
ജനവാസ മേഖലയിൽ സ്ഥിരമായിറങ്ങി ശല്യമുണ്ടാക്കിയതിനെത്തുടർന്ന് ന്നക്കനാലിൽനിന്ന് നാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് തമിഴ്നാടും പൊറുതിമുട്ടുന്നു. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പൻ അവിടെ കൃഷി ഉൾപ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകർത്തു. ഇതോടെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.
Also Read: കൈക്കൂലി കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കഠിനതടവ്.
കഴിഞ്ഞ രണ്ടു ദിവസമായി മേഘമലയിൽ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. കൃഷിയിടവും തമിഴ്നാട് വനം വകുപ്പിന്റെ വാഹനവും കഴിഞ്ഞ ദിവസം രാത്രി തകർത്തു. വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. ഇതോടെ വനപാലകർ ആനയെ തുരത്തിയോടിക്കാൻ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകർക്കുകയുമായിരുന്നു. നിലവിൽ വനപാലകരും നാട്ടുകാരും ചേർന്ന് തമിഴ്നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്.
പെരിയാർ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മേഘമലയിലെത്തും. തുടർന്ന് ആനെയ പെരിയാർ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
റേഡിയോകോളർ ഘടിപ്പിച്ചിട്ടും രണ്ടു ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഘലയിൽ നിലയുറപ്പിച്ചു. ഇതേപ്പറ്റി കൃത്യമായ വിവരം തമിഴ്നാടിന് കൈമാറാൻ കേരളത്തിന് സാധിച്ചില്ല. കാലാവസ്ഥാ വ്യതിയാനം മൂലം റേഡിയോ കോളർ കൃത്യമായി പ്രവർത്തിക്കാത്തതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. ചില സമയങ്ങളിൽ സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നുണ്ട്.
നേരത്തേ മണലൂർ എസ്റ്റേറ്റിൽനിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട ശേഷം അരിക്കൊമ്പന്റേതായി പുറത്തുവന്ന ആദ്യ ദൃശ്യമായിരുന്നു ഇത്. മേഖലയിൽനിന്ന് വെള്ളം കുടിച്ച ശേഷം പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ തകർത്തതിന്റെ വിവരണങ്ങളും ചിത്രങ്ങളും പത്രത്തിൽ നൽകിയിരുന്നു. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതിൽ തകർക്കുകയും അരിച്ചാക്ക് ഉൾപ്പെടെ നശിപ്പിക്കാൻ ശ്രമിച്ചതുമായിരുന്നു വാർത്ത. എന്നാൽ ഇത് അരിക്കൊമ്പൻ തന്നെയാണോ എന്നതിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. അതേസമയം അരിക്കൊമ്പൻ അതേ മേഖലയിൽ വിഹരിക്കുന്നതിനിടെത്തന്നെയാണ് ഈ പത്രവാർത്തയും പ്രചരിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്