35 കിലോ കഞ്ചാവുമായി തൊടുപുഴ ഏഴല്ലൂർ സ്വദേശിയെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതിയായ വടിവാൾ വിഷ്ണു എന്നറിയപ്പെടുന്ന ചങ്ങനാപറമ്പിൽ വിഷ്ണു ആണ് പിടിയിലായത്. തൊടുപുഴ ഏഴല്ലൂർ സ്വദേശിയാണ് ഇയാൾ. തൊടുപുഴ ഡിവൈ. എസ്. പി മധു ബാബുവിന്റ നേതൃത്ത്വത്തിൽ ഇന്നലെ അര്ദ്ധരാത്രിക്ക് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൊടുപുഴ ഡിവൈ. എസ്. പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. തൊടുപുഴ ലയൺസ് ക്ലബ്ബിന് സമീപത്തു നിന്നും മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ കൈയിൽനിന്നും 7000 രൂപയും കണ്ടെടുത്തിട്ടുണ്ട് .
അതേസമയം ടൗണിൽ നിന്നും 35 കിലോ കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ പ്രതിക്ക് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിച്ചിരിക്കുന്നതായുള്ള സംശയം പോലീസിനുണ്ട്. പ്രതിയെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്