HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സർക്കാർ ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവം: ജീവനക്കാർക്കെതിരെ കൂട്ട നടപടി

താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടിക്ക് നീക്കം

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടിക്ക് നീക്കം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ്‌ ജീവനക്കാർ അടക്കമുള്ളവരെ ഉടൻ സ്ഥലം മാറ്റും. സംഭവത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 


കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ ഏഴ് വയസുകാരൻ്റെ തുടയിലാണ് ഉപയോഗിച്ച സിറിഞ്ച് സൂചി തുളച്ചുകയറിയത്. 14 വർഷം വരെ കുഞ്ഞിന് എച്ച്ഐവി ഉൾപ്പടെഉള്ള പരിശോധനകൾ നടത്തേണ്ട ഗതികേടിലാണിപ്പോൾ കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. കഴിഞ്ഞ മാസം 19ന് കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികൾക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളിൽ തുളച്ച് കയറിയത്. സംഭവം വാർത്തയായതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ അടക്കം കേസെടുത്തിരുന്നു.  


ഏത് രോഗിയെ കുത്തി വെച്ച സൂചിയാണ് കുഞ്ഞിന്റെ തുടയിൽ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് കുഞ്ഞിന് എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകൾ നടത്തി. എന്നാൽ എച്ച്ഐവി പരിശോധന മെഡിക്കൽ കോളേജിൽ നടത്താൻ പറ്റാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടർന്ന് 14 വർഷം വരെ എല്ലാവർഷവും ഈ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA