ഉടുമ്പന്നൂരിന് സമീപം കീഴാര്‍കുത്തില്‍ ട്രക്കിംഗിനു പോയ എട്ടംഗ സംഘത്തില്‍പ്പെട്ട യുവാവ് പാറക്കെട്ടില്‍നിന്നു താഴെ വീണു. 30 അടി ചെങ്കുത്തായ താഴ്ചയിലേക്കു വീണ യുവാവിനെ നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ജിജു ജയിംസ് (35) ആണ് അപകടത്തില്‍പ്പെട്ടത്.
Also Read: വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണം; വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്.
ഫോര്‍ട്ട് കൊച്ചിയിലെ ട്യൂഷന്‍ സെന്‍ററില്‍നിന്ന് ഇന്നലെ രാവിലെയാണ് എട്ടംഗ സംഘം മലയിഞ്ചിയില്‍നിന്ന് ട്രക്കിംഗിനു പുറപ്പെടുന്നത്. ഇവര്‍ 11-ന് കീഴാര്‍കുത്തിന് ഒന്നര കിലോമീറ്റര്‍ താഴ്ഭാഗത്തുള്ള കൊച്ചുകുത്തില്‍ എത്തി. ഇവിടെനിന്നു ഇറങ്ങാന്‍ ശ്രമിക്കവേ ജിജു പാറക്കെട്ടില്‍നിന്ന് കാലു തെന്നി താഴെ വീഴുകയായിരുന്നു.
ഇന്നലെ രാവിലെ കീഴാര്‍കുത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലൊരാള്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍നിന്ന് കരിമണ്ണൂര്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് കരിമണ്ണൂര്‍ എസ്‌ഐ ബിജു ജേക്കബ്, എഎസ്‌ഐ ജോസ് ജോണ്‍, സിപിഒ പി.ടി. രാജേഷ് എന്നിവര്‍ നാട്ടുകാരനായ ബിനീഷിന്‍റെ സഹായത്തോടെ സംഭവസ്ഥലത്തേക്കു തിരിച്ചു. കണ്‍ട്രോള്‍ റൂമില്‍നിന്ന് ലഭിച്ച സംഘത്തിന്‍റെ ഫോണ്‍ നന്പറില്‍ പലതവണ ശ്രമിച്ച് ഒടുവില്‍ ബന്ധപ്പെടാനായി. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരമനുസരിച്ച് മലയിഞ്ചിയില്‍നിന്ന് നാലര കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്ന് 1.20ന് ഇവര്‍ സംഭവസ്ഥലത്തെത്തി. അപ്പോള്‍ വീഴ്ചയുടെ ആഘാതത്തില്‍ എഴുന്നേല്‍ക്കാനാകാതെ കിടക്കുകയായിരുന്നു യുവാവ്.
പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു തെന്നിനീങ്ങി തലയ്ക്കും വാരിയെല്ലിനും കൈക്കും പരിക്കേറ്റിരുന്നു. കുത്തിലേക്കു വിഴാതിരുന്നതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. ഇതിനിടെ, ഒപ്പമുണ്ടായിരുന്നവര്‍ താഴെയിറങ്ങി ജിജുവിന്‍റെ സമീപം എത്തി ശുശ്രൂഷ നല്‍കിയിരുന്നു. ഇവരാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പിന്നീട് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ഖാന്‍റെ നേതൃത്വത്തില്‍ തൊടുപുഴയില്‍നിന്നു എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മലയിഞ്ചി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ സ്ട്രെച്ചറില്‍ കിടത്തി വാഹനമെത്തുന്ന മലയിഞ്ചിയിലെത്തിക്കുകയായിരുന്നു.
വീഴ്ചയില്‍ സാരമായി പരിക്കേറ്റ ജിജുവിനെ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ തലയ്ക്കും വാരിയെല്ലിനും കാല്‍മുട്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പധികൃതരും സ്ഥലത്തെത്തിയിരുന്നു. നടപ്പുവഴി പോലമില്ലാത്ത കാട്ടാനയുള്ള കൊടുംകാട്ടിലാണ് സംഘം അപകടത്തില്‍പ്പെട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്