
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജമുടി പതിനേഴുകമ്പനി സ്വദേശി മണലേൽ അനിൽ കുമാർ (57) ആണ് അറസ്റ്റിലായത്. രാജമുടി മണലേൽ വിശ്വനാഥൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വിശ്വനാഥൻ്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ. വിശ്വനാഥൻ്റെ വീടിനോട് തൊട്ടടുത്ത് തന്നെയാണ് ഇയാളും താമസിക്കുന്നത്.
Also Read: തൊടുപുഴയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍.
വിശ്വനാഥൻ്റെ വീടിൻ്റെ പുറകുവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകയറി പ്രതി രണ്ട് പ്ലാസ്റ്റിക്കു ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോയോളം കുരുമുളക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുരുമുളക് തോപ്രാംകുടിയിലെ വ്യാപാരസ്ഥാപനത്തിൽ വില്പന നടത്തി. വീടിനുള്ളിലെ അലമാരയിലും മേശയിലും പരിശോധന നടത്തിയ ശേഷം വസ്ത്രങ്ങൾ വാരിവലിച്ചിട്ടനിലയിലായിരുന്നു. ഇടുക്കിയിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പോലീസ് നായ ഇയാളുടെ വീട്ടിലാണ് എത്തിനിന്നത്. തുടർന്ന് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു.കസ്റ്റഡിയിലെടുത്ത് ഇന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും കുടുംബാംഗങ്ങളും പഴനിക്ക് ക്ഷേത്ര ദർശനത്തിന് പോയത്. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ തമിഴ്നാട് കേരള അതിർത്തിയായ ചിന്നാറിൽ എത്തിയപ്പോഴാണ് രാത്രി വീട്ടിൽ മോഷണം നടന്ന വിവരം ബന്ധുക്കൾ വിശ്വനാഥനെ വിളിച്ചറിയിത്. വിവരം കേട്ട വിശ്വനാഥൻ കാറിൽത്തന്നെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മുരിക്കാശേരി എസ്.ഐ.റോയി എൻ.എസ്, എസ്.ഐ സാബു തോമസ് എസ്.സി.പി.ഒമാരായ അഷറഫ് കാസിം, അഷറഫ് ഇ.കെ.സി.പി.ഒ ജയേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



