
യൂസഫലിയും ലുലു ഗ്രൂപ്പും ചൂണ്ടിക്കാട്ടിയ വീഡിയോകളും വാർത്താ ലിങ്കുകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ചന്ദ്രധാരി സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായി വാർത്തകൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസിൽ മറുനാടൻ മലയാളിയുടെ വാദങ്ങൾ വിശദമായി ബോധിപ്പിക്കാമെന്നും കോടതി അറിയിച്ചു. കോടതി ഉത്തരവ് അനുസരിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ വീഡിയോകളും വാർത്തകളും പിൻവലിച്ചതായി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറിയിച്ചു. യൂസഫലിക്ക് വേണ്ടി സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി അഡ്വ. സൗരഭ് കൃപാൽ, അഡ്വ. പ്രവീൺ ആനന്ദ്, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. സെയ്ഫ് ഖാൻ, അഡ്വ. അച്യുതൻ ശ്രീകുമാർ, അഡ്വ. മുഷ്താഖ് സലീം, അഡ്വ. രഞ്ജീത്ത റോത്തഗി, അഡ്വ. നിഖിൽ അറോറ, അഡ്വ. റോഹിത് ബൻസാൽ, അഡ്വ. അസ്റ്റർ അസീസ്, അഡ്വ. അപൂർവ പ്രസാദ് എന്നിവർ കോടതിയിൽ ഹാജരായി. മറുനാടൻ മലയാളിക്ക് വേണ്ടി അഡ്വ. അൽജോ കെ ജോസഫാണ് ഹാജരായത്. കേസ് വീണ്ടും ഓഗസ്റ്റ് 22ന് പരിഗണിക്കും.