ബൈസൺവാലിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ കൊക്കയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. കോതമംഗലം നാടുകാണി കിഴക്കുംപാടം ഡിയോൺ ബിനോയ് (24) ആണ് മരിച്ചത്. ചെമ്മണ്ണാർ - ഗ്യാപ്പ് റോഡിൽ ബൈസൺവാലി ചൊക്രമുടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം നടന്നത്.
കോതമംഗലത്തുനിന്നും മൂന്നാറിനു വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ഡിയോൺ ബിനോയിയും സുഹൃത്ത് വിശാഖും. മൂന്നാറിൽനിന്ന് ഗ്യാപ് റോഡ് വഴി ഇറങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. കുത്തിറക്കവും കൊടുംവളവും നിറഞ്ഞ ചൊക്രമുടി കുടിയുടെ താഴ്ഭാഗത്താണ് അപകടം സംഭവിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ കൊടുംവളവ് തിരിയാതെ 30 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ബിനോയിയെയും വിശാഖിനെയും അടിമാലി ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയതിനുശേഷം വിദഗ്ധ ചികിത്സക്കായി കോതമംഗലം ആശുപത്രിയിലേക്കു കൊണ്ടുപോയി. കോതമംഗലത്ത് വച്ചാണു ബിനോയ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോതമംഗലം കുത്തുകുഴി കല്ലായികുന്നത്ത് വിശാഖ് രാജൻ ( 25) ആലുവയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്