കൊണ്ടോട്ടിയിൽ സ്വകാര്യബസ് ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവർ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. പിന്നിൽ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
ബസ് ജീവനക്കാർ പറയുന്നതിങ്ങനെ: "പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 സ്ത്രീകൾ ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനം സമയമെടുത്താണ് ഇറങ്ങിയത്. ഇതിനിടെ, പിറകിൽനിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു ബസ് മുന്നോട്ടെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. സ്ത്രീകൾ ഇറങ്ങിയ ശേഷം ബസ്സെടുത്തപ്പോൾ, മുൻപോട്ടു വന്ന ഓട്ടോറിക്ഷ ബസിനു തടസ്സമുണ്ടാക്കുന്ന രീതിയിലാണ് ആദ്യം ഓടിച്ചത്.
പിന്നീട് ഓട്ടോയിൽനിന്നു വടിവാൾ പുറത്തേക്കിട്ടു വീശിക്കാണിച്ചു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംക്‌ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്‌ഡ് പോസ്‌റ്റിലെത്തി പൊലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്. ഇന്നു പൊലീസിൽ വിശദമായ മൊഴി നൽകി.





