തൊടുപുഴ ആലക്കോട് ഇടിമിന്നലേറ്റ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഇടുക്കി പൂപ്പാറ സ്വദേശി രാജ(45)ആണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ മരണപ്പെടുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിലെ 11 തൊഴിലാളികൾക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താൽക്കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുന്നതിനിടെയാണ് മിന്നലേറ്റത്.
പാറമടയിൽ ജോലിചെയ്തിരുന്ന കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ ആശോകൻ (50), ജോൺ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാജയുടെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്