
കുടുംബാംഗങ്ങളെ അപായപ്പെടുത്തി മോഷണം നടത്താൻ ശ്രമിച്ച തമിഴ്നാട്ടില്‍നിന്നുള്ള കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടുന്ന നാലംഗം സംഘം പിടിയിൽ. തമിഴ്നാട്ടില്‍ കൊലപാതകം, കവര്‍ച്ച, മോഷണം, ആക്രമണം ഉള്‍പ്പടെ 53 കേസുകളില്‍ പ്രതിയായ മുപ്പടാതി അമ്മൻകോവില്‍ സ്ട്രീറ്റ് സ്വദേശി ബാലമുരുകൻ (33), കൊലക്കേസ് പ്രതിയായ ചെമ്പട്ടി മാരിയമ്മൻകോവില്‍ സ്ട്രീറ്റ് തമിഴ്സെല്‍വൻ (23), മധുര ചൊക്കലിംഗപുരം സ്വദേശി ദിലീപ് (23), ശിവഗംഗ തിരുപ്പത്തൂര്‍ സ്വദേശി ചക്രവര്‍ത്തി ഹൈദരലി (42) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ മറയൂര്‍ പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മറയൂരിലെ വര്‍ക്ക്ഷോപ്പ് ഉടമയായ കോട്ടക്കുളം സതീശന്‍റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്‍റെ അടുക്കളവാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി കിടപ്പുമുറിയുടെ വാതില്‍ കല്ലിന് ഇടിച്ചു തകര്‍ക്കുകയും വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. വീട്ടുകാര്‍ ശക്തമായ ചെറുത്തുനില്പ് നടത്തിയതിനാലാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടത്.
ഒന്നാം പ്രതി ബാലമുരുകൻ വണ്ടിപ്പെരിയാറില്‍നിന്നു മാരുതി ആള്‍ട്ടോ കാര്‍ വാങ്ങി മൂന്നാര്‍ വഴി മറയൂരിലെത്തുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മറയൂര്‍ ഗവ. ഹൈസ്കൂളിനു സമീപം കാര്‍ പാര്‍ക്ക് ചെയ്തശേഷം ഇവിടെ കെട്ടിടം പണിയുന്ന സൈറ്റില്‍നിന്നു കമ്പിപ്പാരയെടുത്ത് സതീശന്‍റെ വീടിന്‍റെ പിൻഭാഗത്തെ വാതില്‍ തകര്‍ക്കുകയായിരുന്നു.
ശബ്ദം കേട്ട് ഉണര്‍ന്ന സതീശന്‍റെ ഭാര്യ മറ്റുള്ളവരെ വിളിച്ചുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നിട്ടും ഫ്യൂസ് ഉൗരിമാറ്റിയശേഷം അടുക്കളവാതില്‍ തകര്‍ത്ത് അകത്തു കയറി മുറിയുടെ വാതില്‍ കല്ലിന് ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഇവര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും ഫോണില്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. തുടര്‍ന്നു പ്രതികള്‍ പത്തടിപ്പാലം ഭാഗത്തെത്തി.
ഇതിനിടെ വിവരമറിഞ്ഞ് പോലീസ് പ്രധാന റോഡുകളില്‍ ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതോടെ പത്തടിപ്പാലം ഭാഗത്തെത്തിയ സംഘം സമീപത്തെ താമസക്കാരനായ പുഷ്പാംഗദന്‍റെ വീട്ടിലെ കൂടിനുള്ളില്‍നിന്നു നായ്ക്കുട്ടികളെയും മോഷ്ടിച്ചു. പുലര്‍ച്ചെ അഞ്ചോടെ നായ്ക്കുട്ടികളുമായി കടന്നു പോകുന്ന വാഹനം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം നായ്ക്കുട്ടികള്‍ മോഷണം പോയ വിവരം വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.
പോലീസ് പിന്തുടരുന്നുണ്ടെന്നു തിരിച്ചറിഞ്ഞ ഇവര്‍ ചട്ടമൂന്നാര്‍ ഭാഗത്ത് കാര്‍ ഉപേക്ഷിച്ച് തേയിലത്തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ഇതിനിടെ പ്രതികളെ പിടികൂടാൻ എസ്‌ഐ അശോകന്‍റെ നേതൃത്വത്തിലുള്ള പോലീസ് മറയൂര്‍ ടൗണിലെയും പള്ളനാട്ടിലെയും വാഹനഡ്രൈവര്‍മാരുടെ സഹായവും തേടി. പോലീസും അന്പതോളം വരുന്ന നാട്ടുകാരും അടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനും നാട്ടുകാര്‍ക്കും നേരേ കല്ലേറും നടത്തി.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാറക്കെട്ടില്‍നിന്നു വീണ് പരിക്കേറ്റ മോഷ്ടാവ് ദിലീപിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാക്കളെ ഇന്നലെ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.