MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ (05 ജൂൺ 2022).

        പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ജൂൺ 5 | ഞായർ | 1197 |  ഇടവം 22 |  ആയില്യം

ഇന്ന്  ജൂണ്‍ അഞ്ച്; ലോക പരിസ്ഥിതി ദിനം.

◼️സംരക്ഷിത വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയെത്തന്നെ സമീപിക്കും. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ തുടര്‍നടപടിക്കു രൂപമാകും. കൊച്ചി ഹൈക്കോടതിക്കു പിറകിലെ പക്ഷിസങ്കേതമായ മംഗളവനത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചാല്‍ കൊച്ചി നഗരത്തില്‍പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കാകും. വനാതിര്‍ത്തികളിലൂടെയുള്ള റോഡു നിര്‍മാണവും നിരോധിക്കപ്പെടും. താമസക്കാരായ പതിനായിരക്കണക്കിനു വീട്ടുകാരും പ്രതിസന്ധിയിലാകും.


◼️ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്നിന്റെ ഭാഗമായി നഗരകാര്യ മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയത്.

 

◼️പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. 500 രൂപ പിഴയോടുകൂടി ജൂണ്‍ 30 വരെ നീട്ടി. അവസാന തിയ്യതിക്കുള്ളില്‍ പാന്‍- ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴ ഇരട്ടിയാണ്.


◼️റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും. എട്ടാം തീയതിവരെയാണ് യോഗം. പലിശ നിരക്കു വര്‍ധന എട്ടാം തിയതി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചേക്കും. പണപ്പെരുപ്പം വര്‍ധിച്ചിരിക്കേ, വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന സൂചന ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ നല്‍കിയിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസായി കോര്‍ബവാക്‌സ് കുത്തിവയ്ക്കാന്‍ അനുമതി നല്‍കി. ആദ്യ രണ്ട് ഡോസായി കോവാക്സിനോ കോവിഷില്‍ഡോ സ്വീകരിച്ച 18 വയസിനു മുകളിലുള്ളവര്‍ക്കു കോര്‍ബവാക്‌സ് സ്വീകരിക്കാം. മൂന്നാമത്തെ ഡോസായി വ്യത്യസ്ത വാക്സിന്‍ കുത്തിവയ്ക്കാന്‍ അനുമതി നല്‍കുന്നത് ഇതാദ്യമായാണ്.


◼️പാമോയില്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ നിരപരാധിയെന്ന് ഉമ്മന്‍ ചാണ്ടി. കെ കരുണാകരനും ടി എച്ച് മുസ്തഫയും കുറ്റക്കാരല്ല. അതുകൊണ്ടാണ് രണ്ടു തവണ താന്‍ മുഖ്യമന്ത്രി ആയപ്പോഴും കേസ് പിന്‍വലിച്ചത്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു പിറകേ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഡൊമിനിക് പ്രസന്റേഷനെതിരെ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ്. യുഡിഎഫിനെതിരായാണ് എറണാകുളം ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായ ഡൊമിനിക് പ്രസന്റേഷന്‍ പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം.


◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ചടയമംഗലം മുന്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്, മില്‍മ മുന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച നേതാവാണ്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.

◼️കാലിക്കറ്റ് സര്‍വകലാശാല രണ്ടു വര്‍ഷംമുമ്പു നടത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ 83 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ലെന്നു സ്ഥിരീകരിച്ചു. ഉത്തരക്കടലാസുകള്‍ നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താന്‍ തീരുമാനമായിട്ടുണ്ട്.


◼️പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഗസ്റ്റില്‍ നടത്തുന്ന പ്ലസ്ടൂ തലം പ്രാഥമിക പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ ഈ മാസം 11 നകം നല്‍കണം. തസ്തികകളുടെ പേരും വിശദമായ സിലബസും വെബ്സൈറ്റില്‍ ലഭ്യമാണ്. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ടാകില്ല. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നല്‍കണം.


◼️കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. 196 സ്ത്രീകളടക്കം 377 തീര്‍ത്ഥാടകരാണ് നെടുമ്പാശ്ശേരിയില്‍നിന്ന് മദീനയിലെത്തിയത്.


◼️ആലുവ മേല്‍പാലത്തില്‍നിന്ന് പെരിയാറിലേക്കു ചാടി മൂന്നു പേര്‍ മരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് മക്കളായ കൃഷ്ണപ്രിയയേയും ഏകനാഥിനേയും പുഴയിലേക്കെറിഞ്ഞ് ജീവനൊടുക്കിയത്. കൃഷ്ണപ്രിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവരില്‍നിന്നു കിട്ടിയ ഫോണിലെ നമ്പരുകളിലേക്കു വിളിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

◼️കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി കോളജ് വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് അടച്ചു. ഹോസ്റ്റല്‍ മെസിലെ പ്രശ്നങ്ങള്‍ രണ്ടാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. മെസിലെ ഭക്ഷണം  കഴിച്ച 12 കുട്ടികള്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയിരുന്നു.


◼️കായംകുളത്തും കൊട്ടാരക്കരയിലും അടക്കം സ്‌കൂളിലും അങ്കണവാടിയിലും ഉണ്ടായ ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നു മന്ത്രി ഓര്‍മിപ്പിച്ചു. ഭക്ഷ്യവിഷബാധ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടറോടും റിപ്പോര്‍ട്ട് തേടി. ഭക്ഷ്യവിഷബാധയുണ്ടായ കായംകുളം ടൗണ്‍ യുപി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.


◼️കൊട്ടാരക്കരയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പ്പര്‍ സജ്‌ന ബീവിയെയുമാണ് സസ്‌പെന്റ് ചെയ്തത്.


◼️വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ പി.എച്ച്. നാസറിനെ അറസ്റ്റു ചെയ്തു.  ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിന്റെ സംഘാടകന്‍ എന്ന നിലയിലാണ് അറസ്റ്റ്. ഇതോടെ മുദ്രാവാക്യം വിളി കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 29 ആയി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ മാലമോഷണ കേസിലെ പ്രതി ആത്മഹത്യാശ്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആര്യനാട് സ്വദേശിയും 24 കാരനുമായ കുഞ്ഞുമോനാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്റ്റേഷനിലെ കക്കൂസിന്റെ ടൈല്‍ ഇളക്കിയെടുത്താണ് ഞരമ്പ് മുറിച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി ജയിലിലടച്ചു. മാലമോഷണക്കേസില്‍ കുഞ്ഞുമോനും ഭാര്യയും സഹായിയുമാണ് പിടിയിലായത്. കുഞ്ഞുമോന്‍ മയക്കുമരുന്നു കേസ് പ്രതിയുമാണ്.


◼️കാസര്‍കോട് ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത്, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ചു വിവാഹിതരായത്.


◼️സംസ്ഥാനത്തെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം നാളേയും ചൊവ്വാഴ്ചയും. മന്ത്രി എം വി ഗോവിന്ദനാണു യോഗം വിളിച്ചത്. മൂന്ന് മേഖലകളായി തിരിച്ചാണു യോഗം. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നാണു നിര്‍ദേശം.


◼️തൃശൂരില്‍ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ചുകളഞ്ഞു. തൃശൂര്‍ റൂറല്‍ പൊലീസിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവാണ് നശിപ്പിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ ചിറ്റിലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടുകമ്പനി ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


◼️സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ തൂങ്ങിമരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശിയുമായ പി.സി. അനീഷാണ് തൂങ്ങിമരിച്ചത്. ജോലി സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് അമ്മയോടു പറഞ്ഞശേഷമാണ് തൂങ്ങിമരിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു.


◼️കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമെന്നു ട്വീറ്റ് ചെയ്ത യുവമോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെ ബിജെപി പുറത്താക്കി.


◼️വിവാഹ ആപ്പ് വഴി അവിവാഹിതകളായ സത്രീകളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത വിരുതന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടില്‍ അസറുദ്ധീനെ (38)യാണ് മലപ്പുറം കരുവാരക്കുണ്ട്  പൊലീസ്  അറസ്റ്റു ചെയ്തത്. സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്താറുള്ളത്.


◼️പത്തനംതിട്ട കോന്നിക്കടുത്ത അരുവാപ്പുറത്ത് 85 വയസുള്ള വയോധികയെ പീഡിപ്പിച്ച ചെറുമകളുടെ ഭര്‍ത്താവായ 58 കാരനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്. ആദ്യ ഘട്ടത്തില്‍ പ്രതിയെ പേടിച്ച് വിവരം പുറത്തു പറഞ്ഞില്ല. എന്നാല്‍ ഉപദ്രവം തുടര്‍ന്നതോടെയാണ് വയോധിക പരാതിപ്പെട്ടത്. പ്രതിക്കു മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്നു പോലീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️ഒഡീഷയിലെ ബിജു ജനതാദള്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. ഇന്നു പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദ നേതാക്കളെ മാറ്റി യുവാക്കളെ രംഗത്തുകൊണ്ടുവരാനാണ് നീക്കം.


◼️ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ ഭാര്യയുടേയും മകന്റേയം പേരിലുള്ള കമ്പനിയില്‍നിന്ന് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. 600 രൂപയുടെ കിറ്റുകള്‍ 990 രൂപയ്ക്കാണു വാങ്ങിയതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആംആദ്മി പാര്‍ട്ടിയുടെ മന്ത്രിമാരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇതൊന്നും കാണുന്നില്ലേയെന്നു സിസോദിയ ചോദിച്ചു. എന്നാല്‍ ഭാര്യ സംഭാവനയായി നല്‍കിയതാണ് പിപിഇ കിറ്റുകളെന്നാണ് ആസാം മുഖ്യമന്ത്രി പ്രതികരിച്ചത്.


◼️കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചേക്കും. ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാന്‍ ബിജെപി സീറ്റ്  അനുവദിക്കാത്ത സാഹചര്യത്തിലാണ് ഈ അഭ്യൂഹം പരന്നിരിക്കുന്നത്. അടുത്ത മാസം ഏഴാം തീയതിയോടെ നഖ്വിയുടെ രാജ്യസഭ കാലാവധി അവസാനിക്കും.


◼️ബിജെപിയുടെ വരുമാനം 2020- 2021 സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയ പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. പൊതുതെരഞ്ഞെടുപ്പ് നടന്ന 2019 ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് വരുമാനം ഇടിഞ്ഞതായി കാണുന്നത്. 2019-2020 ല്‍ 3,623.28 കോടിയായിരുന്നു വരുമാനം. എന്നാല്‍, 2020-2021 ല്‍ 752.33 കോടി രൂപയേയുള്ളൂ. സാധാരണ സംഭാവന 577.97 കോടി രൂപയും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം 22.38 കോടി രൂപയുമാണ്. 2019 ല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി 2,555 കോടി രൂപ ലഭിച്ചിരുന്നു.

◼️യുപിയിലെ ഹാപുര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. എട്ടു  പേര്‍ മരിച്ചു. 25 തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 


◼️ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തെലങ്കാന ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനും ടിആര്‍എസ് എംഎല്‍എയുടെ മകനും എതിരേ ആരോപണം. എന്നാല്‍ ഇവരെ പ്രതികളാക്കിയിട്ടില്ല. കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റിലായി. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെകൂടി ഉടനേ പിടിക്കുമെന്നു പോലീസ്.


◼️പഞ്ചാബിലെ ബഥനി കാളന്‍ മേഖലയിലെ മോഗ മര്‍ക്കറ്റില്‍ പട്ടാപ്പകല്‍ ആറംഗസംഘം യുവാവിനെ തലയറുത്ത് കൊന്നു. 25 കാരനായ ദേശ് രാജ് ആണ് കൊല്ലപ്പെട്ടത്. ജനങ്ങള്‍ നോക്കി നില്‍ക്കെയാണ് വടിവാളുകളുമായി എത്തിയ അക്രമിസംഘം യുവാവിന്റെ കഴുത്തറുത്തത്.


◼️ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ സ്ത്രീക്കു ഭര്‍തൃവീട്ടുകാരുടെ മര്‍ദനം. സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇവരെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️പഞ്ചാബില്‍ കോണ്‍ഗ്രസില്‍നിന്നു നാല് മുന്‍മന്ത്രിമാരടക്കം അഞ്ചു നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. പാഞ്ച്കുലയില്‍ അമിത്ഷായുടെ സാന്നിധ്യത്തിലാണ് ഈ നേതാക്കള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.


◼️സ്വയം വിവാഹിതയാകാനുള്ള വഡോദര സ്വദേശിയായ 23 കാരി ക്ഷമ ബിന്ദുവിന്റെ തീരുമാനം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നു ബിജെപി വനിതാ നേതാവും വഡോദര മുന്‍ ഡെപ്യൂട്ടി മേയറുമായ സുനിത ശുക്ല. കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയും പ്രതികരിച്ചിരുന്നു. ഈ മാസം 11 ന് വഡോദരയിലെ ഹരിഹരേശ്വര്‍ ക്ഷേത്രത്തില്‍ സ്വയം വിവാഹിതയാകുമെന്നാണ് ക്ഷമ ബിന്ദുവിന്റെ തീരുമാനം.


◼️മധുരയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ജെസിബിയുടെ കൈ തട്ടി 34 കാരന്‍ തലയറ്റ് കൊല്ലപ്പെട്ടു. ഈറോഡ് ജില്ലയിലെ വിലങ്ങുടിയിലെ രാമമൂര്‍ത്തി നഗറില്‍ വീരരന്‍ എന്ന സതീഷ്  ആണ് മരിച്ചത്.  11 അടി താഴ്ചയില്‍ ഡ്രെയിനേജ് പൈപ്പ് ജോലിക്കിടെയാണ് ഇയാള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്.


◼️ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡുമായി ഏറ്റുമുട്ടും.

◼️അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയെട്ടുകാരനായ ടെവസ് ആദ്യമായി ബൂട്ടണിഞ്ഞ ബോക്ക ജൂനിയേഴ്സിന് വേണ്ടിയാണ് അവസാനമായും കളിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി ടെവസ് 76 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.


◼️ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്ത് ടാറ്റാ ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ജെവാറില്‍ വരാനിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാനുള്ള കരാറാണ് ടാറ്റാ ഗ്രൂപ്പിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പും യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. 5,700 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം. 2024 ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.


◼️അദാനി ഗ്രൂപ്പ് ചെയ്ര്മാന്‍ ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം വീണ്ടെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ മുകേഷ് അംബാനിയുള്ളത്. അദ്ദേഹത്തിന്റെ ആസ്തി 99.7 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. അതേസമയം, ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി.


◼️ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹന്‍' എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.


◼️ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് സംവിധായകന്‍. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്റര്‍ടൈനറാണ് ചിത്രം.


◼️പുതുക്കിയ വിറ്റാര ബ്രെസ കോംപാക്ട് എസ്യുവി ജൂണ്‍ 30-ന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കി ഒരുങ്ങുന്നു. എര്‍ട്ടിഗ അവതരിപ്പിച്ചതിന് ശേഷം ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ പ്രധാന ലോഞ്ച് ആയിരിക്കും ഇത്.  ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ . അതിന്റെ തുടക്കം മുതല്‍ ബ്രാന്‍ഡിന് വരുമാനം നല്‍കുന്ന മുന്‍നിരകളില്‍ ഒന്നാണ് കോംപാക്റ്റ് എസ്യുവി. . വരാനിരിക്കുന്ന അപ്‌ഡേറ്റ് ചെയ്ത മോഡല്‍ കാബിനിലും പുറത്തും നിരവധി അപ്‌ഡേറ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS