
ഇടുക്കി ബൈസണ്‍വാലിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ കേസില്‍ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി ബൈസൺവാലി സൊസൈറ്റിമേട് സ്വദേശികളായ വള്ളോമാക്കൽ തങ്കച്ചന്‍ (65), കണക്കാഞ്ചേരിക്കുടിയിൽ താത്ത എന്ന ശിവരാജൻ (59) എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുന്‍പാണ് പതിനൊന്ന് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് പീഡന ശ്രമം പുറത്ത് അറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്‌ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാജാക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.







