
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ നഴ്‌സ് നേഹ ജോണിനാണു പരുക്കേറ്റത്. ന്യൂറോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനമേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ വിഭാഗമായ 25-ാം വാര്‍ഡില്‍ മെയ് ഒന്‍പതിനു പുലര്‍ച്ചെയാണ് സംഭവം.
ഇടുക്കി ഉപ്പുതറ സ്വദേശിയാണ് ആക്രമണം നടത്തിയത്. സംഭവദിവസം ഡിസ്‌ചാര്‍ജാകേണ്ടതായിരുന്നു ഉപ്പുതറ സ്വദേശി. രാവിലെ 5.45നു കുത്തിവയ്‌പ് എടുക്കുവാന്‍ എത്തിയപ്പോള്‍ കുത്തിവയ്‌ക്കേണ്ടെന്നു പറഞ്ഞ് അക്രമാസക്‌തനാകുകയായിരുന്നു. തുടര്‍ന്നു നഴ്‌സിന്റെ വലതു കൈ പിടിച്ചു തിരിച്ചൊടിക്കുകയും അസഭ്യം പറയുകയും ചെയ്‌തു.
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോയ നഴ്‌സിനു യാത്രാമധ്യേ കൈയ്‌ക്കു നീരും അസഹനീയമായ വേദനയും അനുഭവപ്പെട്ടു. തുടർന്ന് ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്‌ടറെ കണ്ട് ചികിത്സ തേടി. എക്‌സ്‌റേ പരിശോധനയില്‍ കൈയ്‌ക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. പ്ലാസ്‌റ്റര്‍ ഇട്ടു വിശ്രമത്തിലാണ് നേഹ. ഇതിനിടെ നഴ്‌സിനെ ആക്രമിച്ച രോഗിയെ ഡിസ്ചാർജ് ചെയ്ത ശേഷം പറഞ്ഞുവിട്ടു. നേഹ നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




