
ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. നെടുങ്കണ്ടം പോലീസ് സ്റ്റേഷന് മുൻപിലുള്ള ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്. കട്ടപ്പനയിൽ നിന്നും രാജകുമാരിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സമീപത്ത് എത്തിയപ്പോൾ ആംബുലൻസ് വരുന്നത് ശ്രദ്ധിക്കാതെ ജീപ്പ് ഡ്രൈവർ താന്നിമൂട് ഭാഗത്തേക്ക് വാഹനം തിരിക്കുന്നതിനിടെ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ വീട്ടിലേക്ക് മാറ്റുവാനായി ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ ഇവർക്ക് രാജകുമാരിയിലേക്ക് പോരുന്നതിനായി ആംബുലൻസിന് നല്കാൻ പണം ഇല്ലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കട്ടപ്പന ഡവലപ്പ്മെന്റ് ഫോമിന്റെ നേതൃത്വത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പണം സ്വരൂപിക്കുകയും തിരുവനന്തപുരത്തുനിന്നും വന്ന ആംബുലൻസിന് പണം നൽകുകയും ചെയ്തു. തുടർന്ന് കട്ടപ്പനയിൽ നിന്നും രോഗിയെ രാജകുമാരിയിലേക്ക് എത്തിക്കുന്നതിനായി കട്ടപ്പന മലനാട് യൂണിയൻറെ ആംബുലൻസ് സൗജന്യമായി വിട്ടു നൽകി.
ആംബുലൻസുമായി ജനകീയ രക്തദാന സേന ജില്ലാ കോഡിനേറ്റർ ഷിജുവും, വിഷ്ണുവും കട്ടപ്പനയിൽ നിന്നും രാജകുമാരിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് രോഗിയെ നെടുങ്കണ്ടത്ത് നിന്നും മറ്റൊരു ആംബുലൻസിൽ രാജകുമാരിയിലേക്ക് മാറ്റി. നെടുങ്കണ്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്