
കൊല്ലം-തേനി ദേശീയപാതയിൽ പെരുവന്താനം പുല്ലുപാറക്ക് സമീപം കടുവ പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട സിമൻറ് ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. മുണ്ടക്കയം പറത്താനം സ്വദേശി പുതുവൽ മെൽബിനാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5.00 മണിയോടെയാണ് അപകടം ഉണ്ടായത്.
കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയത്തേക്ക് സിമന്റുമായി പോയ ലോറി കടുവാപാറ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. മുണ്ടക്കയത്തുനിന്ന് അപ്പുവുമായി കുട്ടിക്കാലത്തേക്ക് വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. നിസ്സാരപരിക്കേറ്റ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരമണിക്കൂറോളം സമയം എടുത്താണ് വാഹനത്തിൽ കുടുങ്ങിയ മെൽബിനെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം നടത്തുക അതീവ ദുഷ്കരമായിരുന്നു.
പീരുമേട് ഫയർഫോഴ്സും പെരുവന്താനം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയ നാട്ടുകാരും ചേർന്ന് ചെറിയ വാഹനങ്ങൾ ഉയർത്തുന്ന ക്രെയിനും വടവും ഉപയോഗിച്ചാണ് ഓട്ടോയിൽ കുടുങ്ങിയ മെൽബിനെ പുറത്തെടുത്തത്. ഉടൻ തന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. പെരുവന്താനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








