
കോതമംഗലത്ത് ബസ് തൊഴിലാളികളുടെ പിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം-തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന പ്രജേഷ് ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികൾ പണിമുടക്കി പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രജേഷ് ബസിൻ്റെ ട്രിപ്പ് മുടക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്‌ത വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി സ്വീകരിയ്ക്കണമെന്നായിരുന്നു ബസ് ജീവനക്കാരുടെ ആവശ്യം
ഇന്നലെ വൈകിട്ട് 4.30 ന് കോതമംഗലത്തുനിന്നും തൊടുപുഴയ്ക്ക് പോകവെ മൂവാറ്റുപുഴ പി ഒ സി കവലയിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിനിയെ പ്രജേഷ് ബസ് ജീവനക്കാർ നിർബന്ധിച്ച് ഇറക്കിവിട്ടതായി ആരോപണം ഉയർന്നിരുന്നു. ഇതാണ് ഇന്ന് പ്രതിഷേധങ്ങൾക്ക് കാരണമായത്. ബസ് തൊഴിലാളികൾ സമരം ആരംഭിച്ചതോടെ യാത്രക്കാർ പെരുവഴിയിലായി.ഇതോടെ പരിഹാര ശ്രമങ്ങളുമായി പോലീസും ജനപ്രതിനിധികളും തെഴിലാളി സംഘടന നേതാക്കളും രംഗത്തെത്തി. പിന്നാലെ ഇടതുപക്ഷ തൊഴിലാളി സംഘടന നേതാക്കൾ പണിമുടക്കിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചു. പണിമുക്കിൽ നിന്നും പിൻമാറിയ തൊഴിലാളികൾ ബസ് സർവ്വീസ് ആരംഭിക്കാൻ ശ്രമം ആരംഭിച്ചതോടെ ഒരു വിഭാഗം തടഞ്ഞു.
പിന്നാലെ പോലീസ് ലാത്തി വീശി പ്രിതിഷേധക്കാരെ വിരട്ടിയോടിച്ചു. 15 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ സർവ്വീസ് നടത്താത്ത ബസുകൾക്കെതിരെ നടപടി ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. വൈകിട്ട് 5 മണിയോടെ കൂടുതൽ ബസുകൾ സർവീസ് ആരംഭിച്ചതോടെ യാത്ര ക്ലശത്തിനും പരിഹാരമായി.