നായാട്ടിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ.

ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ മഹേന്ദ്രന്റെ മൃതദേഹം ആരും അറിയാതെ പോതമേട വനത്തിൽ കുഴിച്ചിടുകയായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് മരണമെന്നാണ് വിവരം.
സംഭവത്തിൽ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുക ആയിരുന്നുവെന്നും പോലീസ് വ്യക്‌തമാക്കി. കഴിഞ്ഞ 28 ആം തീയതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്.
തുടർന്ന് ജൂലൈ രണ്ടാം തീയതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി പോലീസ് കണ്ടെത്തി. പിന്നീട് പോലീസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ നായാട്ട് സംഘത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ പോലീസ് സ്‌റ്റേഷനിൽ എത്തുകയും നടന്ന വിവരങ്ങൾ തുറന്ന് പറയുകയുമായിരുന്നു.
നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തിൽ വെടിയേറ്റതാണെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്‌ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ല. അടുത്ത മണിക്കൂറിൽ സ്‌ഥലത്തെ മണ്ണ് മാറ്റി പരിശോധന നടത്തും.