കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സഭാ നടപടികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് പ്രഹ്‌ളാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്‌സഭ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു. തുടച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഇന്‍ഡ്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം ആരംഭിച്ച് ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയത്തില്‍ പരാമര്‍ശമുണ്ടാകാത്തത് കൊണ്ടായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് മോദി മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. മണിപ്പൂരില്‍ എത്രയും വേഗം സമാധാനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്ന് മോദി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. മണിപ്പൂരിലെ ജനങ്ങളോട് വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും രാജ്യം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചു ചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കുന്നംകുളം നഗരത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഘര്‍ഷത്തില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് ഡ്രൈവര്‍ ജോണിയും സംഘവും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ ഷിദിനെയാണ് മര്‍ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഘര്‍ഷമുണ്ടായത്.
കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാര്‍ വാഹന വകുപ്പ്.വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു. കാര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ല. സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് അറിയിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂഷ്മ പരിശോധന 18ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 21 ആണെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാര്‍ഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TRENDല്‍ തത്സമയം ലഭ്യമാകും. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടന്നത്.
വീട്ടിലെ കുളിമുറിയില്‍ കയറിയ കൂരമാനിനെ വനംവകുപ്പ് പിടികൂടി. കുറ്റിച്ചല്‍ അരുകില്‍ നിസാമിന്റെ നാസിയ മന്‍സിലില്‍ നിന്നാണ് വനംവകുപ്പ് പരുതിപ്പള്ളി സെക്ഷന്‍ ഓഫീസര്‍ എംകെ ബിന്ദുവിന്റെ നേതൃത്വത്തില്‍ വാച്ചര്‍ രാഹുല്‍, ശരത്, നിഷാദ്, സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് കൂരമാനിനെ കൂട്ടിലാക്കിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ സെക്ഷന്‍ ഓഫീസര്‍ ബിന്ദു, ശരത് എന്നിവര്‍ക്ക് കൂരമാനിന്റെ നഖം കൊണ്ട് കൈക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു.
മണ്ണാര്‍ക്കാട് കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. നാല് കടകളിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുമരംപുത്തൂരില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയില്‍ നിന്ന് കിട്ടിയിട്ടും ആളെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്. ആഗസ്റ്റ് 26-ാം തീയതി കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് സ്ഥലം മാറ്റം അടിയന്തരമായി അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ വിന്‍ഡോസിനു പകരമായി 'മായ' എന്ന തദ്ദേശീയ ഓപ്പറേറ്റിംഗ് സാങ്കേതിക വിദ്യയുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഈ വിദ്യ ഉടനേ ഇന്‍സ്റ്റാള്‍ ചെയ്യും.
സിപിഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റില്‍. ഗയയില്‍നിന്നാണു പോലീസ് പിടികൂടിയത്. 2021 നവംബറില്‍ നാലു ഗ്രാമീണരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസിലാണ് അറസ്റ്റ്.
പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായി ദ്വീപ സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ കാട്ടുതീയില്‍ 36 പേര്‍ കൊല്ലപ്പെട്ടു. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു കാട്ടുതീ ജീവനെടുത്തത്. കാട്ടുതീയില്‍നിന്നു രക്ഷപ്പെടാന്‍ പസഫിക് സമുദ്രത്തിലേക്കു ചാടിയ ഏതാനും പേരും മരിച്ചു.
ലോക്സഭയിലെ തന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാ രേഖയില്‍നിന്ന് നീക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് മാതാവ് മോദി സര്‍ക്കാരിന് അണ്‍പാര്‍ലമെന്ററി ആയിരിക്കുന്നു. എന്തുകൊണ്ടാണ് പ്രസംഗത്തിലെ വാക്കുകള്‍ സഭാ രേഖയില്‍നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
തൃശൂരിലെ ലുലു ഗ്രൂപ്പിന്റെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് കേസ്. കൊച്ചി റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷിനെതിരെയാണ് കവര്‍ച്ചക്കേസ് ചുമത്തിയത്. ലുലു ഗ്രൂപ്പിന്റെ പുഴക്കലിലുള്ള ഭൂമിയില്‍നിന്ന് പമ്പു സെറ്റ് കവര്‍ന്നെന്നാണു പരാതി. എന്നാല്‍ അനധികൃത നിലം നികത്തല്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കവര്‍ച്ച പരാതി കള്ളക്കേസാണെന്നും റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷ് പറഞ്ഞു
ഓണാഘോഷത്തോടനുബന്ധിച്ച് കോളജുകളിലും സ്‌കൂളുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്തയുടന്‍ രാജിവച്ചു. തൃശൂര്‍ ജില്ലയിലെ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ വിമല സേതുമാധവനാണ് രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ വിമലക്ക് എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടു ലഭിച്ചിരുന്നു. വര്‍ഗീയ പിന്തുണയോടെ ഭരണം വേണ്ടെന്നു നിലപാടെടുത്ത കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണു രാജി വച്ചത്.
ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരേ വനം വകുപ്പ് കള്ളക്കേസെടുത്ത സംഭവത്തില്‍ നടപടി വൈകിപ്പിച്ചതിനു പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഹര്‍ഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.
ഗുരുവായൂരപ്പനു വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണകിരിടമാണ് സമര്‍പ്പിച്ചത്. ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു. ഉച്ചപൂജക്കിടെ ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനുള്ള കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. ഭൂമി പതിച്ചുകൊടുക്കല്‍ ബില്ലിന്റെ ചര്‍ച്ചയിലാണ് മാത്യു കുഴല്‍നാടന്റെ പ്രസംഗത്തെ സ്പീക്കര്‍ നിയന്ത്രിച്ചത്. വിഷ്ണുനാഥിനു പകരക്കാരനായി സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സ്പീക്കര്‍ തടയുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേര് പരാമര്‍ശിച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ പിന്നീടു പറഞ്ഞു.
സിഎംആര്‍എല്ലില്‍നിന്നു പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കു വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയത്. പ്രത്യുപകാരമായി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ. നാലാഴ്ചത്തേക്ക് തുടര്‍ നടപടികള്‍ തടഞ്ഞു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ പേരുകളില്‍ ഓണ്‍ലൈനിലൂടെ ബുക്കു ചെയ്തു വാങ്ങുന്ന പായസം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നില്‍ ഇടനിലക്കാര്‍ വിലകൂട്ടി വല്‍ക്കുന്നതു കണ്ടെത്തി