
കട്ടപ്പന വാഴവര മന്നാക്കുടി അംഗൻവാടിക്ക് സമീപത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും, വാറ്റ് ചാരായവും, കള്ള തോക്കുകളുമായി ഒരാൾ അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാർ കക്കാട്ട്കട സ്വദേശി കൊച്ചുചെന്നാട്ട് ബിബിൻസ്(40) ആണ് അറസ്റ്റിലായത്. കക്കാട്ട് കട സ്വദേശിയായ ഇയാൾ കഴിഞ്ഞ എട്ടു വർഷമായി വാഴവര മന്നാക്കുടി ഭാഗത്ത് സ്ഥലം വാങ്ങി കൃഷി ചെയ്ത് വരുകയായിരുന്നു.
Also Read: കൊച്ചി നഗരമധ്യത്തിൽ ഞെട്ടിക്കുന്ന കൊലപാതകം; യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി പൊലീസിൽ കീഴടങ്ങി.
വീടിന് സമീപത്തായി അതിഥി തൊഴിലാളികൾക്ക് താമസിക്കുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന കെട്ടിടത്തിനുള്ളിലെ പരിശോധനയിൽ വാറ്റിക്കൊണ്ടിരുന്ന 2 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാത്ത രണ്ട് നാടൻ തോക്കുകളും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കാലങ്ങളായി മൃഗവേട്ട നടത്തിവന്നിരുന്നതായും ചാരായം വാറ്റി സുഹൃത്തുക്കൾക്ക് വിൽപ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു.
ഇയാളുടെ കെട്ടിടത്തിൽ സ്ഥിരമായി ചാരായം വാറ്റ് നടക്കുന്നതായും, മുൻപ് താമസിച്ചിരുന്ന കക്കാട്ടുകട ഭാഗങ്ങളിൽ വാറ്റിയ ചാരായം വിൽപ്പന നടത്തുന്നതായും, കള്ളത്തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തുന്നതായും ഇടുക്കി ജില്ലാ പോലീസ് മേധാവി വി യൂ കുര്യക്കോസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.






