
തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ മ്രാലയ്ക്കടുത്ത് ഉന്തുവണ്ടിയിൽ സർബത്തിനൊപ്പം "കണ്ണും കിഡ്നിയും' വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ബോർഡ് കാണാം. തൊടുപുഴ കരിങ്കുന്നം സ്വദേശി എൻ.കെ. മധുവാണ് ഇത്തരത്തിൽ ഒരു ബോർഡ് വച്ചിരിക്കുന്നത്. സ്വന്തമായൊരു കിടപ്പാടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ മധു ശ്രമം തുടങ്ങിയിട്ട് പത്തുവർഷത്തോളമായി. എന്നാൽ യാതൊരു വഴിയുമില്ലെന്ന് മനസിലാക്കിയതോടെയാണ് മധു വൃക്കയും കണ്ണും വിൽപനയ്ക്ക് എന്ന ബോർഡ് ഉന്തുവണ്ടിയിൽ തൂക്കിയത്.
2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തൊടുപുഴ കരിങ്കുന്നത്ത് മധുവിനും കുടുംബത്തിനും ഭൂമി അനുവദിച്ചിരുന്നു. അന്ന് മുതൽ ഈ ഭൂമിക്ക് കരം അടയ്ക്കുന്നുമുണ്ട്. പക്ഷേ സ്ഥലം അളന്നു തിരിച്ച് കിട്ടുന്നതിനായി കഴിഞ്ഞ 10 വർഷമായി മധു താലൂക്ക്- വില്ലേജ് ഓഫിസുകളിൽ കയറിയിറങ്ങുകയാണ്. എന്നാൽ സർക്കാർ കാര്യങ്ങൾ അതിന്റെ മുറയ്ക്ക് നടക്കുമെന്നാണ് മധുവിന് ഉദ്യോഗസ്ഥരിൽ നിന്നും അവസാനം ലഭിച്ച മറുപടി. ഇപ്പോൾ കരിങ്കുന്നത്തിനടുത്ത് വാടക വീട്ടിലാണ് മധുവും ഭാര്യ ആലീസും താമസിക്കുന്നത്. രണ്ട് വർഷം മുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഉടൻതന്നെ ഭൂമി അളന്ന് തിരിച്ച് നൽകുമെന്ന് അറിയിപ്പ് ലഭിച്ചു. ഉത്തരവിന്റെ കോപ്പി താലൂക്ക് വില്ലേജ് ഓഫീസുകളിലും എത്തി. എന്നാൽ രണ്ടുമാസമായിട്ടും യാതൊരു വിവരവും ഇല്ലാതെ കരിങ്കുന്നം വില്ലേജിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസർ അപമാനിച്ചതായും മധു വ്യക്തമാക്കുന്നു.
"കണ്ണും കിഡ്നിയും' വിൽപ്പനയ്ക്കു വച്ചിരിക്കുന്ന ബോർഡ് കണ്ട് മധുവിനോട് കാര്യങ്ങൾ തിരിക്കുമ്പോൾ, മധു പറയുന്ന വാക്കുകൾ ആരുടെയും ഉള്ളു പൊള്ളിക്കുന്നതും കണ്ണു നനയിക്കുന്നതുമാണ്. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ ഭാര്യയ്ക്ക് കയറിക്കിടക്കാൻ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് വേണം. അതിന് വേണ്ടിയാണു ഞാൻ വൃക്കയും കണ്ണും വിൽപനയ്ക്കെന്ന ബോർഡ് തൂക്കിയത്. ഇന്ത്യൻ നിയമപ്രകാരം അവയവ കച്ചവടം നിരോധിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.പക്ഷേ എന്റെ നിലപാടിൽ നിന്ന് ഞാൻ പിന്നോട്ട് പോവില്ല. പണത്തിനു വേണ്ടിയല്ല ഈ ബോർഡ്, ഞങ്ങൾക്ക് താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം. അത് മാത്രമാണ് ലക്ഷ്യം.'' ലൈഫ് പദ്ധതിയിലൂടെ പണം കിട്ടി വീട് പണിയണമെന്നായിരുന്നു ഞങ്ങളുടെ സ്വപ്നം. പക്ഷേ സ്വന്തം ഭൂമി ഇല്ലാത്തതിനാൽ അതു നടന്നില്ല എന്നും മധു വ്യക്തമാക്കുന്നു.
മൂത്ത മകൻ കരൾ രോഗത്തെത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധചികിത്സയ്ക്കായി പാലായിലെ ആശുപ്രതിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകും വഴി ജീപ്പുമായി കുട്ടിയിടിച്ച് തലയ്ക്ക് മാരകമായി പരുക്കേറ്റ് മരണണപ്പെട്ടു. നാല് മക്കളിൽ ഒരാൾ മരണപ്പെടുകയും രണ്ടു പെൺമക്കളെ വിവാഹം ചെയ്തയക്കുകയും ചെയ്തു. ഇളയ മകൻ മധുവിനൊപ്പമുണ്ട്. മധു എന്ന സർബത്ത് വിൽപ്പനക്കാരൻ ഇതെല്ലാം പറയുമ്പോളും ‘വിൽക്കാൻ’ വച്ചിരിക്കുന്ന കണ്ണുകൾ നിറഞ്ഞുതന്നെയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



