
അടിമാലി കുരിശുപാറ കല്ലാർവാലി കാർഡമം എസ്റ്റേറ്റിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് തൊഴിലാളികൾക്ക് വടിവാളിന് വെട്ടേറ്റു.രാവിലെ പത്തരയോടെയാണ് സംഭവം. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളെ ലീസിന് എടുത്ത മാനേജ്മെന്റ് ഒന്നരവർഷം മുമ്പ് പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി തൊഴിലാളികൾ ആനുകൂല്യങ്ങൾക്കായി കയറി ഇറങ്ങുകയാണ്. ഗ്രാറ്റുവിറ്റി,ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ചോദിക്കുന്നതിനാണ് കൂട്ടമായി തൊഴിലാളികൾ ഇന്ന് എസ്റ്റേറ്റിൽ എത്തിയത്.
ആന്ധ്ര സ്വദേശികളുടെ മാനേജ്മെന്റ് ഉൾപ്പെട്ട ആളുകളും തൊഴിലാളികൾക്ക് ഒപ്പമുണ്ടായിരുന്നു.എസ്റ്റേറ്റിനുള്ളിൽ കയറിയ തൊഴിലാളികളും കട്ടപ്പന സ്വദേശിയുടെ ജീവനക്കാരുമായി ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.നിരവധി തൊഴിലാളികൾക്കും ആന്ധ്ര സ്വദേശികളായ മാനേജ്മെന്റ് സംഘത്തിനും പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.മറ്റുള്ളവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം ഉണ്ടായ സമയത്ത് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് അടിമാലി പോലീസ് എത്തി രണ്ടുപേരെ പിടികൂടി. കഴിഞ്ഞ ഒന്നര വർഷമായി 60 ഓളം വരുന്ന തൊഴിലാളികൾക്ക് ജോലി ഇല്ലാത്ത അവസ്ഥയായിരുന്നു. ആന്ധ്ര പ്രദേശത്ത് സ്വദേശികളായ എസ്റ്റേറ്റ് ഉടമസ്ഥരും, എസ്റ്റേറ്റ് ലീസിന് എടുത്ത കട്ടപ്പന സ്വദേശികളും തമ്മിലുള്ള കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.

