ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണ കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇടുക്കി തടിയംപാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ്(37), ഇയാളുടെ സുഹൃത്ത് ഇടുക്കി പാമ്പാടുംപാറ സ്വദേശി പുത്തൻവീട്ടിൽ രതീഷ്(27) എന്നിവരാണ് അറസ്റ്റിലായത്.
ലൈജുവിനോടുള്ള വ്യക്തിവൈരാഗ്യം ആണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേസിന്റെ ആദ്യഘട്ടത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്റ്റേഷന് സമീപത്തായി ആസിഡ് ഉപയോഗിച്ചുള്ള കൊലപാത ശ്രമം നടന്നപ്പോൾ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചിട്ടും പോലീസ് സംഭവസ്ഥലത്ത് എത്താൻ വൈകിയെന്നും ഇതുമൂലം പ്രതികൾക്ക് രക്ഷപെടാൻ സാഹചര്യം പോലീസ് ഒരുക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. തുടർന്ന് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദേശാനുസരണം ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടന്നത്. ആക്രമണം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങളിൽ വ്യക്തതയില്ലായിരുന്നു. തുടർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തുകയായിരുന്നു. ഇടുക്കി എസ്പി കുര്യാക്കോസിന്റെ നേതൃത്വത്തിൽ പോലീസ് പഴുതടച്ചുള്ള അന്വേഷണത്തിൽ പ്രതികളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇടുക്കി ഡിവൈഎസ്പി കഞ്ഞിക്കുഴി കരിമണൽ സിഐ മാർ ഉൾപ്പെടെ 14 അംഗ ടീമാണ് അന്വേഷണത്തിന് നേതൃത്വം നടത്തിയത്.
ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പഞ്ഞിക്കാട്ടിൽ ലൈജുവിന് നേരെയാണ് കഴിഞ്ഞ 9ന് രാത്രി പത്തരയോടെ ആസിഡ് ആക്രമണം ഉണ്ടായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ആക്രമികള്‍ ചെറുതോണിയില്‍ ഒന്‍പതുമണിക്ക് ലൈജുവിന്‍റെ കടക്ക് എതിര്‍വശം എത്തിയതായി കണ്ടെത്തിയിരുന്നു. ലൈജു കടയടച്ച് പുറത്തിറങ്ങി വാഹനത്തിൽ പോകുമ്പോൾ ആക്രമികളും ഈ വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളോഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ വാഹനം തടഞ്ഞ് നിർത്തി ലൈജുവിന്‍റെ ദേഹത്ത് ആസിഡൊഴിക്കുകയായിരുന്നു. കണ്ണിനും കഴുത്തിനും ശരീരത്തുമായി പൊള്ളലേറ്റ ലൈജു കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






