
ഇടുക്കി നെടുംകണ്ടത്തിന് സമീപം ശൂലപ്പാറയിൽ കൃഷിയിടത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാനെത്തിയ കെഎസ്ഇബി അധികൃതരെ നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്തിക്ക് വേണ്ടി പുതിയ വൈദ്യുതിലൈൻ വലിക്കുവാനാണ് കെഎസ്ഇബി സബ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയത്. നേരത്തെ വൈദ്യുതിലൈൻ വലിക്കുവാൻ നീക്കമുണ്ടായപ്പോൾ നാട്ടുകാരുടെ പരാതിയിൽ അന്ന് ശ്രമം ഉപേക്ഷിച്ചു. അധികൃതരുടെ ഏകപക്ഷീയമായ തീരുമാനത്തെത്തുടർന്ന് അന്ന് വൈദ്യുതിമന്ത്രി,ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ നിവേദനം നൽകുകയും ചെയ്തിരുന്നു.
അതേസമയം ഒരു വൈദ്യുതി പോസ്റ്റ് ഇട്ട് വൈദ്യുതിലൈൻ വലിക്കാൻ ഉത്തരവ് ഉള്ളതിനാലാണ് ഇങ്ങോട്ട് എത്തിയതെ ന്ന്കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുറഞ്ഞത് 3 പോസ്റ്റ് വേണ്ടി വരുമെന്നും, ഏലം, കുരുമുളക് ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾക്ക് മുകളിലൂടെ ലൈൻ വലിക്കാനാണ് അധികൃതരുടെ നീക്കമെന്നും, വരും നാളിൽ കോതമംഗലത്തെ വാഴ വെട്ടൽ മോഡൽ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധം ശക്തമാക്കി നാട്ടുകാർ എത്തിയതോടെ വൈദ്യുതിലൈൻ വലിക്കുന്ന ജോലി നിർത്തി കെ എസ് ഇ ബി അധികൃതർ മടങ്ങി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.