
ചിന്നക്കനാലിലും ശാന്തൻപാറയിലും നാശം വിതച്ച അരിക്കൊമ്പനെ പിടികൂടുന്നതിനുളള വനംവകുപ്പിന്റെ ദൗത്യം നിർത്തിവെച്ചു. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ദൗത്യമാണ് നിർത്തിവെക്കുന്നത്. ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു.
മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും അരിക്കൊമ്പനെ കണ്ടെത്താനായില്ല. ചിന്നക്കനാലിലെ സിമൻറ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നെങ്കിലും അക്കൂട്ടത്തിൽ അരിക്കൊമ്പനില്ല എന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ദൗത്യം നിർത്തിവെച്ചത്. മുളന്തണ്ടിൽ ഒരു വീട് ആന ആക്രമിച്ചു എന്ന വിവരത്തെ തുടർന്ന് അത് അരിക്കൊമ്പനാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അങ്ങോട്ടേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ പുറപ്പെട്ടിട്ടുണ്ട്.
301 കോളനിക്ക് സമീപം ഇന്നലെ രാത്രി വരെ അരിക്കൊമ്പനുണ്ടായിരുന്നു. എന്നാൽ ദൗത്യസംഘം കാടുകയറിയതോടെ ആനയെ കാണാതായി. രാവിലെ നാലര മണിക്കാണ് സംഘം കാടുകയറിയത്. 150 പേർ ദൗത്യ സംഘത്തിലുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്