
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ ആനചാടിക്കുത്ത് രൗദ്രഭാവത്തിലാകുമെങ്കിലും അപകടസാധ്യതയില്ലാത്ത വെള്ളച്ചാട്ടം കാണാൻ നൂറുകണക്കിന് സഞ്ചാരികൾ എത്തിതുടങ്ങി. മാരിവില്ലിന്റെ മനോഹാരിതയിൽ പാറയിൽ തട്ടി നുരയും പതയുമായി പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിന് കൗതുകവും മനസ്സിന് കുളിർമയും പകരുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെ തൊമ്മൻകുത്തിനു സമീപത്തായുള്ള വെള്ളച്ചാട്ടമാണ് ആനചാടി കുത്ത് വെള്ളച്ചാട്ടം അഥവാ ആനയടി കുത്ത് വെള്ളച്ചാട്ടം. മഴക്കാല മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ സാധിക്കൂ. ജൂൺ മുതൽ ഒക്ടോബർ മാസം വരെ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.
പ്രദേശവാസികൾ വെള്ളച്ചാട്ടത്തിനെ ആനചാടി കുത്ത് എന്ന് വിളിക്കുന്നു. പരിസരവാസികൾ പറയുന്നതനുസരിച്ചു വർഷങ്ങൾക്ക് മുൻപ് കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം. ഒരിക്കൽ രണ്ടു കൊമ്പൻ ആനകൾ വെള്ളച്ചാട്ടത്തിനു മുകളിലെ പാറയുടെ മുകളിൽ കൊമ്പ് കോർക്കുകയും അതിൽ ഒരു ആന പാറയിൽ നിന്ന് വഴുതി താഴേക്ക് വീഴുകയും ചെയ്തതുകൊണ്ടാണ് ആനചാടി കുത്തെന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.
വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആന ചാടിക്കുത്ത്. വെള്ളച്ചാട്ടങ്ങൾ സാധാരണ ഗതിയിൽ അപകട സാധ്യത ഏറിയ മേഖലകളാണ്. ഇതിനടുത്തുള്ള തൊമ്മൻ കുത്തു വെള്ളച്ചാട്ടം അപകട സാധ്യത ഏറെ ഉള്ള സ്ഥലമാണ്. സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങാൻ അനുവാദവുമില്ല. അവിടെ ചെന്ന് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത മാറി നിന്ന് ആസ്വദിച്ചു തിരിച്ചു വരാനേ നിർവാഹം ഉള്ളു. എന്നാൽ ആന ചാടി കുത്തു വെള്ളച്ചാട്ടം അപകട രഹിതവും, അതിമനോഹരവുമാണ്. ജലപാതത്തിന്റെ ചുവട്ടിൽ നിന്ന് കൊണ്ട് കുളിർമ്മ ആസ്വദിക്കുകയും ചെയ്യാം.
കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ തൊടുപുഴ ടൗണിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരം സഞ്ചരിച്ചു തൊമ്മൻ കുത്തു ജംഗ്ഷനിൽ എത്തണം. അവിടെ നിന്ന് വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചു ആന ചാടി കുത്തിൽ എത്താം. ബസ്സിൽ വരുന്നവർ തൊടുപുഴയിൽ നിന്ന് തൊമ്മൻ കുത്തു ജംഗ്ഷനിൽ ഇറങ്ങി, ഓട്ടോ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







