
തൊടുപുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ഡോ. ഉല്ലാസ് ആര്‍. മുല്ലമല (42) യ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. അകാലത്തില്‍ പൊലിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട യുവഡോക്ടറെ ഒരു നോക്കു കാണാന്‍ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളെത്തിയിരുന്നു.
Also Read: മാങ്കുളത്ത് കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
അഞ്ചു വര്‍ഷമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ഉല്ലാസ് ആര്‍. മുല്ലമല രോഗികളുടെയും സഹപ്രവര്‍ത്തകരുടെയും ഹൃദയം കവര്‍ന്ന ഡോക്ടറായിരുന്നു. ഇന്നലെ നാലോടെയാണ് ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്.
ശനിയാഴ്ച സഹപ്രവര്‍ത്തകനൊപ്പം പിറവം മാമലശേരിയിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഡോക്ടര്‍ ഉല്ലാസ്. ഇവിടെ പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ശനിയാഴ്ച രാത്രി ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഉല്ലാസ് ബൈപ്പാസ് സര്‍ജറിയില്‍ വിദഗ്ധനായിരുന്നു. ഒട്ടേറെ രോഗികളാണ് അദ്ദേഹത്തിന്‍റെ ചികിത്സയെത്തുടര്‍ന്ന് ഹൃദയസംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തമായത്. രോഗികളോട് ഏറെ സൗഹാര്‍ദപരമായി ഇടപഴകിയിരുന്ന ഡോക്ടര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലും ബോധവത്കരണ ക്ലാസുകളിലും സെമിനാറുകളിലും സജീവ സാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിയായ ഡോക്ടര്‍ ഉല്ലാസ് ആര്‍. മുല്ലമല കുടുംബസമേതം കദളിക്കാടായിരുന്നു താമസം.
ഇന്നലെ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്സി കുര്യന്‍റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളും ഒട്ടേറെ ജനങ്ങളും ആശുപത്രിയിലും കദളിക്കാട്ടെ വീട്ടിലും അന്തിമോപചാരം അര്‍പ്പിച്ചു.
ഭാര്യ ഡോ. അമൃത രാജന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കുകയാണ്. തൊടുപുഴ ഡിപോള്‍ വിദ്യാര്‍ഥികളായ ഹര്‍ഷിത, ഹന്‍സിയ എന്നിവരാണ് മക്കള്‍. മൃതദേഹം മുതലക്കോടം ആശുപത്രിയിലും കദളിക്കാട്ടെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം രാത്രിതന്നെ സ്വദേശമായ ഏറ്റുമാനൂരിനു കൊണ്ടു പോയി. ഇന്നു രാവിലെ 10ന് സംസ്കാരം നടത്തും. ഇന്ന് ഹോളിഫാമിൽ ആശുപത്രിക്ക് അവധിയായിരിക്കുമെന്ന് ആശുപത്രി സി ഇ ഓ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്