
വണ്ടൻമേട് വാഴവീടിന് സമീപം ശിവാജി എസ്റ്റേറ്റിലാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. 16 ഏക്കറോളം വരുന്ന ഏലത്തോട്ടത്തിലെ ഓടയിലാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമീക നിഗമനം.
മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായി പോലീസ് കണക്കാക്കുന്നു. രണ്ടാഴ്ചയായി തോട്ടത്തിൽ ജോലിക്കാർ ഇല്ലായിരുന്നു. ഇന്ന് രാവിലെ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ചതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.
ഡോഗ് സ്ക്വാഡ്, ഫൊറൻസിക് സംഘമുൾപ്പെടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. കുമളി പോലീസ് അന്വേഷണം ആരംഭിച്ചു.