കുളമാവ് ജലാശയത്തിൽ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ കോഴിപ്പിള്ളി സ്വദേശി വല്യവീട്ടിൽ ദിവാകരന്റെ (50) മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം ജലാശയത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നുദിവസം മുൻപ് ഫൈബർ വള്ളം മറിഞ്ഞ് മൂന്നു പേരെയാണ് കാണാതായത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. അതീഷ്, ബാബു കുട്ടൻ എന്നിവരെ കരയ്ക്ക് നിന്നിരുന്ന മുത്തിയുരുണ്ടയാർ സ്വദേശികളായ തച്ചിലേടത്ത് നോബിൾ , ചാണ്ടി എന്നിവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ ദിവാകരനെ അപകടത്തെ തുടർന്ന് കാണാതാവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പോലീസിന്റെയും നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഇദ്ദേഹത്തിനായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു. എന്നാൽ മൂന്ന് ദിവസവും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.
ഇന്ന് തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ അവസാനഘട്ട തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കും പോസ്റുമോർട്ടത്തിനുമായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.