 135 കിലോമീറ്റര്‍ വരെ പോകാം. 1.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

HONESTY NEWS