
ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കുക. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ അർദ്ധ രാത്രിയോടെ ഇഡി ശിവശങ്കറിന്റെ അറസ്റ്റു നടപടികളിലേക്ക് കടന്നത്. ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ യൂണിടാക്കിന് ലഭിക്കാൻ കോഴ വാങ്ങി എന്നതാണ് ശിവശങ്കറിനെതിരെയുള്ള കേസ്.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ ഒരുകോടി രൂപയോളം വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് സ്വപ്നയുടെ മൊഴി. ഈ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമ്മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്