HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇന്നത്തെ(31 മാർച്ച് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 31 | വ്യാഴം | 1197 |  മീനം 17 |  പൂരുരൂട്ടാതി

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. മിനിമം ബസ് ചാര്‍ജ് പത്തു രൂപയാക്കും. നേരത്തെ എട്ടു രൂപയായിരുന്നു. ഓട്ടോ ചാര്‍ജ് രണ്ടു കിലോമീറ്ററിന് 30 രൂപ. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി നിരക്ക്  ഉയര്‍ത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ക്ക് മിനിമം നിരക്ക് 200 രൂപയും 1500 സിസിക്കു മുകളില്‍ 225 രൂപയുമായിരിക്കും. എല്‍ഡിഎഫ് യോഗമാണ് നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ബസിന് മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞ് കിലോമീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും. ബസ് മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ ബിജെപി ആക്രമണം. കാഷ്മീര്‍ ഫയല്‍സ് സിനിമയുടെ കഥ വ്യാജമെന്നു അരവിന്ദ് കെജ്രിവാള്‍ വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ്  ആക്രമണം. പൊലീസിന്റെ ബാരിക്കേഡ് ഭേദിച്ചാണ് മുഖ്യമന്ത്രിയുടെ വസതി ആക്രമിച്ചത്. ഗെയ്റ്റില്‍ ചായം ഒഴിച്ചു. ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഗെയ്റ്റിനു പുറത്തെ സിസി ടിവി ക്യാമറ അടിച്ചു തകര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിനു ഡല്‍ഹി പൊലീസ് കൂട്ടുനിന്നെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ മരിച്ചു. പാര്‍ക്കിംഗ് തര്‍ക്കത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമിച്ചത്. പയ്യനാട് വച്ച് അക്രമികള്‍ ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് തകര്‍ത്തു. കാറില്‍നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്തു വെട്ടി. തലക്കാണ് വെട്ടേറ്റത്. മഞ്ചേരിയില്‍ ഇന്ന് ഉച്ചവരെ യുഡിഎഫ് ഹര്‍ത്താല്‍.

മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുല്‍ മജീദ് പൊലീസ് കസ്റ്റഡിയില്‍. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിനെ പോലീസ് തെരയുന്നു.

കേരളത്തില്‍ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു ദിവസത്തെ പണിമുടക്കിനു പിറകേ, സംരഭക വര്‍ഷ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് ലക്ഷ്യം. തൊഴിലവസരവും വര്‍ധിക്കും. 'എന്റെ സംരഭം എന്റെ നാടിന്റെ അഭിമാനം' എന്നാണ് പദ്ധതിയുടെ പേര്. വ്യവസായ മേഖലയില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്നാരംഭിക്കും. 4,26,999 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍എസി പരീക്ഷ എഴുതുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചു. 4,33,325 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധന. ഇതോടെ 31 ശതമാനം ഡിഎ 34 ശതമാനമാകും.  

വെറുതെ പറയുന്നത് എങ്ങനെ വധഗൂഢാലോചന ആകുമെന്ന് ഹൈക്കോടതി പ്രൊസിക്യൂഷനോട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം. കേസില്‍ ഇന്നും വാദം തുടരും. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും കുറ്റകൃത്യം ഉണ്ടോയെന്നും കോടതി ചോദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നു പ്രൊസിക്യൂഷന്‍ പറഞ്ഞു. എങ്കില്‍ എന്തുകൊണ്ട് അയാള്‍ ആദ്യ വിവരദാതാവ് ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരു പറഞ്ഞ് തന്നേയും കുടുംബത്തേയും പീഡിപ്പിക്കുകയാണെന്ന് ദിലീപ് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ അമേരിക്കന്‍ സഹകരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ സന്നദ്ധത അറിയിച്ചത്. കേരളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖല തുടങ്ങിയവയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 250 അന്താരാഷ്ട്ര ഹോസ്റ്റലുകള്‍ ഈ വര്‍ഷം തുടങ്ങും. ഡിജിറ്റല്‍ സര്‍വകലാശാലയുമായി അമേരിക്കയിലെ ഉന്നത സ്ഥാപനങ്ങളെ സഹകരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ജനങ്ങളുടെ പ്രതിഷേധംമൂലം കൊല്ലം തഴുത്തലയില്‍ കെ റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു. ഗ്യാസ് സിലിണ്ടറുമായി ജനങ്ങള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥര്‍ തത്കാലം പിന്മാറിയത്.  യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. പി.സി. വിഷ്ണുനാഥ് എംഎല്‍എ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് സ്ഥലംവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെ റെയിലിനെ ന്യായീകരിച്ച് വീടുകയറി പ്രചാരണത്തിനിറങ്ങിയ മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ സംഘത്തിനെതിരേ കയര്‍ത്ത് നാട്ടുകാര്‍. ആലപ്പുഴ പടനിലത്താണ് സംഭവം. നേതാക്കള്‍ക്ക് പ്രചാരണം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ തങ്ങള്‍ നാട്ടുകാരെ എല്ലാം ബോധ്യപ്പെടുത്തിയെന്ന് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അവകാശപ്പെട്ടു.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നു കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍. രാവിലെ 11 മണിക്ക് വീടുകള്‍ക്കു മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും  കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തൃശൂര്‍ ജില്ലയില്‍ വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടു പേര്‍ അറസ്റ്റില്‍. വലക്കാവ് സ്വദേശി സന്തോഷ് (47), മാടക്കത്തറ സ്വദേശി മനോജ് (40) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ അരണാട്ടുകര വില്ലേജ് ഓഫീസിന്റെ ഗേറ്റാണ് മോഷ്ടിച്ചത്.

മരം പൊട്ടി വീണ് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്തുകാവിനും ഇടയിലാണ് മരം വീണത്. ഷൊര്‍ണൂര്‍ - എറണാകുളം റൂട്ടില്‍ ഇതോടെ ട്രെയിനുകള്‍ വൈകി.

വൈക്കം തലയാഴം തോട്ടകത്ത് ആളുമാറി യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. ഉല്ലല സ്വദേശികളായ അഗ്രേഷ് (25) രഞ്ജിത്ത് (35) അഖില്‍ രാജ് ( 21) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി അഗ്രേഷിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരേ ഐഎന്‍എല്‍ വഹാബ് വിഭാഗം. മന്ത്രിക്കെതിരേ എല്‍ഡിഎഫില്‍ പരാതിപ്പെടുമെന്ന് വിമത വിഭാഗം ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍ വഹാബ്. ഒരു വിഭാഗത്തിന്റെ മാത്രം ഭാഗമായാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് വഹാബ് കുറ്റപ്പെടുത്തി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കുറ്റമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതേ ആവശ്യവുമായി കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കെ റെയില്‍ വിഷയത്തില്‍ ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് എന്‍എസ്എസ്. സാമ്പത്തിക പുരോഗതിയേക്കാള്‍ ജനക്ഷേമത്തിനു പ്രാധാന്യമുണ്ടെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.  

കേരളത്തില്‍ തുടങ്ങുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.  മന്ത്രിയുമായി ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അമേരിക്കന്‍ പങ്കാളിത്തം ഉറപ്പ് നല്‍കി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് അക്രമിച്ചെന്ന കേസില്‍  കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെ  57 പ്രതികളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു പ്രതികളെ വെറുതേ വിട്ടത്.

തൃശൂര്‍ കളക്ടറേറ്റിലേക്ക് കെ റെയില്‍ വിരുദ്ധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചതിന് പോലീസുകാരന് സസ്പെന്‍ഷന്‍. രാമവര്‍മപുരം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ലിബിന്‍ ബോബനെയാണ് സസ്‌പെന്‍ഡ് ചെയ്ത്. നടപടി ആവശ്യപ്പെട്ട് ടി. ജെ സനീഷ്‌കുമാര്‍ എംഎല്‍എയുടേയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റേയും നേതൃത്വത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു.

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല ഫൈനല്‍ എംബിബിഎസ് പാര്‍ട്ട് ടു പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിനു ഹാജരാകണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍.

മലപ്പുറം വളാഞ്ചേരിയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഏഴു വയസുക്കാരനെ കൊടുങ്ങല്ലൂരില്‍നിന്ന് പൊലീസ്  കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ കസ്റ്റഡിയിലെടുത്തു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എറണാകുളം ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയിലായിരുന്നു സ്പിരിറ്റ്.

ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്നും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും വേണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ നേതാവ് ടി. ഗോപിനാഥ് ആവശ്യപ്പെട്ടു.

ലോകശാന്തിയ്ക്കായി മാതാ അമൃതാന്ദമയീ മഠത്തില്‍ സന്യാസിനി, ബ്രഹ്‌മചാരിണിമാരുടെ കാര്‍മ്മികത്വത്തില്‍ വിശ്വകല്യാണ യജ്ഞം നടന്നു. 108 പേരാണ് യജ്ഞത്തിനു കാര്‍മ്മികത്വം വഹിച്ചത്. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നിശാഗന്ധിയില്‍ കുടുംബശ്രീ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇതിനു മാറ്റം വരണം. അതിനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 15.

ന്യൂസ് എഡിറ്റര്‍, ന്യൂസ് റീഡര്‍, വെബ് എഡിറ്റര്‍, ഇംഗ്ലീഷ് ആങ്കേഴ്‌സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് പ്രസാര്‍ ഭാരതി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

അതിര്‍ത്തി സുരക്ഷാ വിലയിരുത്തലിനുള്ള ഉന്നതതല യോഗം ലക്നോവില്‍. മൂന്നു ദിവസത്തെ യോഗത്തില്‍   കരസേന മേധാവി എംഎം നരവനെ പങ്കെടുത്തു. കരസേനയിലെയും വ്യോമസേനയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇന്ത്യ -ചൈന, ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തികളിലെ സുരക്ഷാ വിലയിരുത്തലിനാണ് യോഗം.

പണിമുടക്കിയ ബാങ്ക് ജീവനക്കാര്‍ 85 കാരനായ ഇടപാടുകാരനെ ലോക്കറില്‍ പൂട്ടിയിട്ടു. 18 മണിക്കൂര്‍ അന്നപാനമില്ലാതെ ബാങ്ക് ലോക്കറില്‍ ബന്ദിയായ വയോധികനെ ഇന്നലെ രാവിലെ ബാങ്ക് തുറന്നപ്പോഴാണു തുറന്നുവിട്ടത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ യൂണിയന്‍ ബാങ്ക് ശാഖയിലാണ് വി കൃഷ്ണറെഡ്ഡി എന്നയാളെ പൂട്ടിയത്. പണിമുടക്കിയ ജീവനക്കാര്‍ അശ്രദ്ധമായി ബാങ്ക് പൂട്ടി സ്ഥലംവിട്ടതോടെയാണ് വയോധികന്‍ ലോക്കറില്‍ കുടങ്ങിയത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി. ഏപ്രില്‍ നാലു മുതല്‍ കോടതി നടപടികള്‍ പൂര്‍ണമായും നേരിട്ട് നടത്തും. ഓണ്‍ലൈന്‍ വാദം ആവശ്യപ്പെടുന്ന അഭിഭാഷകര്‍ക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

രാജസ്ഥാനില്‍ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം. ഗര്‍ഭിണിയുടെ മരണത്തില്‍ ചികിത്സപിഴവ് ആരോപിച്ച് കേസെടുത്തതിന് പിന്നാലെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍  ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിയുടെ വക്കില്‍. ഇന്നു പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ എംക്യൂഎംപി ഭരണമുന്നണി വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. ഏഴംഗങ്ങളുള്ള എംക്യൂഎംപി മറുകണ്ടം ചാടിയതോടെ ഇമ്രാനൊപ്പം 164 പേരും പ്രതിപക്ഷത്തിനൊപ്പം 177 പേരുമായി.

യുക്രെയിന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് റഷ്യ. തുര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ റഷ്യ സൈനിക നടപടി കുറയ്ക്കുമെന്ന് അറിയിച്ചെങ്കിലും വാക്കു പാലിക്കില്ലെന്ന് യുക്രെയിനും പശ്ചാത്യ രാജ്യങ്ങള്‍ക്കും സംശയമുണ്ടായിരുന്നു.

യെമനിലെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചതായി അറബ് സഖ്യസേന. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റിയാദില്‍ സമാധാന ചര്‍ച്ച ആരംഭിച്ചതിനാലും റംസാന്‍ മാസത്തിന്റെ പശ്ചാത്തലത്തിലുമാണ് വെടിനിര്‍ത്തല്‍.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വെല്ലിസ് അഭിനയരംഗത്തുനിന്ന് പിന്‍മാറി. ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചതിനാലാണ് പിന്‍മാറ്റം. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ 19.2 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ ഓസീസ് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 148 റണ്‍സിന് ഓള്‍ ഔട്ടായി.

കേരളത്തില്‍ ഇന്നലെ 17,655 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,087 കോവിഡ് രോഗികള്‍. നിലവില്‍ 30,629 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.87 കോടി കോവിഡ് രോഗികളുണ്ട്. 

ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സില്‍ (ഒഎന്‍ഡിസി) 10 ലക്ഷം ഇക്വിറ്റി ഓഹരികള്‍ 10 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അറിയിച്ച് ഐസിഐസിഐ ബാങ്ക്. ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ ഒഎന്‍ഡിസിയില്‍ ബാങ്കിന് 5.97 ശതമാനം ഓഹരിയുണ്ടാകും. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്റെ 10,00,000 ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള ഓഫര്‍ 2022 മാര്‍ച്ച് 28-ന് അംഗീകരിച്ചതായി ഐസിഐസിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ചരക്ക് സേവനങ്ങള്‍ ഡിജിറ്റല്‍ കൊമേഴ്‌സ് എക്കോസിസ്റ്റത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ പദ്ധതിയിലൂടെ ചെയ്ത് കൊടുക്കുന്നു. അലോട്ട്‌മെന്റിന് ശേഷം, 100 രൂപ മുഖവിലയുള്ള 10,00,000 ഇക്വിറ്റി ഷെയറുകള്‍ ഏറ്റെടുക്കുന്നതിലൂടെ ഐസിഐസിഐ ബാങ്ക് ഒഎന്‍ഡിസിയില്‍ 5.97 ശതമാനം ഓഹരി കൈവശം വയ്ക്കും.

ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അറിയിച്ചു. ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി 5,500 കോടി രൂപ വരെയുള്ള ബേസല്‍ 3 മാനദണ്ഡമനുസരിച്ചുള്ള് എടി-1 ബോണ്ടുകളും 6,500 കോടി രൂപ വരെയുള്ള ടയര്‍ 2 ബോണ്ടുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഫയലിംഗില്‍ പറയുന്നു. ടയര്‍ 2 ബോണ്ടുകളില്‍ വെളിപ്പെടുത്താത്ത കരുതല്‍ ശേഖരം, പുനര്‍മൂല്യനിര്‍ണ്ണയ കരുതല്‍, ഹൈബ്രിഡ് മൂലധന ഉപകരണങ്ങള്‍, നിക്ഷേപ കരുതല്‍ അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബേസല്‍ 3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇക്വിറ്റി ഷെയറുകള്‍ക്ക് സമാനമാണ് എടി1 ബോണ്ടുകള്‍.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രഹകന്‍ അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന കുരിശിന്റെ ചിത്രീകരണം തുടങ്ങി. മുട്ടുവിന്‍ തുറക്കപ്പെടും എന്ന ചിത്രത്തിന് ശേഷം മാസ്റ്റര്‍ ഫര്‍ഹാന്‍, വിഷ്ണു ടി. ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഗ്രാമപ്രദേശത്തുള്ള ഒരു കുട്ടി അടങ്ങുന്ന കുടുംബവും,വ്യത്യസ്ത രീതിയില്‍ നടക്കുന്ന 2 കൊലപാതകങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, തുടര്‍ന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികസങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. അടുത്തിടെ ഉണ്ടായ വിവാദമായ സമകാലീന സംഭവങ്ങള്‍ ഉള്‍കൊള്ളിച്ചാണ് കഥയുടെ ഉള്ളടക്കം.

നവാഗതനായ ബിബിന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ അനൂപ് നായകനായി ഒരുങ്ങിയ കുറ്റാന്വേഷണ ത്രില്ലര്‍ ചിത്രം 'ട്വെന്റി വണ്‍ ഗ്രാംസ്' കേരളത്തിലെ മികച്ച വിജയത്തിന് ശേഷം മാര്‍ച്ച് 31 മുതല്‍ ജി സി സി കേന്ദ്രങ്ങളിലും റിലീസ് ചെയ്യുന്നു. യൂ എ ഇ, ഖത്തര്‍, ബഹ്റൈന്‍, മസ്‌കറ്റ് തുടങ്ങി എല്ലാ പ്രമുഖ ജി സി സി കേന്ദ്രങ്ങളിലും ചിത്രത്തിന്റെ പ്രദര്‍ശനം ആദ്യ ദിനം മുതല്‍ തന്നെ ഗള്‍ഫില്‍ ഉണ്ടാകും. ഈ ത്രില്ലര്‍ ചിത്രത്തില്‍ അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, അനു മോഹന്‍, ചന്തുനാഥ്, ലെന, രഞ്ജിത്, രഞ്ജി പണിക്കര്‍, മറീന മൈക്കള്‍, നന്ദു, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവര്‍ അടങ്ങിയ ഒരു വല്യ താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. ദീപക് ദേവ് ഈണം ഒരുക്കിയ പാട്ടുകള്‍ക്ക് വിനായക് ശശികുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നു.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2022 ഏപ്രില്‍ 1 മുതല്‍ കമ്പനി തങ്ങളുടെ എല്ലാ മോഡലുകളുടെയും വില  കൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹന വില നാല് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അസംസ്‌കൃത വസ്തുക്കളുള്‍പ്പെടെയുള്ള ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിന്റെ ഫലമായാണ് ഈ വര്‍ധനയെന്ന് ടൊയോട്ട പറഞ്ഞു.  ബിഎംഡബ്ല്യു ഇന്ത്യ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. മാരുതി സുസുക്കിയും ടാറ്റയും വാഹന വില കൂട്ടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

HONESTY NEWS