പുതിയ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതു ഭീമമായ സമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു സെന്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്ഥലം ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കേണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലുള്ള കെട്ടിടം നവീകരിച്ചാല്‍ മതി. സെക്രട്ടേറിയറ്റില്‍ ഏക ഫയല്‍ സംവിധാനം നടപ്പാക്കണം. സ്ഥാനക്കയറ്റത്തിനു മല്‍സര പരീക്ഷ നിര്‍ബന്ധമാക്കണം. അടിയന്തര ആവശ്യങ്ങള്‍ക്കു കരാര്‍ നിയമനം നടത്തണമെന്നും സെന്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
◾കേരളം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണം ആഘോഷമാക്കാന്‍ 19,000 കോടി രൂപയാണു ചെലവ്. എന്നാല്‍ പണം കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കേന്ദ്രം കെട്ടിയിട്ടിരിക്കുകയാണ്. ധനമന്ത്രി പറഞ്ഞു.
◾ബാങ്കുകള്‍ വായ്പയ്ക്കു മാനദണ്ഡങ്ങള്‍ പാലിക്കാതെ പിഴപ്പലിശ ചുമത്തരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകള്‍ തോന്നുംപടി പിഴപ്പലിശ ഈടാക്കിയാല്‍ പീനല്‍ ചാര്‍ജായി കണക്കാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്.
◾നാളെ അത്തം. ഓണം കളറാക്കാന്‍ അവധി നാളുകളില്‍ തിരക്കുകൂട്ടി മലയാളികള്‍. ഓണക്കോടി വാങ്ങാന്‍ ടെക്സ്‌റ്റൈല്‍സ് ഷോറൂമൂകളിലും മറ്റും തിരക്ക്. വിലക്കയറ്റം വലയ്ക്കുന്നുണ്ടെങ്കിലും നാടാകെ ഓണവിപണികള്‍ ഉണര്‍ന്നു. ന്യായ വിലയ്ക്കു നിത്യോപയോഗ സാധനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ ഇന്നും നാളെയുമായി തുറക്കും. 250 കോടി രൂപയുടെ അവശ്യസാധനങ്ങളാണ് സപ്ലൈകോ വിപണിയിലിറക്കുന്നത്.
◾ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ റെഡി. പ്രോപല്‍ഷന്‍ മോഡ്യൂളില്‍നിന്നു വേര്‍പെട്ട ശേഷം ആദ്യമായി വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചന്ദ്രനിലെ ജിയോര്‍ഡാനോ ബ്രൂണോ, 43 കിലോമീറ്റര്‍ വ്യാസമുള്ള ഹര്‍കെബി ജെ എന്നീ ഗര്‍ത്തങ്ങളുടെ ചിത്രമാണ് പുറത്തുവിട്ടത്.
◾ഓണത്തിനു യാത്രക്കാരുടെ തിരക്ക് പരിഹരിക്കാന്‍ റെയില്‍വേ കേരളത്തിലേക്കു രണ്ടു പുതിയ ട്രെയിനുകള്‍ അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എറണാകുളം - വേളാങ്കണ്ണി ട്രെയിനും കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയില്‍ രണ്ടു ദിവസമാക്കി. പാലരുവി തിരുനെല്‍വേലിയില്‍ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയില്‍ സ്റ്റോപ് അനുവദിച്ചെന്നും അദ്ദേഹം അറിയിച്ചു.
◾അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്സ് ഈടാക്കുന്നതു സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ലൈന്‍സ് ട്രാവല്‍സ് അടക്കം 24 ട്രാവല്‍സ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ദിവസം സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. അതിര്‍ത്തി ടാക്സ് ഈടാക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ഉത്തരവുകള്‍. എന്നാല്‍ യാത്രക്കാര്‍ക്കും ട്രാവല്‍സ് ഉടമകള്‍ക്കും ആശ്വാസവും.
◾പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാലാം കിട നേതാവെന്ന് അധിക്ഷേപിച്ചെന്നു മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്നും എപ്പോള്‍ എവിടെവച്ചു വിളിച്ചെന്നാണു തോമസ് ഐസക് പറയുന്നതെന്നും വി.ഡി. സതീശന്‍. തോമസ് ഐസകിനു സ്വന്തമായി തോന്നിയ അഭിപ്രായം തന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
◾സേവന കാലാവധി റെഗുലറൈസ് ചെയ്യാന്‍ അധ്യാപികയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെയും അറസ്റ്റു ചെയ്തു. കോട്ടയം ചാലുകുന്ന് സി.എന്‍.ഐ എല്‍.പി.എസ് ഹെഡ്മാസ്റ്റര്‍ സാം ജോണ്‍ ടി . തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹന്‍ദാസ് എം.കെ എന്നിവരാണു പിടിയിലായത്. ഇരുവരേയും സസ്പെന്‍ഡ് ചെയ്തു.
◾തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്കു മാറ്റി. കേസ് മാറ്റിവക്കണമെന്ന് കെ ബാബുവിന്റെ അഭിഭാഷന്‍ റോമി ചാക്കോ ആവശ്യപ്പെട്ടതിനാലാണ് മാറ്റിയത്. സ്ഥാനാര്‍ഥികളായ മറ്റുള്ളവരെ ഒഴിവാക്കണമെന്ന് എം സ്വരാജിനു വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശ് ആവശ്യപ്പെട്ടു.
◾എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ മുഖ്യ പ്രതികളിലൊരാളായ ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് 40,000 രൂപ പ്രതിഫലം വാങ്ങി മൂന്നാം പ്രതി സജു ശശിധരന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു.
◾ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്നു ക്ഷണിച്ചു. ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം ഗവര്‍ണറെ ക്ഷണിക്കാതിരുന്നതു വിവാദമായിരുന്നു.
◾വിഡി സതീശനെപ്പോലെ കള്ളനു കഞ്ഞിവച്ച പ്രതിപക്ഷനേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നുണ്ടെങ്കിലും സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നല്‍കുന്നത് അന്തര്‍ധാരയുള്ളതിനാലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
◾സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നു നുണപ്രചാരണമാണു നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ യുഡിഎഫ് എം.പി മാരെ വിളിച്ചില്ലെന്നും എല്‍ഡിഎഫിന്റെ രാജ്യസഭാംഗങ്ങളെ മാത്രം കൂട്ടിയാണ് മന്ത്രി കേന്ദ്രത്തെ കണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേന്ദ്രത്തെ സമീപിക്കാന്‍ യുഡിഎഫ് എംപിമാര്‍ തയാറായില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്.
◾കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍ പ്രശാന്തിനേയും ജനറല്‍ സെക്രട്ടറിയായി സി ആര്‍ ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു.
◾ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നാലു വയസുകാരനെ തെരുവുനായകള്‍ ആക്രമിച്ചു. കണ്ണൂര്‍ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകന്‍ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിംഗിലാണ് നായ ആക്രമിച്ചത്.
◾നെടുങ്കണ്ടം മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. ഇന്ദിര നഗര്‍ പ്ലാക്കല്‍ സണ്ണി എന്ന 57 കാരനാണു കൊല്ലപ്പെട്ടത്. തകിടിയേല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), വിനീഷ് (38) എന്നിവരാണു പിടിയിലായത്. സജിയുടെ നിര്‍ദേശമനുസരിച്ചു ചാരായം വാറ്റിയ ബിനുവിനെ എക്സൈസ് പിടിച്ചത് കൊല്ലപ്പെട്ട സണ്ണി ഒറ്റിക്കൊടുത്തതിനാലാണെന്നു സംശയിച്ചായിരുന്നു കൊലപാതകം.
◾ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടി, പുട്ടുപൊടി, അപ്പംപൊടി തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തി.
◾കോഴിക്കോട് കൊടുവള്ളി ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്ഐ- എംഎസ്എഫ് സംഘര്‍ഷം. നാല് എംഎസ്എഫുകാര്‍ക്കും രണ്ട് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റു.
◾തൃശൂര്‍ ചൂണ്ടലില്‍ ഓടുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പഴുന്നാന കരിമ്പനക്കല്‍ വീട്ടില്‍ ഷെല്‍ജിയുടെ കാറാണ് കത്തി നശിച്ചത്.
◾ബാങ്കുകളില്‍ മുപ്പത്തയ്യായിരം കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഉദ്ഗം (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റുകള്‍ - ഗേറ്റ്വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍) എന്ന പോര്‍ട്ടലിലൂടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. മോദി മല്‍സരിക്കുന്ന വാരാണസിയില്‍ പ്രിയങ്കാഗാന്ധി മല്‍സരിക്കുമോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുപിയില്‍ എവിടെ മത്സരിച്ചാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു.
◾അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ തയാറായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജി-20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആരോഗ്യമേഖലയെ സംരക്ഷിക്കുന്ന 21 ലക്ഷം ഡോക്ടര്‍മാര്‍, 35 ലക്ഷം നഴ്‌സുമാര്‍, 13 ലക്ഷം പാരാമെഡിക്കുകള്‍ തുടങ്ങിയവരെ പ്രധാനമന്ത്രി അനുമോദിച്ചു.
◾വിദ്വേഷപ്രസംഗങ്ങള്‍ ആരു നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. നൂഹ് സംഘര്‍ഷത്തിനു ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേരളത്തില്‍ ലീഗ് റാലിയിലെ വിദ്വേഷ മുദ്രവാക്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
◾കര്‍ണാടകത്തിലെ ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു. പലപ്പോഴായി കോണ്‍ഗ്രസ് വിട്ടവരാണ് തിരിച്ചുപോകാന്‍ തയാറെടുക്കുന്നത്.
◾കാര്‍ഗിലിലെ ദ്രാസില്‍ ആക്രിക്കടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
◾വളര്‍ത്തുനായ്ക്കള്‍ തെരുവില്‍ കടിപിടികൂടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായ രാജ്പാല്‍ സിംഗ് രജാവത്ത് എന്നായാളാണ് അയല്‍വാസികള്‍ക്കു നേരെ വെടിവച്ചത്.
◾അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. 140 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത് നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.