
ഇടുക്കി ജില്ലയിലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ബോഡിനായ്ക്കന്നൂരിൽ 13 വർഷങ്ങൾക്ക് ശേഷം ട്രെയിൻ എത്തി. തേനിയിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി 10 കിലോമീറ്റർ വേഗത്തിൽ ബോഡിനായ്ക്കന്നൂരിലെത്തിയ ട്രെയിനിൽ പുഷ്പഹാരമണിയിച്ച നാട്ടുകാർ ആർപ്പുവിളികളോടെ സ്വീകരിച്ചു. പരീക്ഷണ ഓട്ടം വിജയിച്ചതായും ഡിസംബറോടെ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷൻ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
Also Read: ജോലി ചെയ്തിരുന്ന റിസോർട്ടിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞു; പ്രതി പിടിയിൽ.
തേനിയിൽ നിന്നു 15 കിലോമീറ്റർ ദൂരം വരുന്ന ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിർമാണം പൂർത്തിയായതോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. സ്റ്റേഷൻ കഴിഞ്ഞുള്ള റെയിൽപാതയുടെ നിർമാണം തുടരുകയാണ്.
ബോഡിനായ്ക്കന്നൂരിൽ സ്റ്റേഷനിലെത്തുന്ന ട്രെയിനുകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനുകളിലേക്കു വെള്ളം ശേഖരിക്കുന്നതും ബോഡിനായ്ക്കന്നൂർ സ്റ്റേഷനിൽ നിന്നായിരിക്കും. ഇതിനായി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. 75 കോടി രൂപയുടെ പ്രവർത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.
ഇടുക്കി ജില്ലയ്ക്കും ഏറെ പ്രതീക്ഷകൾ
ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്നു 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലെത്താം. ഇവിടെ നിന്നു ചെന്നൈയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടാകുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ചെന്നൈ, മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് എളുപ്പത്തിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ കഴിയും. ബോഡിനായ്ക്കന്നൂരിലേക്കുള്ള റെയിൽപാത വികസനം ജില്ലയിലെ സുഗന്ധവ്യഞ്ജന ചരക്ക് നീക്കത്തിനും ഗുണകരമാകും.

ബോഡിനായ്ക്കന്നൂരിൽ ട്രെയിൻ എത്തുന്നതോടെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്കും ഇടുക്കി ജില്ലയിൽ നിന്നു മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവർക്കും യാത്ര എളുപ്പമാകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




