
തമിഴ്നാട്ടിലെ കര്‍ഷക ചന്തകളിലേക്ക് തക്കാളിയുടെ വരവ് പ്രതീക്ഷിച്ചലധികം എത്തിത്തുടങ്ങിയതോടെ വിലകുറഞ്ഞു. ഓണക്കാലത്തിന് മുന്‍പായി തക്കാളിയുടെ വരവ് ഇനിയും വര്‍ധിക്കുമെന്നും ഇനിയും വില കുറയുമെന്നാണ് തമിഴ്നാട്ടിലെ ഉഴവര്‍ ചന്തയിലെ വ്യാപാരികള്‍ പറയുന്നത്.
നിയന്ത്രണാധീതമായി വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് എത്തുന്നവര്‍ തക്കാളി വാങ്ങുന്നത് കുറച്ചിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊള്ളാച്ചി, പഴനി, ഉദുമലപേട്ട, ഒട്ടചത്രം എന്നീ മാര്‍ക്കറ്റുകളില്‍ 57 മുതല്‍ 63 രൂപ വരെ കര്‍ഷകര്‍ക്ക് വില ലഭിച്ചു. ഒരാഴ്ച മുന്‍പ് 140 മുതല്‍ 160 രൂപ വരെ വില ഉയര്‍ന്നിരുന്നു.
പൊള്ളാച്ചിയുടെയും ഉദുമലപേട്ടയുടെയും സമീപ പ്രദേശങ്ങളായ കിണത്തുക്കടവ്, കൊഴുമം, ചെഞ്ചേരിമല എന്നിവടങ്ങളില്‍ കര്‍ഷകര്‍ വിളവെടുപ്പ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ വില കുറഞ്ഞത് ഓണക്കാല മാര്‍ക്കറ്റില്‍ തക്കാളിവില കുറയുമെന്ന സൂചനയാണ് നല്‍കുന്നത്. പൊള്ളാച്ചി മാര്‍ക്കറ്റില്‍ മാത്രം 90 ടണ്‍ തക്കാളിയാണ് വില്പനയ്ക്കായി കര്‍ഷകര്‍ എത്തിച്ചത്. ഉദുമലപേട്ട മാര്‍ക്കറ്റില്‍ 30 ടണ്‍ തക്കാളിയും പഴനി മാര്‍ക്കറ്റില്‍ 50 ടണ്‍ തക്കാളിയും വിളവെടുപ്പുകളുടെ ആദ്യ ദിവസങ്ങളില്‍ തന്നെ എത്തി. തമിഴ്നാട്ടില്‍ തക്കാളി കര്‍ഷകര്‍ക്ക് അനുകൂലമായ കാലാവസ്ഥയായിരുന്നതിനാല്‍ മികച്ച വിളവാണു ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.