
തൊടുപുഴ പുറപ്പുഴയില്‍നിന്ന് ഒന്‍പതു ദിവസം മുൻപ് കാണാതായ പതിനേഴുകാരായ കമിതാക്കളെ തൃശൂരില്‍ പോലീസ് കണ്ടെത്തി. തൃശൂര്‍ പൂരവും ബംഗളൂരു സിറ്റിയും കാണുക എന്ന ആഗ്രഹത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വീടു വിട്ടിറങ്ങിയത്. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയാണ് കൗമാരക്കാരനൊപ്പം കഴിഞ്ഞ ദിവസം നാടുവിട്ടത്.
മൊബൈല്‍ഫോണ്‍ വിറ്റു കിട്ടിയ 1800 രൂപയുമാണ് ഇരുവരും നാടുവിട്ടത്. ലോഡ്ജില്‍ മുറി എടുക്കാനുള്ള പണം ഇല്ലാതിരുന്നതിനാല്‍ എറണാകുളം മുതല്‍ കൊല്ലം വരെയും തിരികെയും മൂന്നു തവണ ട്രെയിനില്‍ സഞ്ചരിച്ചു. ബംഗളൂരുവിലേക്കു പോയതും ട്രെയിനിലായിരുന്നു. ടിക്കറ്റെടുക്കാതെ ജനറല്‍ കംപാര്‍ട്ട്മെന്‍റിലായിരുന്നു യാത്ര. ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്.
ബംഗളൂരുവില്‍നിന്നു തിരികെവരുമ്പോൾ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനാല്‍ ട്രെയിനില്‍ പരിചയപ്പെട്ട ഒരു കന്യാസ്ത്രീയാണ് 200 രൂപ നല്‍കി സഹായിച്ചത്. ഇരുവരെയും നാട്ടിലെത്തിച്ച് ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടുകയും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ മൈലക്കൊമ്പിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്