
ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം തടവും 20000 രൂപ പിഴയും ശിക്ഷ. കട്ടപ്പന അമ്പലക്കവല മഞ്ഞാങ്കല്‍ അഭിലാഷ് തങ്കപ്പനെ (39) ആണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.ഹരികുമാര്‍ ശിക്ഷിച്ചത്. അഭിലാഷിന്റെ ഭാര്യാ പിതാവായ കട്ടപ്പന ഇലഞ്ഞിപ്പിള്ളില്‍ ദാസന്‍ (57) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ദാസന്റെ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും കൂടി അനുഭവിക്കണം.
അതിക്രമിച്ചു കയറിയതിന് അഞ്ചു വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. 2013 നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ദാസന്റെ മകളായ അഭിലാഷിന്റെ ഭാര്യ പ്രതിയുടെ ദോഹോപദ്രവം മൂലം രണ്ടു കുട്ടികളുമായി സ്വന്തം വീട്ടില്‍ എത്തി താമസിക്കുകയായിരുന്നു. ഇതോടെ അഭിലാഷ് ഇവരോട് വീട്ടില്‍ പോകാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും ദേഹോപദ്രവം പേടിച്ച് ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് സംഭവ ദിവസം അഭിലാഷ് ദാസന്റെ വീട്ടില്‍ വരികയും ഇയാളുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കത്തിയ്ക്ക് കുത്തുകയുമായിരുന്നു.
ഇരുവര്‍ക്കും പുറമെ ദാസന്റെ മകന്റെ ഭാര്യ സൗമ്യയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളും. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ദാസനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്