
പന്തളത്ത് നിന്നും അടൂർ ഭാഗത്തേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലുമാണ് ജീപ്പ് ഇടിച്ചത്. തുടർന്ന് സമീപത്തെ കടയിലേക്കും ജീപ്പ് ഇടിച്ചുകയറി. അപകടസമയത്ത് കടയ്ക്കുള്ളിൽ ആരുമില്ലായിരുന്നു എന്നത് വലിയ അപകടം ഒഴിവാക്കി. എന്നാൽ കടയ്ക്കുള്ളിലെ സാധനങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ജീപ്പ് ഓടിച്ചിരുന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രികയായിരുന്ന മാന്തുക സ്വദേശി ആര്യ, തൊട്ടു പിന്നിൽ ബൈക്കിലെത്തിയ കൊല്ലം സ്വദേശി ബിലാക്ഷൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ കൊല്ലം സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ ജീപ്പ് ഓടിച്ചിരുന്ന ഡോക്ടർ ജോലി ചെയ്യുന്ന ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്ന വിവരം.
അപകടകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. ഇതുസംബന്ധിച്ച വിശദീകരണം ഒന്നും വാഹനമോടിച്ചിരുന്ന ഡോക്ടറോ പ്രദേശവാസികളോ നൽകുന്നില്ല. റോഡിന്റെ ഇടതുവശം ചേർന്ന് വന്നിരുന്ന ജീപ്പ് പെട്ടെന്ന് എതിർദിശയിലേക്ക് കടന്ന് അപകടത്തിൽപ്പെടുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.jpeg)





