
രാജ്യത്തെ കർഷക കുടുംബങ്ങള്‍ക്ക് വരുമാന പിന്തുണ നല്‍കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പിഎം കിസാൻ യോജന. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തും. മൂന്നാം തവണ അധികാരത്തിലെത്തിയ മോദി സർക്കാർ കർഷകർക്കുള്ള പിഎം-കിസാൻ നിധിയുടെ 17-ാം ഗഡു അനുവദിച്ചിരുന്നു.
കിസാൻ കല്യാണിനോട് പൂർണമായും പ്രതിബദ്ധതയുള്ള സർക്കാരാണിത്. അതിനാല്‍തന്നെ ചുമതലയേല്‍ക്കുമ്പോൾ ഒപ്പിട്ട ആദ്യത്തെ ഫയല്‍ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ പലപ്പോഴും ഗഡു ഔദ്യോഗികമായി റിലീസ് ചെയ്‌താലും കർഷകർക്ക് 2000 രൂപ അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടാറില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവർക്ക് പരാതി രജിസ്റ്റർ ചെയ്യാം. പരാതി രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടികയില്‍ ആദ്യം പേര് ഉണ്ടോയെന്ന് പരിശോധിക്കണം.
ഗുണഭോക്തൃ പട്ടികയില്‍ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം
ഘട്ടം 1: പിഎം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിക്കുക
ഘട്ടം 2: ഹോം പേജില്‍ കാണുന്ന 'Beneficiary Status' ടാബില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക - ഒന്നുകില്‍ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കില്‍ മൊബൈല്‍ നമ്പർ
ഘട്ടം 4: 'Get Data' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 5: ഗുണഭോക്താക്കള്‍ക്ക് ഡാറ്റ കാണാൻ കഴിയും.
കർഷകന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പണം ലഭിക്കാത്ത സാഹചര്യത്തില്‍ അവർക്ക് പരാതി നല്‍കാം. ഫോണ്‍ കോളിലൂടെയും ഇ-മെയില്‍ വഴിയും തപാല്‍ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.
ഇ-മെയില്‍ ഐഡി: pmkisan-ict@gov.in, pmkisan-funds@gov.in
ഹെല്‍പ്പ് ലൈൻ നമ്പർ: 011-24300606,155261
ടോള്‍ ഫ്രീ നമ്പർ: 1800-115-526
ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി കിസാൻ യോജന. 2018 ഡിസംബർ 1 മുതലാണ് പദ്ധതി തുടങ്ങിയത്. എട്ട് കോടിയിലധികം കർഷകർക്ക് 20,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. രാജ്യത്തെ 9.3 കോടി കർഷകർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.




