ഇടുക്കി നേര്യമംഗലം റോഡിൽ പനംകുട്ടി ലോവർപെരിയാർ ഡാമിന് സമീപം സ്വകാര്യ ബസ്സും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 യോടെ ആയിരുന്നു അപകടം.
കുമളിയിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സും നേര്യമംഗലം ഭാഗത്ത് നിന്നും പനംകുട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇരുവാഹനങ്ങളും അമിതവേഗതിയിൽ ആയിരുന്നുവെന്നും ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതെന്നുമാണ് ബസ് യാത്രക്കാർ വ്യക്തമാക്കുന്നത്. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും ലോറിയുടെ മുൻഭാഗം ഭാഗികമായിയും തകർന്നു. ഒന്നരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കരിമണൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു. ഇരു വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം പനംകുട്ടി മുതൽ തട്ടേക്കണ്ണി വരെയുള്ള ഭാഗങ്ങളിൽ റോഡിന് ഇരുവശവും വളർന്നു നിൽക്കുന്ന ഈറ്റകളും മരശിഖരങ്ങളും ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. തുടർച്ചയായി നിരവധി അപകടങ്ങളാണ് ഈ പ്രദേശങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബസ് ഉൾപ്പെടെ 15 ഓളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.
മഴക്കാലമായതോടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. എന്നാൽ റോഡിൽ ഇരുവശവും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന കാടുകളും മരശിഖരങ്ങളും വെട്ടി മാറ്റിയാൽ അപകടങ്ങൾ ഒഴിവാകും. ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാകും എന്ന പൂർണ ബോധ്യമുള്ളതിനാൽ തന്നെയാണ് അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നത്.





