MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ നിന്നുള്ള ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ (16 ആഗസ്റ്റ് 2023).

ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ

സംരംഭര്‍ക്ക് ഏകദിന ശില്‍പശാല നടത്തി

പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും കുമളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പശാല നടത്തി. കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ചെറുകിട വ്യവസായം, കച്ചവടം, സേവനസംരംഭം എന്നിവയ്ക്ക് വായ്പകള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. . 

വനിതാ ശിശു വികസന വകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു

വനിതാ ശിശു വികസനവകുപ്പ് നെടുങ്കണ്ടം പദ്ധതിയുടെ മുപ്പതാം വാര്‍ഷികാഘോഷം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ ജോളി കെ.പി മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണപുരം പഞ്ചായത്തുകളില്‍ നിന്ന് 230 അങ്കണവാടി ജീവനക്കാര്‍ അണിനിരന്ന വിളംബര ഘോഷയാത്രയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. 

1993 ലാണ് നെടുങ്കണ്ടത്ത് വനിതാ ശിശു വികസന വകുപ്പ് നെടുങ്കണ്ടം പദ്ധതി ആരംഭിച്ചത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളാണ് പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യരംഗത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും താഴെത്തട്ടിലുള്ള ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പദ്ധതികളും വകുപ്പ് നടപ്പാക്കി വരുന്നുണ്ട്.

വിമുക്ത ഭടന്മാര്‍ക്ക് സാമ്പത്തിക സഹായം

ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും പ്രായം, വരുമാന പരിധി, സേവനകാലം എന്നിവക്ക് വിധേയമായി 2023-ലെ സൈനിക ബോര്‍ഡ് യോഗത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വരുമാന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 21 ന് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-222904

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അക്കാദമിക് വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് വിമുക്തഭടന്മാര്‍, വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന 10ാം ക്ലാസും അതിന് മുകളിലുമുള്ള റെഗുലര്‍ കോഴ്സുകള്‍ക്ക് മാത്രമേ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2022-2023 വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുമായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222904.

അങ്കണവാടികളില്‍ മുട്ട വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 370 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച് മാസം വരെ ആഴ്ചയില്‍ രണ്ട് കോഴി മുട്ട വീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പരമാവധി ഒരു മുട്ടക്ക് ട്രാന്‍സപോര്‍ട്ടേഷന്‍ ചാര്‍ജ് രണ്ട് രൂപ ഉള്‍പ്പടെ 8 രൂപനിരക്കിലാണ് വിതരണം ചെയ്യേണ്ടത്. ആഴ്ചയിലെ ചൊവ്വ, വെളളി ദിവസങ്ങളില്‍ അങ്കണവാടികളില്‍ എത്തിച്ചാണ് മുട്ട വിതരണം ചെയ്യേണ്ടത്. ഈ ദിവസങ്ങള്‍ അവധി ആയാല്‍ ബുധന്‍, ശനി ദിവസങ്ങളില്‍ വിതരണം ചെയ്യേണ്ടതും ഈ ദിവസങ്ങള്‍ അവധിയാകുന്ന പക്ഷം മറ്റ് ദിവസങ്ങളില്‍ വിതരണം ചെയ്യേണ്ടതുമാണ്. ടെന്‍ഡറില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പടെ ഒരു മുട്ടയുടെ വിലയാണ് രേഖപ്പെടുത്തേണ്ടത്. ടെന്‍ഡര്‍ ഫോമുകള്‍ ആഗസ്റ്റ് 25 ന് 1 മണി വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫിസില്‍ പണമടച്ച് കൈപ്പറ്റാവുന്നതാണ്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി.      വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:9656324414

             ഉപ്പുതറ പഞ്ചായത്ത്

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച്  മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാന്‍സപോര്‍ട്ടേഷന്‍  ചാര്‍ജ്  2 രൂപ ഉള്‍പ്പടെ 8 രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് കോഴിമുട്ടവീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188001731

           കാഞ്ചിയാര്‍ പഞ്ചായത്ത്

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ 30 അങ്കണവാടികളിലെ 235 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2023 സെപ്റ്റംബര്‍ മുതല്‍ 2024 മാര്‍ച്ച്  മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാന്‍സപോര്‍ട്ടേഷന്‍  ചാര്‍ജ് രണ്ട് രൂപ ഉള്‍പ്പടെ എട്ട് രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടൈന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ആഗസ്റ്റ് 25 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ്പ്രോജക്ട് ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9544892278

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ്സായ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 24 ന് വൈകിട്ട് 3 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  പ്രായപരിധി 18-31 (നിയമാനുസ്യത ഇളവുകള്‍ ബാധകം). എഴുത്ത് പരീക്ഷ, അഭിമുഖം, വൈദഗ്ധ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 235627

സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ രണ്ടു ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി സെപ്റ്റംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ സി-ഡിറ്റ് വെബ്സൈറ്റില്‍ www.cdit.org ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 5 ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233

സപ്ലൈകോ ഓണം ഫെയര്‍ 19 മുതല്‍ 

കട്ടപ്പന നഗരസഭ മൈതാനത്ത് സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ഫെയര്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 19 മുതല്‍ 28 വരെ കട്ടപ്പന നഗരസഭ മൈതാനത്താണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എം.എം മണി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ശീതികരിച്ച സ്റ്റാളിലാണ് ഫെയര്‍ ഒരുക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറുകളും ലഭിക്കും.

തൊടുപുഴ നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിക്ക് കരട് രൂപരേഖയായി

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ തൊടുപുഴ നഗരസഭയിലെ കരട് രൂപരേഖ തയ്യാറായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖാ അവതരണം തൊടുപുഴ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

തൊടുപുഴ നഗരസഭയില്‍ ഖരമാലിന്യ പരിപാലന മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കെ.എസ്.ഡബ്ല്യൂ.എം.പി മുഖേന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 12 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ ആദ്യ രണ്ട് വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് 2.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരവും ലഭിച്ചിട്ടുണ്ട്.

നഗരസഭയിലെ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നി മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, മാലിന്യ പരിപാലനം, സംസ്‌കരണം എന്നിവക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ഖരമാലിന്യ പരിപാലനത്തിനുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക, പ്രാദേശിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യപരിപാലനത്തിനു അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുക, സാമൂഹ്യ പെരുമാറ്റവും ആശയ വിനിമയവും മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്.

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയില്‍ ഒഴിവ്

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴില്‍ രൂപീകരിക്കുന്ന ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിലെ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 2 ഒഴിവുകളുണ്ട്. ശമ്പളം പ്രതിമാസം 27500 രൂപയായിരിക്കും. പ്രായം 18 നും 40 നും മധ്യേയായിരിക്കണം.

സോഷ്യല്‍വര്‍ക്ക് അല്ലെങ്കില്‍ മറ്റു സാമൂഹ്യ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് (ബിരുദാനന്തര ബിരുദക്കാര്‍ക്ക് പരിഗണന ലഭിക്കും) അപേക്ഷിക്കാം. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാറിതര സ്ഥാപനത്തില്‍ ലിംഗാധിഷ്ഠിത മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ,  പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം 5 മണി. വിലാസം: ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസ്, പൈനാവ് പി ഒ, ഇടുക്കി പിന്‍-685603. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ തീയതി മാറ്റി

ആരോഗ്യ വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യു സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു. ഈ അഭിമുഖം ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030, 04862 226929.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS