
സാറേ എനിക്ക് എസ്.ഐ സാറിൻ്റെ മുന്നിൽ ഒരു പാട്ടു പാടണം' എന്ന് പറഞ്ഞ് ഒരാൾ അടിമാലി സ്‌റ്റേഷന് മുന്നിലെത്തുന്നു. എന്നാ പിന്നേ പാടിക്കോട്ടെയെന്ന് കാക്കിക്കുള്ളിലെ കലാഹൃദയം. പിന്നെ സ്‌റ്റേഷനാകെ കണ്ടത് അറിയപ്പെടാനാകാതെ പോയൊരു പ്രതിഭയെ. അല്ലിയാമ്പൽ പുഴയിൽ എന്ന ഗാനം ആ മധ്യവയസ്ക്‌കൻ മനോഹരമായി ആലപിച്ചു. ശേഷം എസ്.ഐ താൻ റെക്കോർഡ് ചെയ്‌ത വീഡിയോ ഇയാളെ കാണിക്കുന്നതും ഗായകൻ എസ്.ഐക്ക് സല്യൂട്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.
അനന്തപദ്‌മനാഭൻ ചിന്നപ്പാറ എന്നയാളാണ് ഗായകനെന്നാണ് കമൻ്റ് ബോക്സിലെ അടിമാലിക്കാർ പറയുന്നത്. സഹജീവികളുടെ പ്രശ്‌നങ്ങളെയും ആഗ്രഹങ്ങളെയും സംയമനത്തോടെ കേൾക്കുന്നവനാണ് യഥാർത്ഥ നിയമപാലകനെന്നും പാട്ട് പാടിയ ആൾക്കും അതിനു സ്നേഹപൂർവ്വം അനുമതി കൊടുത്ത ഉദ്യോഗസ്‌ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട് കമന്റ് ബോക്സ്.

