
ഉടുമ്പന്നൂര്‍ മലയിഞ്ചി മുതുപ്ലാക്കല്‍ എം.കെ. ബൈജുമോനാണ് മികച്ച പട്ടികജാതി പട്ടികവര്‍ഗ വിഭാഗം കര്‍ഷകനുള്ള സംസ്ഥാന കര്‍ഷകജ്യോതി പുരസ്‌കാരം ലഭിച്ചത്. മൂന്നേക്കറോളം വരുന്ന ബൈജുമോന്റെ പുരയിടത്തില്‍ ഒരു വിധം എല്ലാ കാര്‍ഷിക വിളകളുമുണ്ട്. രണ്ടേക്കറോളം സ്ഥലത്തായി 21 ഇനം കുരുമുളക് ചെടിയാണ് കൃഷിചെയ്യുന്നത്.
ഒരേക്കറോളം സ്ഥലത്താണ് റബര്‍ കൃഷി ചെയ്യുന്നത്. റമ്ബൂട്ടാൻ, ദൂര്യൻ, അബിയു, സപ്പോട്ട, ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും വാനിലയും കൃഷി ചെയ്യുന്നുണ്ട്. തൊഴുത്തിലുള്ള രണ്ട് പശുക്കളില്‍ നിന്ന് ദിവസേന 23 ലിറ്റര്‍ പാലാണ് ലഭിക്കുന്നത്. ഒമ്ബത് മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുള്ള പടുതാകുളത്തില്‍ നൂറോളം ഗൗര ഇനത്തില്‍പ്പെടുന്ന മത്സ്യകൃഷിയുമുണ്ട്.
നാല്പതോളം ചെറുതേൻ പെട്ടികളും വൻതേൻ ശേഖരണവും പുരയിടത്തിലുണ്ട്. മുപ്പത് തെങ്ങുകളില്‍ നിന്ന് പ്രതിവര്‍ഷം നൂറു കിലോയിലധികം വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. എല്ലാ ചിലവുകളും കഴിഞ്ഞ് പ്രതിവര്‍ഷം മൂന്നര ലക്ഷത്തോളം രൂപ കൃഷിയില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് ഈ 47കാരൻ പറയുന്നു. മൂന്ന് കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടാത്ത സാഹചര്യത്തിലാണ് കിണര്‍ റീ ചാര്‍ജിംഗിനെ കുറിച്ച് ചിന്തിച്ചത്.
ഇപ്പോള്‍ കിണറുകള്‍ എല്ലാം ജലസമൃദ്ധമാണ്. മണ്ണൊലിപ്പ് തടയുന്നതിന് ഇടക്കയ്യാല തീര്‍ത്തിരിക്കുന്നതിനാല്‍ തുള്ളി പോലും മഴവെള്ളം പാഴാകുന്നുമില്ല. കൃഷിക്കാവശ്യമായ ജലം സ്വന്തം പുരയിടത്തില്‍നിന്നു തന്നെ ലഭ്യമാക്കുന്നു. കൃഷി ഓഫീസര്‍ അജിമോന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്നും ബൈജുമോൻ പറഞ്ഞു. ഭാര്യ ജിഷയും വിദ്യാര്‍ത്ഥികളായ മക്കള്‍ ദേവാനന്ദും ദേവഗംഗയും എല്ലാ സഹായവുമായി ഒപ്പമുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.